അപകടങ്ങൾ തുടർക്കഥ; ആഴക്കടലിൽ പൊലിഞ്ഞത് 453 മത്സ്യത്തൊഴിലാളികൾ
text_fieldsകൊച്ചി: കഴിഞ്ഞ ഒമ്പതുവർഷത്തിനിടെ ആഴക്കടലിൽ കലർന്നത് 453 മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ കണ്ണീർ. 2016 മുതൽ 2024 മേയ് വരെ കാലയളവിൽ 1833 മത്സ്യബന്ധന യാനങ്ങൾ അപകടത്തിൽപെട്ട് 343 മത്സ്യത്തൊഴിലാളികൾക്ക് ജീവൻ നഷ്ടമാകുകയും 110 പേരെ കാണാതാകുകയും ചെയ്തതായാണ് ഫിഷറീസ് വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിനുശേഷവും അപകടങ്ങളുണ്ടായിട്ടുണ്ട്.
മുതലപ്പൊഴിയടക്കം വിവിധയിടങ്ങളിൽ മത്സ്യബന്ധന യാനങ്ങൾ അപകടത്തിൽപെടുന്നത് ആവർത്തിക്കുമ്പോൾ സുരക്ഷ കാര്യത്തിൽ ആശങ്കയിലാണ് മത്സ്യബന്ധന മേഖല. തിരുവനന്തപുരം 320, കൊല്ലം 349, ആലപ്പുഴ 197, എറണാകുളം 389, മലപ്പുറം 125, തൃശൂർ 118, കോഴിക്കോട് 240, കണ്ണൂർ 49, കാസർകോട് 46 എന്നിങ്ങനെയാണ് മത്സ്യബന്ധന അപകടത്തിൽപെട്ട യാനങ്ങളുടെ എണ്ണം.
ഓഖി ചുഴലിക്കാറ്റുണ്ടായ 2017ലാണ് ഏറ്റവുമധികം ആളുകൾ അപകടത്തിൽ മരണപ്പെട്ടതും കാണാതായതും. 80 പേർ മരണപ്പെടുകയും 97 പേരെ കാണാതാകുകയും ചെയ്തു. കടലിൽ അപകടത്തിൽപെട്ട് മരണപ്പെട്ടതും കാണാതായതുമായ മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്ക് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേന ഗ്രൂപ് ഇൻഷുറൻസ് ഇനത്തിൽ 38.27 കോടി തുക അനുവദിച്ചിട്ടുണ്ട്. 2017ലെ ഓഖി ദുരന്തത്തിൽ മത്സ്യബന്ധന യാനങ്ങൾ പൂർണമായും ഭാഗികമായും നഷ്ടപ്പെട്ട 485 പേർക്ക് 2018-19 കാലഘട്ടത്തിൽ 7.38 കോടി രൂപ നഷ്ടപരിഹാരം നൽകിയിട്ടുണ്ട്. മത്സ്യബന്ധന യാനങ്ങൾ അപകടത്തിൽപെട്ടതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 17.95 കോടി രൂപയും സ്റ്റേറ്റ് ഡിസാസ്റ്റർ റിലീഫ് ഫണ്ടിൽനിന്ന് 2.22 കോടിയും ഇൻഷുറൻസ് തുകയായി 63.06 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. കൂടുതൽപേർക്കുള്ള നഷ്ടപരിഹാരത്തിനായി ഫിഷറീസ് ഡയറക്ടർ ശിപാർശ സമർപ്പിച്ചിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.