ഒരുവശത്ത് 48,804 കോടിയുടെ മദ്യക്കച്ചവടം; മറുഭാഗത്ത് 56 കോടിയുടെ വിമുക്തി പദ്ധതി
text_fieldsകൊച്ചി: ഒരുഭാഗത്ത് വൻ മദ്യവിൽപന നടത്തുന്ന സർക്കാർ മറുവശത്ത് ലഹരി വർജനത്തിനായുള്ള വിമുക്തി പദ്ധതിക്ക് ചെലവിട്ടതാകട്ടെ 56.36 കോടി രൂപ. പദ്ധതി ആരംഭിച്ച 2016 മുതൽ ഇതുവരെയുള്ള കണക്കാണിത്. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് വൻതുക ചെലവിട്ടും മദ്യവിൽപനയിലൂടെ കോടികൾ സ്വരൂപിച്ചും മദ്യശാലകളുടെ എണ്ണം വർധിപ്പിച്ചുമുള്ള പ്രവർത്തനങ്ങളിലെ വൈരുധ്യത്തിൽ വിമർശനങ്ങൾ ശക്തമാണ്.
മദ്യനിരോധനമല്ല, മദ്യാസക്തി കുറച്ചുകൊണ്ടുള്ള മദ്യവർജനമാണ് ലക്ഷ്യമിടുന്നതെന്നായിരുന്നു സർക്കാർ വ്യക്തമാക്കിയിരുന്നത്. വിമുക്തി പദ്ധതിയിലൂടെ 1,25,619 പേർ ചികിത്സ തേടിയിട്ടുണ്ടെന്ന് കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടിയിൽ എക്സൈസ് വകുപ്പ് വ്യക്തമാക്കുന്നു.
2024-25 വർഷത്തിൽ വിമുക്തി ഡീഅഡിക്ഷൻ സെന്ററിലെ ജീവനക്കാരുടെയും വിമുക്തി കോഓഡിനേറ്റർമാരുടെയും മേഖല കൗൺസിലർമാരുടെയും വേതന ഇനത്തിലും ഡീ അഡിക്ഷൻ സെന്ററിലെ മരുന്ന് വാങ്ങുന്നതിനും ഇലക്ട്രിസിറ്റി ചാർജ്, വാട്ടർ ചാർജ്, മറ്റ് ഇനങ്ങൾ, വിമുക്തി മാനേജർമാരുടെ ശമ്പളം എന്നീ ഇനങ്ങളിലായി ഭരണാനുമതി ലഭിച്ച 7.79 കോടിയിൽനിന്ന് കഴിഞ്ഞ ജൂലൈയിൽ 48.40 ലക്ഷം ചെലവായിട്ടുണ്ട്.
48804.72 കോടിയുടെ വിദേശമദ്യമാണ് കഴിഞ്ഞ മേയ് വരെയുള്ള മൂന്നുവർഷത്തിനിടെ മാത്രം കേരളത്തിൽ വിറ്റഴിഞ്ഞതെന്ന് ബെവ്കോ വ്യക്തമാക്കിയിരുന്നു. 4667.06 കോടിയുടെ ബിയറും വൈനും വിൽപന നടന്നിട്ടുണ്ട്. മൂന്ന് വർഷംകൊണ്ട് വിറ്റഴിച്ചത് 7274.40 ലക്ഷം ലിറ്റർ വിദേശമദ്യമാണ്.
2920.70 ലക്ഷം ലിറ്റർ ബിയറും 42.70 ലക്ഷം ലിറ്റർ വൈനും വിറ്റിട്ടുണ്ട്. മൂന്ന് വർഷംകൊണ്ട് മദ്യപരിൽനിന്ന് നികുതിയായി സർക്കാറിലെത്തിയത് 40,305.95 കോടിയാണ്.
വിമുക്തി പദ്ധതിക്ക് ചെലവഴിച്ച തുക (കോടിയിൽ)
016-17, 5.91
2017-18, 2.37
2018- 19, 11.98
2019-20, 8.26
2020-21, 10.59
2021-22, 0.18
2022-23, 6.52
2023-24, 7.98
2024-25 2.51
(ആഗസ്റ്റ് 19 വരെ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.