കരിപ്പൂരിൽ 44 കോടിയുടെ മയക്കുമരുന്ന് വേട്ട; കെനിയയിൽ നിന്ന് ലഹരിക്കടത്ത് നടത്തിയത് യു.പി സ്വദേശി
text_fieldsകൊണ്ടോട്ടി: ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ (ഡി.ആര്‍.ഐ) നേതൃത്വത്തില്‍ അടുത്ത കാലത്തെ ഏറ്റവും വലിയ ലഹരിവേട്ട കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്നു. 44 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്നും ഹെറോയിനുമായി ഉത്തര്‍പ്രദേശ് മുസഫര്‍ നഗര്‍ സ്വദേശി രാജീവ് കുമാറിനെയാണ് (27) വിമാനത്താവളത്തില്‍നിന്ന് കോഴിക്കോട്ടുനിന്നെത്തിയ ഡി.ആര്‍.ഐ സംഘം തിങ്കളാഴ്ച പുലർച്ച പിടികൂടിയത്. രാജീവിനെ മഞ്ചേരി നാര്‍കോട്ടിക് കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തു.
തുടരന്വേഷണത്തിന് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങുകയാണ് അന്വേഷണ സംഘം. സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിനൊപ്പം കരിപ്പൂര്‍ വഴിയുള്ള മയക്കുമരുന്ന് വ്യാപാരത്തിന്റെ വിവരങ്ങളും ഉദ്യോഗസ്ഥര്‍ അന്വേഷിച്ചുവരുകയാണ്. കരിപ്പൂര്‍ വഴി ലഹരി ഉൽപന്നങ്ങള്‍ മുംബൈയിലേക്ക് കടത്താനായിരുന്നു രാജീവ് കുമാറിന്റെ ശ്രമമെന്ന് സൂചനയുണ്ട്. ഈ ദിശയിലാണ് അന്വേഷണം നടക്കുന്നത്. ഓണാവധി കണക്കിലെടുത്ത് അധിക പരിശോധനകള്‍ ഉണ്ടാകില്ലെന്ന ധാരണയില്‍ കള്ളക്കടത്തുസംഘം കരിപ്പൂര്‍ കേന്ദ്രീകരിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി ജാഗ്രതയിലായിരുന്നു ഉദ്യോഗസ്ഥസംഘം. പിടിയിലായ യുവാവില്‍നിന്ന് ലഹരിക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന.
എയര്‍ അറേബ്യ വിമാനത്തില്‍ കെനിയയിലെ നെയ്‌റോബിയില്‍നിന്ന് ഷാര്‍ജ വഴിയാണ് രാജീവ് കുമാര്‍ കരിപ്പൂരിലെത്തിയത്. ബാഗേജിനുള്ളില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 3490.49 ഗ്രാം കൊെക്കയ്നും 1296.2 ഗ്രാം ഹെറോയിനുമാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ബാഗുകളിലുണ്ടായിരുന്ന ഷൂസുകളുടെയും ഹാന്‍ഡ് പഴ്സുകളുടെയും ഹാന്‍ഡ് ബാഗുകളുടെയും പിക്ചര്‍ ബോര്‍ഡുകളുടെയും ഫോള്‍ഡര്‍ ഫയലുകളുടെയും ഉള്ളില്‍ അതിവിദഗ്ധമായി ഒളിപ്പിച്ചാണ് മയക്കുമരുന്നുകള്‍ കടത്താന്‍ ശ്രമിച്ചത്. കേസുമായി ബന്ധപ്പെട്ട് ഉഗാണ്ടയിൽ താമസിക്കുന്ന യു.പി സ്വദേശിയെക്കുറിച്ച് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളാണ് ലഹരിവസ്തുക്കൾ കൊടുത്തയച്ചത്. ഈ മാസം രണ്ടാം വാരമാണ് രാജീവ് കുമാർ നാഗ്പുരിൽനിന്ന് കെനിയയിലേക്ക് പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.