മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ 45 പേർ; പരാതികളിൽ നടപടിയില്ല
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ കൈകാര്യം ചെയ്യാൻ 45 പേർ. പക്ഷേ, പരാതികളിൽ എന്തു നടപടി സ്വീകരിച്ചെന്ന ചോദ്യത്തിനുപോലും മറുപടിയില്ല. സെല്ലിലേക്ക് ഓൺലൈനിൽ ലഭിക്കുന്ന പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുന്ന ഓഫിസായി മാത്രം ഇത് മാറിയെന്നാണ് ആക്ഷേപം. ലഭിക്കുന്ന പരാതികൾ വിവിധ വകുപ്പുകളിലേക്ക് കൈമാറാൻ വേണ്ടി മാത്രം 45 ജീവനക്കാരുടെ ആവശ്യമുണ്ടോയെന്ന ചോദ്യവും ഉയരുന്നു.
ഒന്നാം പിണറായി സർക്കാർ അധികാരമേറ്റപ്പോൾ സെല്ലിൽ 11 ജീവനക്കാർ മാത്രമായിരുന്നു. അതാണ് ഇപ്പോൾ 45 ആയി ഉയർന്നത്. ഓഫിസ് അറ്റൻഡന്റ് സ്ഥിരം-അഞ്ച്, താൽക്കാലികം-രണ്ട്, കമ്പ്യൂട്ടർ അസിസ്റ്റന്റ് സ്ഥിരം-ഒന്ന്, വർക്കിങ് അറേഞ്ച്മെന്റ് -11, ക്ലറിക്കൽ അസിസ്റ്റന്റ് സ്ഥിരം -ഒന്ന്, എൽ.ഡി ക്ലർക്ക് താൽക്കാലികം- നാല്, അസിസ്റ്റന്റ് സ്ഥിരം-ഒമ്പത്, വർക്കിങ് അറേഞ്ച്മെന്റ്-രണ്ട്, സൂപ്പർ ന്യൂമറി-മൂന്ന്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് സ്ഥിരം-ഒന്ന്, സെക്ഷൻ ഓഫിസർമാർ -അഞ്ച്, ജോയന്റ് സെക്രട്ടറി-ഒന്ന് എന്നിങ്ങനെയാണ് സെല്ലിലെ ജീവനക്കാരുടെ എണ്ണമെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ പറയുന്നു.
2016 മേയ് മുതൽ 2022 ജനുവരി 20 വരെ സെല്ലിൽ ലഭിച്ചത് 3,97,186 പരാതികളാണ്. ഇതിൽ 3,73,331 എണ്ണം തീർപ്പാക്കിയെന്നാണ് വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടർ സെൽ നൽകിയ മറുപടി. ബാക്കിയുള്ള പരാതികളിൽ നടപടി സ്വീകരിച്ചുവരുന്നു. തീർപ്പാക്കിയെന്നാൽ കിട്ടിയതെല്ലാം ബന്ധപ്പെട്ട വകുപ്പിനു കൈമാറി, ഉദ്യോഗസ്ഥർ കൈയും കെട്ടിയിരിക്കുന്നു എന്നാണോ എന്ന ചോദ്യമാണ് പരാതിക്കാരൻ ഉന്നയിക്കുന്നത്.
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ ഫെബ്രുവരി 2020 നാണ് കേന്ദ്രീകൃത പൊതുജന പരാതി പരിഹാരവും നിരീക്ഷണ സംവിധാനവുമായി സംയോജിപ്പിച്ചത്. അന്നു മുതൽ 2022 ജനുവരി 20 വരെ സെല്ലിൽ ലഭിച്ചത് 14,782 പരാതികളാണ്. ഇതിൽ 14,424 തീർപ്പാക്കി. 358 എണ്ണത്തിൽ നടപടി സ്വീകരിച്ചുവരുന്നതായാണ് മറുപടി. സെല്ലിൽ ലഭിക്കുന്ന പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയാലും അവർ അതു സമയബന്ധിതമായി തീർപ്പാക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.