50 വ്യത്യസ്ത പദ്ധതികൾ; നാട്ടുനടപ്പുകളെ തിരുത്തിയെഴുതി വെള്ളമുണ്ടയിലെ വികസന പരീക്ഷണങ്ങൾ
text_fieldsതെരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങളും ബഹളങ്ങളും സ്ഥാനാർഥി വിജയിക്കുന്നതോടെ വോട്ടർമാർ പതിയെ ഓർമയിൽനിന്ന് മായ്ച്ചു കളയലാണ് പൊതുവെയുള്ള നാട്ടുനടപ്പ്. വിജയിക്കുന്നവരിൽ ചുരുക്കം ചിലരെ മാറ്റി നിർത്തിയാൽ ജനപ്രതിനിധികളെ വോട്ടർമാർക്ക് കാണാൻ പലപ്പോഴും അവസരം ലഭിക്കുന്നത് നാട്ടിലെ പ്രധാന ചടങ്ങുകൾക്കായിരിക്കും.
ഈ നാട്ടുനടപ്പുകളെയെല്ലാം അപ്പാടെ തിരുത്തിയെഴുതുകയാണ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വെള്ളമുണ്ട ഡിവിഷൻ അംഗവുമായ ജുനൈദ് കൈപ്പാണി. ജനപ്രതിനിധി എന്ന നിലയിൽ വികസന പ്രവർത്തനങ്ങളിലും പൊതുപ്രവർത്തന രംഗത്തും വൈവിധ്യവും നവീനവുമായ ശൈലിയും സമീപനവും രാജ്യത്തെ പ്രാദേശിക സർക്കാർ സംവിധാനത്തിൽ തന്നെ ശ്രദ്ധേയ മാതൃകയാണ്.
ജുനൈദ് കൈപ്പാണി നടപ്പാക്കുന്ന വേറിട്ട പദ്ധതികൾ ഇതിനകം ഏറെ ചർച്ചയായിക്കഴിഞ്ഞു. ദേശീയ-അന്തർദേശീയ മാധ്യമങ്ങളിലടക്കം ഇടം പിടിച്ചതും പ്രമുഖ ഇംഗ്ലീഷ് മാഗസിനുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടതുമായ പഞ്ചായത്ത് ടോക്ക് സീരീസ് ഉൾപ്പെടെ 50 വ്യത്യസ്ത പദ്ധതികൾ ഒരു ജനപ്രതിനിധിയുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിനൊപ്പം അദ്ദേഹം നടപ്പാക്കിക്കൊണ്ടിരിക്കുന്നു.
ജനം ഹാപ്പിയാവണം
പൗരന്മാരുടെ സന്തോഷം നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മാനസികാരോഗ്യ പരിപാടി 'ഹാപ്പിനസ് വോയ്സ്' (സന്തോഷ സ്വരം) വിദഗ്ധ മനഃശാസ്ത്രജ്ഞരുടെയും കൗൺസിലർമാരുടെയും സഹായത്തോടെയാണ് ഡിവിഷനിൽ നടപ്പാക്കുന്നത്. ശരിയായ വികസനം സാമ്പത്തികവും ഭൗതികവുമായ പരിഗണനക്കപ്പുറം ജനങ്ങളുടെ സൗഖ്യവും സന്തോഷവും കൂടി കണക്കിലെടുത്താണ് വിലയിരുത്തേണ്ടതെന്ന കാഴ്ചപ്പാടിൽനിന്നാണ് 2022ലെ ലോക സന്തോഷ ദിനത്തിൽ ഈ ആശയത്തിന് രൂപം കൊടുത്തതെന്ന് ജുനൈദ് പറയുന്നു.
അധികാര വികേന്ദ്രീകരണത്തിന്റെയും പ്രാദേശിക ഭരണനിർവഹണത്തിന്റെയും കേരളീയ അനുഭവങ്ങൾ പുതിയ കാലവുമായി ചേർത്തുകൊണ്ട് സമഗ്രമായി മനസ്സിലാക്കാൻ പറ്റുന്നവിധം ലളിതമായി വിവരിക്കുന്ന യൂ ട്യൂബ് വിഡിയോ സീരീസാണ് പഞ്ചായത്ത് ടോക്.
ജില്ലാ പഞ്ചായത്ത് ഡിവിഷൻതല ആസ്ഥാനത്ത് പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തേതും നിലവിൽ ഏകവുമായ കേന്ദ്രീകൃത ഓഫിസ് സംവിധാനമാണ് വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ ഓഫിസ്. പരാതികൾ നേരിട്ട് ജില്ലാ പഞ്ചായത്ത് പ്രതിനിധിയെ അറിയിക്കാനും ത്രിതല സംവിധാനത്തിലെ അപെക്സ് ബോഡിയിൽ ഏതൊക്കെ തരത്തിലുള്ള വികസനമാണ് നടക്കുന്നതെന്ന് മനസ്സിലാക്കാനും സാധിക്കുന്ന രൂപത്തിൽ ക്രമീകരിച്ചിരിക്കുന്ന ഹെൽപ് ഡെസ്ക് സൗകര്യമാണ് ഇവിടെയുള്ളത്.
മധുരം പങ്കിട്ട് വികസനാഘോഷം
വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് 'ന്യൂജെൻ സ്‌റ്റൈൽ' സ്വീകരിച്ച് നടത്തുന്ന വികസന മധുര സംഗമങ്ങളാണ് മറ്റൊന്ന്. ജില്ല പഞ്ചായത്ത് നടപ്പാക്കിയ വികസന നേട്ടങ്ങളുടെ ഗുണഭോക്താക്കൾ അതത് പ്രദേശത്ത് ഒത്തുചേർന്ന് മധുരം പങ്കിട്ട് ആഘോഷിക്കുന്ന സമർപ്പണ ചടങ്ങാണ് 'വികസന മധുര സംഗമം'. പദ്ധതി പൂർത്തീകരണത്തിന് ശേഷമുള്ള സമർപ്പണത്തെ പരമ്പരാഗത ഉദ്ഘാടന ചടങ്ങായ നാട മുറിക്കുക എന്ന പ്രതീകാത്മക സമീപനത്തിൽനിന്ന് മാറി വികസനം സംബന്ധിച്ച ജനങ്ങളുടെ ആശയ സ്വരൂപണം കൂടി ഉദ്ദേശിച്ചുള്ള കൂട്ടായ്മയാണ് ഈ വ്യത്യസ്തമായ ഉദ്ഘാടന ആശയം.
ഡിവിഷന്റെ സമഗ്രവും സമ്പൂർണവുമായ വികസനത്തിന് പൊതുജനാഭിപ്രായവും പങ്കാളിത്തവും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ ഡിവിഷൻ പരിധിയിലെ വിവിധ മേഖലയിലുള്ളവരുടെ കൂട്ടായ്മയാണ് 'വികസനസഭ'. ഡോക്ടർമാർ, എൻജിനീയർമാർ, അധ്യാപകർ, അഭിഭാഷകർ, വ്യാപാരികൾ, സംരംഭകർ, വിദ്യാർഥി-യുവജന-
വയോജന സംഘടനാ പ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ, കലാ-കായിക മേഖലയിലുള്ളവർ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെയൊക്കെ പ്രത്യേകം യോഗങ്ങൾ വിളിച്ചു ചേർത്തുള്ള സ്ഥിരം സംവിധാനമാണ് വികസന സഭ.
വിദ്യാഭ്യാസ പരിശീലനവും ഗോത്ര ക്ഷേമവും
ഡിവിഷനിൽ വിജയകരമായി നടപ്പാക്കുന്ന ലീഡർഷിപ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പൊളിറ്റിക്കൽ പ്രാക്ടീസസ് (എൽ.ഐ.പി.പി) മാതൃകാ വിദ്യാഭ്യാസ പരിശീലന പദ്ധതിയാണ്. പത്ത് മാസത്തെ കാലാവധിയുള്ള സൗജന്യ പരിശീലന പരിപാടിയുടെ ഗുണഭോക്താക്കൾ ഒമ്പതാം തരം മുതൽ ഡിഗ്രി ഒന്നാം വർഷം വരെയുള്ള മിടുക്കരായ വിദ്യാർഥികളാണ്. പ്രസംഗം, എഴുത്ത്, സംഘാടനം, പൊതുപ്രവർത്തനം എന്നിവയിൽ വിദഗ്ധരുടെ നേതൃത്വത്തിൽ പ്രായോഗിക പരിശീലനമാണ് ഇത് വിഭാവനം ചെയ്യുന്നത്.
പൊതു പരീക്ഷാർഥികൾക്കുള്ള പ്രത്യേക കരുതൽ പദ്ധതിയായ 'ഞങ്ങളും ഹീറോയാകും', പരീക്ഷയെ നല്ല അനുഭവമാക്കി മാറ്റാൻ വേണ്ട കാര്യങ്ങൾ പരിശീലിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.
ഗോത്രാഭിവൃദ്ധി ലക്ഷ്യമാക്കി നടത്തുന്ന ഊര് സമ്പർക്ക പരിപാടിയാണ് 'ഗോത്ര ക്ഷേമം'. സര്‍ക്കാറുകള്‍ ആദിവാസികള്‍ക്കായി പ്രഖ്യാപിക്കുന്ന വിവിധ പദ്ധതികളുടെ ഗുണഫലങ്ങള്‍ യാഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്കാണ് ലഭിക്കുന്നതെന്ന് ഉറപ്പുവരുത്തുക, ആദിവാസി വികസന ഫണ്ടുകള്‍ ഫലപ്രദമായി വിനിയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക, ഗോത്ര ജനതയുടെ എല്ലാ മേഖലകളിലും ഇടപെടുകയും ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. ലഹരിമുക്ത കോളനികളായി മാറ്റാൻ നിരന്തര ബോധവത്കരണ പരിപാടികള്‍ പദ്ധതിയിലൂടെ സംഘടിപ്പിക്കുന്നുണ്ട്.
വൈവിധ്യം നിറഞ്ഞ വികസന പദ്ധതികൾ
ഡിവിഷൻ പരിധിയിൽ അന്നം മുടങ്ങുന്നവർക്ക് അത് നൽകാനുള്ള പ്രത്യേക കരുതൽ പദ്ധതിയായ 'ക്ഷണം ഭക്ഷണം' വിശപ്പ് രഹിത ഡിവിഷൻ എന്ന ഉദ്ദേശ്യത്തോടെയുള്ള പരിപാടിയാണ്.
ജനങ്ങളുടെ പരാതി പരിഹാര നടപടികൾക്ക് ഏകീകൃത സംവിധാനമൊരുക്കുകയാണ് ഡിവിഷൻ വെൽഫയർ ഡെസ്ക് (ഡി.ഡബ്ലു ഡി) എന്ന പദ്ധതിയുടെ ലക്ഷ്യം. ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയും ഹെൽപ്പ് ലൈൻ നമ്പറിലൂടെയും പൊതുജനങ്ങൾക്ക് വിഷയങ്ങൾ സമർപ്പിക്കാവുന്ന രൂപത്തിലാണ് ഡെസ്ക് ക്രമീകരിച്ചിരിക്കുന്നത്.
പ്രവാസികളുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനും അവർക്ക് വികസന കാര്യങ്ങളിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഡിവിഷൻ തല പ്രവാസി കെയർ സംവിധാനം പ്രവാസി കെയർ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ സജീവമാണ്.
10 മുതൽ18 വയസ്സ് വരെയുള്ള കുട്ടികളുടെ നേതൃത്വ ഗുണം പരിപോഷിപ്പിക്കാനും ജനാധിപത്യ സംവിധാനത്തെയും പ്രാദേശിക സർക്കാരിനെയും സംബന്ധിച്ച് അവബോധം ഉണ്ടാക്കാനും വേണ്ടിയുള്ള ജില്ലാ പഞ്ചായത്ത് ഡിവിഷൻ തലത്തിലുള്ള കുട്ടികളുടെ സംവിധാനമാണ് ബാല ജില്ലാ പഞ്ചായത്ത് ഡിവിഷൻ. രാജ്യത്തെ തന്നെ ഏക ബാല ജില്ലാ പഞ്ചായത്ത് ഡിവിഷനാണിത്.
ഔഷധ സസ്യങ്ങൾ നട്ടുപിടിപ്പിച്ച് സജീകരിക്കുന്ന ഔഷധ തെരുവ് എന്ന ആശയം കേരളത്തിൽ ആദ്യമായി മുന്നോട്ടുവെച്ചത് ജുനൈദ് കൈപ്പാണിയുടെ ഡിവിഷനിലാണ്.
ഭരണകാര്യങ്ങൾ എങ്ങനെയാണെന്നറിയാൻ പൗരന്മാർക്ക് നേരിട്ടവസരമൊരുക്കുന്ന പരിപാടിയാണ് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി യോഗങ്ങളിൽ നിരീക്ഷകരായി പൊതുജനങ്ങളെ പങ്കെടുപ്പിക്കുന്ന ക്ഷേമം സുതാര്യമാവട്ടെ എന്നത്.
ഡിവിഷൻ പരിധിയിലെ അഭ്യസ്തവിദ്യരായ തൊഴിൽരഹിതരെ ജോലി കണ്ടെത്താൻ സഹായിക്കുന്ന ജോബ് ബാങ്ക് പദ്ധതി, കലാകാരന്മാരെയും എഴുത്തുകാരേയും പ്രോത്സാഹിപ്പിക്കുന്ന സർഗാത്മകതക്കൊരിടം പദ്ധതി, വെളിച്ചം കാണാത്ത പ്രസിദ്ധീകരണ യോഗ്യമായ കലാ സൃഷ്ടികൾ പ്രകാശനം ചെയ്ത് പുറംലോകത്തെ അറിയിക്കാൻ സഹായിക്കുന്ന 'സർഗാത്മകതക്കൊരിടം' പദ്ധതി, പഞ്ചായത്തീരാജ് സംവിധാനത്തെ കുറിച്ച് പൊതുജനങ്ങൾക്കും പുതിയ ജനപ്രതിനിധികൾക്കും അടുത്തറിയാനുള്ള വ്യത്യസ്തങ്ങളായ നിരവധി പുസ്തകങ്ങളുടെ ശേഖരമുള്ള പഞ്ചായത്തീരാജ് റഫറൻസ് ലൈബ്രറി, സൈബർ കുറ്റകൃത്യങ്ങളിൽനിന്ന് പൗരന്മാർക്ക് സുരക്ഷയൊരുക്കാനുള്ള ബോധവത്കരണ പരിപാടിയും വ്യക്തിഗത കൗൺസിലിങ്ങും ഉൾപ്പെടുന്ന സീറോ സൈബർ ക്രൈം തുടങ്ങിയവയെല്ലാം അദ്ദേഹം ഡിവിഷനിൽ തുടക്കം കുറിച്ചതോ കുറിക്കാനിരിക്കുന്നതോ ആയ പദ്ധതികളാണ്.
നിർധനരായ കിടപ്പ് രോഗികൾക്ക് വീടുകളിൽ സൗജന്യമായി കട്ടിൽ സൗകര്യം ചെയ്യുന്ന ബെഡ് ബാങ്ക്, സാമ്പത്തികമായി ബുദ്ധിമുട്ടുന്ന രോഗികളെ സൗജന്യ മരുന്ന് നൽകി സഹായിക്കുന്ന ജനത റിലീഫ്, ഡിവിഷൻ പരിധിയിലെ അംഗൻവാടികളിലും സാംസ്ക്കാരിക കേന്ദ്രങ്ങളിലും പൊതുജനങ്ങൾക്ക് സൗജന്യമായി പ്രമേഹം പരിശോധിക്കാൻ ഗ്ലൂക്കോമീറ്റർ സൗകര്യമൊരുക്കുന്ന മധുരം മധുമേഹം, ജില്ലാ പഞ്ചായത്തിൽനിന്ന് ജനപ്രതിനിധികൾക്കായി അനുവദിക്കുന്ന സർക്കാർ യാത്രബത്ത ഇനത്തിൽ തനിക്ക് ലഭിക്കുന്ന ടി.എ തുക ഡിവിഷനിലെ നിർധന വിദ്യാർഥികളുടെ യാത്ര ചെലവിലേക്ക് മാറ്റിവെക്കുന്ന ടി.എ ഫോർ ടി.എച്ച് പദ്ധതി, സ്ത്രീകൾക്ക് സ്വയം സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ കരാട്ടെ പരിശീലന പദ്ധതി തുടങ്ങിയ പദ്ധതികൾ ഇതിനകം തുടക്കം കുറിച്ച് കഴിഞ്ഞു. സേഫ് ലേഡി, സൗജന്യ കളരി പരിശീലന പരിപാടിയും ഡിവിഷൻ പരിധിയിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും ആവശ്യാനുസരണം സൗജന്യമായി പാദരക്ഷ നൽകുന്ന പാദസ്പർശം, വിവാഹ വസ്ത്രം വാങ്ങാൻ പണമില്ലാത്തവർക്ക് അവ സൗജന്യമായി നൽകുന്ന കളർ വെഡ്സ് പദ്ധതി എന്നിവ ജുനൈദ് കൈപ്പാണിയുടെ പദ്ധതികളെ വൈവിധ്യം നിറഞ്ഞതാക്കുന്നു.
നാടിനും നാട്ടുകാർക്കും ആവശ്യമായത് കണ്ടറിഞ്ഞ് അവരുടെ തന്നെ സഹായവും സഹകരണവും ഉപയോഗപ്പെടുത്തി കാര്യമായ ഫണ്ട് പോലും വകയിരുത്താതെ ജുനൈദ് കൈപ്പാണി തന്റെ ഡിവിഷനിൽ നടപ്പാക്കുന്ന പദ്ധതികൾ ജനങ്ങൾക്കിടയിൽ എത്രമാത്രം സ്വാധീനമുണ്ടാക്കിയെന്നതിന് അവയുടെ മുന്നേറ്റം തന്നെയാണ് സാക്ഷി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.