46 സാമ്പ്ൾ ഫലവും നെഗറ്റിവ്; നിപ വന്നവഴി അജ്ഞാതം
text_fieldsതിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ റിപ്പോർട്ട് ചെയ്ത നിപയുടെ ഉറവിടം കണ്ടെത്താൻ മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ച 46 സാമ്പിളിന്റെയും ഫലം നെഗറ്റിവ്. മരുതോങ്കര പഞ്ചായത്തിലെ വിവിധയിടങ്ങളിൽനിന്ന് ശേഖരിച്ച വളർത്തുമൃഗങ്ങളുടേതടക്കം സാമ്പിളാണ് ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി അനിമൽ ഡിസീസിൽ പരിശോധിച്ചത്.
ഇതോടെ രോഗംബാധിച്ച് മരിച്ചവർക്ക് എവിടെനിന്ന് വൈറസ് ബാധയുണ്ടായി എന്ന് ശാസ്ത്രീയമായി തെളിയിക്കാൻ ആയില്ല. 2018 മുതൽ നാലു വ്യാപനങ്ങളിലായി 31 നിപ കേസുണ്ടായി ആരോഗ്യപ്രവർത്തകരുടേതടക്കം 24 ജീവൻ നഷ്ടമായിട്ടും ഉറവിടം അജ്ഞാതമായി തുടരുന്നതിൽ ആരോഗ്യവകുപ്പും ത്രിശങ്കുവിലാണ്. നിപ ആശങ്ക ഒഴിഞ്ഞെന്ന് പറയുമ്പോഴും ഉറവിടം അജ്ഞാതമായത് വെല്ലുവിളിയാണ്. നിപ ഉറവിടം കണ്ടെത്താൻ ആരോഗ്യ- മൃഗസംരക്ഷണ വകുപ്പുകൾക്ക് കഴിയാഞ്ഞതോടെ തുടർച്ചയായ രോഗ നിരീക്ഷണത്തിന് മൃഗസംരക്ഷണ വകുപ്പ് തയാറെടുക്കുകയാണ്.
വിവിധ വകുപ്പുകളുമായി യോജിച്ച് ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ‘സർവൈലൻസ് സ്റ്റഡി’ക്ക് മൃഗസംരക്ഷണ വകുപ്പ് സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു. വൈകാതെ തീരുമാനം ഉണ്ടാകും. ആരോഗ്യം, മൃഗസംരക്ഷണം, വനം, കൃഷി, തദ്ദേശഭരണ വകുപ്പുകൾ സംയുക്തമായാണ് തുടർപഠനത്തിന് തയാറെടുക്കുന്നത്. നിപ ഏറ്റവും ഒടുവിൽ റിപ്പോർട്ട്ചെയ്ത മരുതോങ്കര പഞ്ചായത്തിൽ, പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിലെ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫിസർ ഡോ. ഷീല സാലിയുടെ നേതൃത്വത്തിലെ സംഘമാണ് സാമ്പ്ൾ ശേഖരിച്ചത്.
വവ്വാലുകൾ, നായ്, പൂച്ച, പശു, ആട്, അണ്ണാൻ, വളർത്തുപക്ഷികൾ തുടങ്ങി 46 ജീവികളുടെ സാമ്പിളാണ് ഭോപാലിലേക്ക് അയച്ചത്. മരുതോങ്കരയോടു ചേർന്ന കൃഷിയിടത്തിൽ വവ്വാലുകൾക്ക് അനുകൂല ആവാസവ്യവസ്ഥയുള്ള പ്രദേശമുണ്ടെന്നും അവിടെ തുടർച്ചയായ രോഗനിരീക്ഷണം വേണമെന്നും നിർദേശം ഉയർന്നിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലുള്ള ‘സർവൈലൻസ് സ്റ്റഡി’ക്കും മൃഗസംരക്ഷണവകുപ്പ് പദ്ധതി തയാറാക്കി.
പുതിയ രോഗങ്ങൾ വന്നുപോകുന്നതോടെ, അവസാനിപ്പിക്കാതെ രോഗനിരീഷണം തുടർച്ചയായി നടക്കണമെന്നാണ് പൊതുജനാരോഗ്യ പ്രവർത്തകരും നിർദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.