വന്യജീവി ആക്രമണത്തിൽ പാലക്കാട്ട് അഞ്ചു വർഷത്തിനിടെ ജീവൻ നഷ്‌ടമായത് 49 പേർക്ക്
text_fieldsപാലക്കാട്: മനുഷ്യ-വന്യജീവി സംഘർഷത്തിൽ കലുഷിതമായി ജില്ലയുടെ വനാതിർത്തികൾ. അഞ്ചു വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്‌ടമായത് 49 പേർക്ക്. കാട്ടാനയും പന്നിയും അടക്കമുള്ള മൃഗങ്ങളുടെ ആക്രമണത്തിലാണ് മരണങ്ങൾ സംഭവിച്ചത്. പുതൂർ തേക്കുപ്പനയിൽ രംഗന്റെ മരണമാണ് അവസാനത്തേത്. കശുവണ്ടി ശേഖരിക്കാൻ കാട്ടിലേക്കു പോയതായിരുന്നു ഇയാൾ. വന്യമൃഗ-മനുഷ്യ സംഘർഷം വർധിക്കുമ്പോഴും ഇതിന് തടയിടാൻ കൃത്യമായ പോംവഴികൾ വനംവകുപ്പിന്റെയോ സർക്കാറിന്റെയോ മുന്നിലില്ല. കൃത്യമായ പഠനങ്ങളുടെയും പരിശോധനകളുടെയും അഭാവം ശാസ്ത്രീയ ഇടപെടലുകൾക്കും വെല്ലുവിളിയാണ്. വനാതിർത്തികളിൽനിന്ന് ഉയരുന്ന പ്രതിഷേധം ഇത്തവണ വോട്ടുബാങ്കിലും സ്വാധീനിച്ചേക്കും.
അഞ്ചു വർഷത്തിനിടെ വന്യമൃഗ ആക്രമണത്തിൽ 594 പേർക്ക് പരിക്കേറ്റതായി വനംവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിനു പുറമെ 99 പേർ പാമ്പുകടിയേറ്റും മരിച്ചു. ആക്രമണങ്ങളും മരണങ്ങളും ഉണ്ടാകുമ്പോഴും പോംവഴികളില്ലാതെ വനംവകുപ്പ് നെട്ടോട്ടത്തിലാണ്. ജില്ലയിൽ കല്ലടിക്കോട്, അട്ടപ്പാടി, മണ്ണാർക്കാട്, വടക്കഞ്ചേരി, നെന്മാറ എന്നിങ്ങനെ പ്രധാന കാർഷിക മേഖലകളിലെല്ലാം വന്യമൃഗശല്യം രൂക്ഷമാണ്.
- 2020ൽ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ തീരുമാനം നടപ്പാക്കിയതു മുതൽ 2022 മേയ് വരെ മലപ്പുറം, പാലക്കാട് ജില്ലകൾ ഉൾപ്പെടുന്ന വനംവകുപ്പ് ഈസ്റ്റേൺ സർക്കിളിൽ 1382 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു.
- പത്തു വർഷത്തിനിടെ 8557 പേർ കാട്ടുപന്നിയുൾപ്പെടെയുള്ള വന്യജീവികളുടെ ആക്രമണത്തിനിരയായി.
- ആനകളുടെ ആക്രമണത്തിൽ മലമ്പുഴയുൾപ്പെടെ ജില്ലയിൽ അഞ്ചോളം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
- 2023 ജൂൺ 15ന് അട്ടപ്പാടിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിന് വിധേയനായ യുവാവിന്റെ മൃതശരീരത്തിൽ ആന്തരികാവയവങ്ങൾപോലും ഇല്ലായിരുന്നു.
സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അയച്ച പട്ടികയിൽ പാലക്കാട് ജില്ലയിൽ കാട്ടുപന്നിശല്യം രൂക്ഷമായ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച 28 വില്ലേജുകളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.