സംസ്ഥാനത്ത് 45 മീറ്റര്‍ വീതിയില്‍ ദേശീയപാത 2025 ല്‍ യാഥാര്‍ഥ്യമാകുമെന്ന് പി.എ മുഹമ്മദ് റിയാസ്
text_fieldsതിരുവന്തപുരം: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ദേശീയപാത 45 മീറ്റര്‍ വീതിയാക്കുക എന്ന മലയാളിയുടെ സ്വപ്നം 2025ല്‍ സഫലമാകുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നവീകരിച്ച നെടുമങ്ങാട് - വട്ടപ്പാറ റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേശവദാസപുരം മുതല്‍ അങ്കമാലി വരെ എം.സി റോഡ് നാല് വരിയായി മാറ്റും. ന്യൂയോര്‍ക്ക് ടൈംസ് തെരഞ്ഞെടുത്ത കണ്ടിരിക്കേണ്ട അമ്പത് സ്ഥലങ്ങളില്‍ ഒന്ന് കേരളമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം-ചെങ്കോട്ട സംസ്ഥാനപാതയെയും എം.സി റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് നെടുമങ്ങാട്-വട്ടപ്പാറ റോഡ്. ഏഴ് കോടി രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്. വാളിക്കോട് നിന്ന് ആരംഭിച്ച് വട്ടപ്പാറയില്‍ അവസാനിക്കുന്ന 6.45 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് ആധുനിക നിലവാരത്തില്‍ ബി.സി ചെയ്താണ് നവീകരിച്ചത്.
റോഡിന് ഇരുവശവും ആവശ്യമായ സ്ഥലങ്ങളില്‍ കോണ്ക്രീറ്റ് ഓടകള്‍, കലിംഗുകള്‍, സംരക്ഷണ ഭിത്തികള്‍ എന്നിവയും നിര്‍മ്മിച്ചിട്ടുണ്ട്. കൂടാതെ റോഡ് സുരക്ഷയ്ക്കാവശ്യമായ മാര്‍ക്കിങ്, സ്റ്റഡ്, സൈന്‍ ബോര്‍ഡ് തുടങ്ങിയവയുമുണ്ട്.
വേങ്കോട് ഗവ. യു.പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ മന്ത്രി ജി.ആര്‍ അനില്‍ അധ്യക്ഷനായി. നെടുമങ്ങാട് ടൗണ്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ ശ്രീജ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ലേഖ റാണി, വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ജയന്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.