നാലാംക്ലാസ് വിദ്യാർഥികൾക്ക് മർദനം: പ്രധാന അധ്യാപികക്കെതിരെ കേസ്
text_fieldsപറവൂർ: നാലാംക്ലാസ് വിദ്യാർഥികളെ പ്രധാന അധ്യാപിക കൈകൊണ്ട് മർദിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കുഞ്ഞിത്തൈ ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ പ്രധാന അധ്യാപിക മതിലകം സ്വദേശിനി ഐഡ ലോപ്പസിനെതിരെയാണ് കേസെടുത്തത്. വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആളംതുരുത്ത് അഴിക്കകത്ത് വീട്ടിൽ ഷുക്കൂറിന്‍റെ മകൻ അൽഹാൻ, ആളംതുരുത്ത് കൈതക്കൽ സമദിന്‍റെ മകൻ സൽമാൻ, മാച്ചാംതുരുത്ത് തരൂപീടികയിൽ ശിഹാബിന്‍റെ മകൻ ഉമറുൽ ഫാറൂഖ് എന്നിവരെ മർദിച്ചതായാണ് രക്ഷിതാക്കൾ വടക്കേക്കര പൊലീസിൽ പരാതി നൽകിയത്.
പരാതിക്കാരെയും സ്കൂൾ മാനേജ്മെന്‍റ് പ്രതിനിധികളെയും പ്രധാന അധ്യാപികയെയും തിങ്കളാഴ്ച സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. കേസെടുക്കണമെന്ന നിലപാടിൽ രക്ഷിതാക്കൾ ഉറച്ചുനിന്നു. സ്കൂളിലെ മുകൾ നിലയിൽനിന്ന് കുട്ടികൾ താഴേക്ക് തുപ്പിയതിൽ പ്രകോപിതയായി പ്രധാനാധ്യാപിക പിടലിക്കും കൈക്കും കൈകൊണ്ട് അടിക്കുകയും വംശീയ ആക്ഷേപം നടത്തുകയും ചെയ്തതായി രക്ഷിതാക്കൾ പരാതിപ്പെട്ടു.
സൽമാൻ, ഉമറുൽ ഫാറൂഖ് എന്നിവരുടെ മുഖത്തടിച്ചെന്നും രക്ഷിതാക്കൾ പറഞ്ഞു. ഇവരെക്കുറിച്ച് വേറെയും പരാതികളുണ്ട്. പ്രധാനാധ്യാപിക തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ എന്ന നിലപാടിലാണ് സ്കൂൾ മാനേജ്മെന്‍റ്. രക്ഷിതാക്കൾ ബാലാവകാശ കമീഷനിലും പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.