കണ്ണൂർ വാഹനാപകടം മകനെ ഹോസ്റ്റലിൽ ചേർത്ത് മടങ്ങുന്നതിനിടെ; അഞ്ചുപേരുടെ മൃതദേഹവും പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി
text_fieldsകണ്ണൂർ: കണ്ണപുരം പുന്നച്ചേരിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാർഡ്രൈവറും ഒരുകുടുംബത്തിലെ നാലുപേരുമാണ് മരിച്ചത്. പുന്നച്ചേരി പെട്രോൾ പമ്പിന് സമീപം ഇന്നലെ രാത്രി 10.15ഓടെയാണ് അപകടം.
വണ്ടിയോടിച്ച കാസർകോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തിൽ കെ.എൻ പത്മകുമാർ (59), യാത്രക്കാരായ കാസർകോട് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കാട്ട് സുധാകരൻ (52), സുധാകരന്റെ ഭാര്യ അജിത (35), ഭാര്യാപിതാവ് പുത്തൂർ കൊഴുമ്മൽ കൃഷ്ണൻ (65), അജിതയുടെ സഹോദരൻ അജിത്തിന്റെ മകൻ ആകാശ് (9) എന്നിവരാണ് മരിച്ചത്. മകൻ സൗരവിനെ കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനത്തിൽ സി.എക്ക് ചേർത്ത് ഹോസ്റ്റലിലാക്കി വരികയായിരുന്നു സുധാകരനും കുടുംബവും.
കണ്ണൂർ ഭാഗത്തുനിന്ന് പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിരെ വന്ന ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. കാറിൽ പിന്നിലുണ്ടായിരുന്ന ലോറി ഇടിച്ച് നിയന്ത്രണംവിട്ട് എതിരെ വരികയായിരുന്ന ഗ്യാസ് സിലിണ്ടറുമായി പോകുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. പല തവണ മലക്കം മറിഞ്ഞ കാർ റോഡിന്റെ ഒരു ഭാഗത്തേക്ക് പതിച്ചു. നാട്ടുകാരും അഗ്നനിശമന സേനയും അരമണിക്കൂറോളം പണിപ്പെട്ട് കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുള്ളവരെ പുറത്തെടുത്തത്. കാറിലുണ്ടായ നാലുപേർ തൽക്ഷണം മരിച്ചു. ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടൻ പരിയാരം മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാർ പൂർണമായും തകർന്നു.
അപകടത്തിന് ഇടയാക്കിയ രണ്ട് ലോറികളുടെയും ഡ്രൈവർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.