സംസ്ഥാനത്തു നിന്ന് മക്കയിലെത്തിയത് 4276 പേര്
text_fieldsകൊണ്ടോട്ടി: ഹജ്ജിനായി സംസ്ഥാനത്തെ പുറപ്പെടല്‍ കേന്ദ്രങ്ങളില്‍നിന്ന് ഇതുവരെ മക്കയിലെത്തിയത് 4276 പേര്. പ്രധാന ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമായ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നാണ് കൂടുതല്‍ പേര് പുറപ്പെട്ടത്. 2465 പേരാണ് ഇവിടെനിന്ന് യാത്രയായത്. ഒപ്പം കൊച്ചിയില്‍നിന്നും കണ്ണൂരില്‍നിന്നും ഹജ്ജ് സർവിസുകള്‍ തുടരുകയാണ്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹജ്ജ് തീർഥാടന യാത്ര ഒരാഴ്ച പിന്നിടുമ്പോള്‍ 24 വിമാനങ്ങളിലായാണ് 4276 പേര് മക്കയിലെത്തിയത്. ഇതില്‍ 1454 പേര് പുരുഷന്മാരും 2822 പേര് സ്ത്രീകളുമാണ്. കരിപ്പൂരില്‍നിന്ന് 17, കണ്ണൂരില്‍നിന്ന് നാല്, കൊച്ചിയില്‍നിന്ന് മൂന്നുവീതം വിമാനങ്ങളിലായാണ് തീര്‍ഥാടകര്‍ പുറപ്പെട്ടത്. 7011 തീർഥാടകരാണ് ഇനി പുറപ്പെടാനുള്ളത്. ഇവരില്‍ 4571 പേര് കരിപ്പൂരില്‍നിന്നും 1398 പേര് കണ്ണൂരില്‍നിന്നും 1042 പേര് കൊച്ചിയില്‍ നിന്നും വരുംദിവസങ്ങളില്‍ യാത്ര തിരിക്കും.
കരിപ്പൂരില്‍നിന്ന് ഞായറാഴ്ച രാവിലെ ഒമ്പതിനും വൈകീട്ട് 6.35നും രണ്ട് വിമാനങ്ങളാണ് തീര്‍ഥാടകരുമായി പുറപ്പെടുക. കണ്ണൂരില്‍നിന്ന് പുലര്‍ച്ച 1.45ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ മുഴുവൻ സ്ത്രീ തീർഥാടകരായിരുന്നു. കണ്ണൂരില്‍നിന്ന് അടുത്ത ദിവസങ്ങളിലെ രണ്ട് വിമാനങ്ങള്‍ കൂടി സ്ത്രീകള്‍ക്ക് മാത്രമായി സർവിസ് നടത്തും. കൊച്ചിയില്‍നിന്ന് ഞായറാഴ്ച വിമാന സർവിസ് ഇല്ല. തിങ്കളാഴ്ച കൊച്ചിയില്‍നിന്ന് രാവിലെ 11.30ന് പുറപ്പെടുന്ന വിമാനത്തില്‍ കേരളത്തില്‍നിന്നുള്ള 246 തീർഥാടകര്‍ക്ക് പുറമെ ലക്ഷദ്വീപില്‍നിന്നുള്ള 164, തമിഴ്നാട്ടില്‍നിന്നുള്ള മൂന്ന് തീർഥാടകർ കൂടി യാത്രയാകും. കരിപ്പൂരില്‍നിന്ന് തിങ്കളാഴ്ചയിലെ രണ്ട് വിമാനങ്ങളും ജൂണ്‍ 17ലെ ആദ്യ വിമാനവും കൂടി സ്ത്രീകള്‍ക്ക് മാത്രമായാണ് സർവിസ് നടത്തുക.
അധിക സര്‍വിസുകള്‍ അനുവദിച്ചേക്കും
കൊണ്ടോട്ടി: കൂടുതല്‍ ഹജ്ജ് തീര്‍ഥാടകരുള്ള കേരളത്തിന് അധിക വിമാന സര്‍വിസുകള്‍ അനുവദിക്കാനുള്ള നീക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് ഹജ്ജ് കമ്മിറ്റി വൃത്തങ്ങള്‍ വ്യക്തമാക്കി. കരിപ്പൂരില്‍നിന്ന് അഞ്ച്, കണ്ണൂരില്‍നിന്ന് ഒന്നുവീതം വിമാനങ്ങളായിരിക്കും അനുവദിക്കുക.
ഇന്ത്യൻ ഹാജിമാർ താമസിക്കുന്ന കെട്ടിടത്തിൽ തീ
മക്ക: അസീസിയയിലെ ത്വയ്ബ റോഡിൽ ഇന്ത്യൻ ഹാജിമാർ താമസിക്കുന്ന ഇന്ത്യൻ ഹജ്ജ് മിഷൻ 239ാം നമ്പർ കെട്ടിടത്തിൽ ചെറിയ തോതിൽ തീപിടിത്തമുണ്ടായി. ശനിയാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് കാരണം. സംഭവം ശ്രദ്ധയിൽപെട്ടവർ ഉടൻ തന്നെ വിവരം അറിയിച്ചതിനെ തുടർന്ന് സൗദി ഫയർ ഫോഴ്സ് ടീം സ്ഥലത്തെത്തി ഹാജിമാരെ മുഴുവൻ കെട്ടിടത്തിൽനിന്ന് ഒഴിപ്പിക്കുകയും തീയണക്കുകയും ചെയ്തു. സന്നദ്ധ പ്രവർത്തകരും സ്ഥലത്ത് സേവനനിരതരായിരുന്നു. രാജസ്ഥാൻ സ്വദേശികളായ ഹാജിമാരായിരുന്നു കെട്ടിടത്തിൽ താമസിച്ചിരുന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.