ക്രിസ്ത്യൻ പള്ളിക്ക് 5.53 ഹെക്ടർ നൽകിയത് ഹൈകോടതി റദ്ദാക്കി
text_fieldsകൊച്ചി: വയനാട് മാനന്തവാടി കല്ലോടി സെന്റ് ജോർജ് ഫൊറോന പള്ളിയുടെ കൈവശമുള്ള സർക്കാർ ഭൂമിക്ക് പട്ടയം അനുവദിച്ച സർക്കാർ നടപടി ഹൈകോടതി റദ്ദാക്കി. സർക്കാർ ഭൂമി പതിച്ചു നൽകേണ്ടത് വൻ ശക്തികളായ സമ്പന്നർക്കല്ലെന്നും ഭൂരഹിതർക്കാണെന്നും നിരീക്ഷിച്ചാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. പള്ളി കൈവശംവെച്ചിരിക്കുന്ന 5.5358 ഹെക്ടർ ഭൂമിക്ക് പട്ടയം നൽകുന്നത് ചോദ്യംചെയ്ത് സാമൂഹികപ്രവർത്തകരും ഭൂരഹിതരുമായ ആദിവാസികളും നൽകിയ ഹരജിയിലാണ് ഉത്തരവ്.
3.04 കോടി രൂപ വില നിശ്ചയിച്ച ഭൂമിയാണ് ഏക്കറിന് വെറും 100 രൂപക്ക് പള്ളിക്ക് നൽകാൻ 2015ൽ സർക്കാർ തീരുമാനിച്ചത്. 1955 മുതൽ പള്ളി കൈവശം വെച്ചിരിക്കുന്ന സ്ഥലമാണെന്നും അവിടെ എൽ.പി സ്കൂൾ മുതൽ ഹയർ സെക്കൻഡറി സ്കൂൾ വരെയുള്ളതാണെന്നുമായിരുന്നു സർക്കാറിന്റെ വിശദീകരണം. 1971നുമുമ്പ് കൈയേറിയ ഭൂമിയായതിനാൽ പട്ടയം നൽകുന്നതിൽ തടസ്സമില്ല. പട്ടികവിഭാഗക്കാരുടെ ഭൂമി കൈയേറിയിട്ടില്ല. മതസ്ഥാപനങ്ങൾ കൈവശം വെച്ചിരിക്കുന്ന ഭൂമി പതിച്ചുനൽകുന്നതിൽ തടസ്സമില്ലെന്നും വ്യക്തമാക്കി. 1952ൽ മലബാർ കലക്ടർ ഭൂമിക്ക് പട്ടയം നൽകാൻ നിർദേശിച്ചതാണെങ്കിലും ഏക്കറിന് 100 രൂപ നൽകാനില്ലാത്തതിനാലാണ് അത് നടക്കാതെ പോയതെന്നും പള്ളി ഭാരവാഹികൾ വിശദീകരിച്ചു. 3000ലധികം അംഗങ്ങൾ പള്ളിയിലും ആയിരക്കണക്കിന് കുട്ടികൾ സ്കൂളിലുമുണ്ടെന്നും ബോധിപ്പിച്ചു.
എന്നാൽ, സർക്കാർ ഭൂമി കൈയേറി അതിൽ നിയമവിരുദ്ധമായി പള്ളിയും സ്കൂളുമൊക്കെ നിർമിക്കുന്നുണ്ട് എന്നത് വസ്തുതയാണെന്ന് കോടതി വിലയിരുത്തി. ഇത്തരം കൈയേറ്റങ്ങൾ പൊതുതാൽപര്യത്തിന്റെ പേരിൽ പതിച്ചു നൽകാനാവില്ല.
ഭൂരഹിതരായ ആയിരക്കണക്കിന് ആദിവാസികൾ ഒരുതുണ്ട് ഭൂമിക്കായി അപേക്ഷ നൽകി കാത്തിരിക്കുമ്പോൾ ഇത്തരത്തിൽ ഭൂമി പതിച്ചുനൽകുന്നത് നിഷ്കളങ്കരായ ആദിവാസികളുടെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കുന്നതിന് തുല്യമാണ്. സർക്കാർ ഭൂമി ഇത്തരത്തിൽ പതിച്ചുനൽകുന്നത് ആദിവാസികളുടെ ഭരണഘടനാവകാശങ്ങളുടെ ലംഘനമാണെന്നും കോടതി വിലയിരുത്തി.
അതേസമയം, വിപണിവില നൽകിയാൽ ഭൂമി പള്ളിക്ക് നൽകാമെന്നും ഈ തുക പൂർണമായും വയനാട്ടിലെ ആദിവാസികളുടെ ക്ഷേമത്തിന് ഉപയോഗിക്കണമെന്നും കോടതി നിർദേശിച്ചു. രണ്ടുമാസത്തിനകം ഭൂമിയുടെ വിപണി വില നിശ്ചയിക്കണം. തുടർന്ന് ഒരുമാസത്തിനകം പള്ളിക്ക് സ്ഥലം ആവശ്യമുണ്ടോയെന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാക്കണം.
ഭൂമി വാങ്ങാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ മൂന്നു മാസത്തിന് ശേഷം കൈയേറ്റം ഒഴിപ്പിച്ച് അർഹർക്ക് വിതരണം ചെയ്യണമെന്നും നിർദേശിച്ചു.
ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ സംബന്ധിച്ച് എട്ടുമാസത്തിനകം സർക്കാർ ഹൈകോടതി രജിസ്ട്രാർക്ക് റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.