മണ്‍റോതുരുത്ത് കണ്ണങ്കാട് പാലം ഭൂമി ഏറ്റെടുക്കലിന് 4.33 കോടി കൈമാറി
text_fieldsകുണ്ടറ: കൊല്ലം, കുന്നത്തൂര്‍ താലൂക്കുകളെ ബന്ധിപ്പിക്കുന്ന മൺറോതുരുത്ത് പാലത്തിന്റെ നിർമാണത്തിന് 4.33 കോടി രൂപ കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് അധികൃതർ കലക്ടര്‍ക്ക് കൈമാറി. ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള കാര്യങ്ങൾക്കാണ് പണം കൈമാറിയത്. 150 മീറ്റര്‍ നീളത്തില്‍ 15 മീറ്റര്‍ വീതിയില്‍ അഞ്ച് സ്പാനുകളോടെ മണ്‍റോ സൈഡിലെ അപ്രോച്ച് റോഡും ചേര്‍ത്ത് ടി ആകൃതിയിലാണ് 24.21 കോടി രൂപ െചലവിൽ പാലം നിർമിക്കുന്നത്. മണ്‍റോ സൈഡില്‍ 33 ഭൂവുടമകളില്‍ നിന്ന് രണ്ട് വീടുകള്‍ ഉള്‍പ്പടെ 590 മീറ്റര്‍ നീളത്തിലാണ് ഭൂമി ഏറ്റെടുക്കുന്നത്. ഇത് കൊന്നയില്‍കടവ് പാലത്തിന്റെ അപ്രോച്ച് റോഡുമായി ബന്ധിപ്പിക്കത്തക്ക രീതിയില്‍ റെയില്‍ ലൈനിന് സമാന്തരമായി പുതു പാത നിർമിക്കും. പടിഞ്ഞാറെ കല്ലട ഭാഗത്ത് ഏഴ് ഭൂവുടമകളില്‍നിന്ന് ഒരു വീട്, രണ്ട് വ്യാപാരസ്ഥാപനങ്ങള്‍ ഉള്‍പ്പടെ 125 മീറ്റര്‍ നീളത്തിലാണ് ഭൂമി ഏറ്റെടുത്ത് അപ്രോച്ച് റോഡ് നിർമിക്കുന്നത്.
ഇരു വില്ലേജുകളിലുമായി 0.5455 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതിന് ആര്.ആര് പാക്കേജിനായാണ് തുക നിര്‍വഹണ ഏജന്‍സി സര്‍ക്കാറിനുവേണ്ടി ജില്ല കലക്ടര്‍ക്ക് കൈമാറിയത്. ഭൂമി ഏറ്റെടുത്തുകഴിഞ്ഞാൽ സങ്കേതികാനുമതിയും ടെൻഡര്‍ നടപടികളും മാത്രമാണ് അവശേഷിക്കുന്നത്. മണ്‍റോതുരുത്തിന്റെ ഗതാഗതവികസനത്തില്‍ വന്‍ കുതിച്ചുചാട്ടത്തിന് കാരണമാകുന്നതാണ് പെരുമണ്‍ പാലം. ഒപ്പം നിർമാണത്തിലേക്ക് കടക്കുന്ന കൊന്നയില്‍, കണ്ണങ്കാട് പാലങ്ങളും പൂർത്തിയായാൽ മണ്‍റോതുരുത്ത് ടൂറിസം മേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തിന് വലിയ മുതല്‍ക്കൂട്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.