കുമളിയിൽനിന്ന് 50 കെ.എസ്.ആർ.ടി.സി ബസ്; മകരവിളക്കിന് വിപുലമായ സംവിധാനം
text_fieldsഇടുക്കി: മകരവിളക്ക് ദർശനത്തിനുള്ള ഒരുക്കം ജില്ലയിൽ പൂർത്തിയായി. പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലാണ് ദർശന സൗകര്യം ഒരുക്കിയിട്ടുള്ളത്. കുറ്റമറ്റ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും കലക്ടർ വി. വിഘ്നേശ്വരി അറിയിച്ചു. 150 ഓഫിസർമാരുൾപ്പെടെ 1350 പൊലീസുകാരെയാണ് വിവിധ പോയന്റുകളിലായി നിയോഗിക്കുക. വള്ളക്കടവിൽനിന്ന് പുല്ലുമേട് ടോപ്പ് വരെ ഓരോ രണ്ട് കിലോമീറ്റർ ഇടവിട്ട് ആംബുലൻസ്, മെഡിക്കൽ ടീമിന്റെ സേവനം, ഒരു കിലോമീറ്റർ ഇടവിട്ട് കുടിവെള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്.
ഐ.സി.യു ആംബുലൻസ്, മെഡിക്കൽ ടീം തുടങ്ങിയ സേവനങ്ങൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലാണ് ലഭ്യമാക്കുക. മൊത്തം 14 ആംബുലൻസുകൾ സജ്ജമാക്കിയതായി ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. കുമിളി, വണ്ടിപ്പെരിയാർ, സത്രം, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ അഗ്നിസുരക്ഷാ സേനയുടെ യൂനിറ്റുകൾ വിന്യസിക്കും.60 പേരുള്ള സംഘത്തെയാണ് നിയോഗിക്കുക. നാലാംമൈൽ മുതൽ ഉപ്പുപാറ വരെ ഒരു കി.മീ ഇടവിട്ട് വനം വകുപ്പിന്റെ ഡ്യൂട്ടി പോയന്റുകൾ ഉണ്ടാകും. പുല്ലുമേടിലേക്കുള്ള വഴി തുറക്കലും അടക്കയ്ക്കലും ആർ.ആർ.ടി സംഘം നിർവഹിക്കും. ഇവിടങ്ങളിൽ വെളിച്ചവിതാനം ഒരുക്കും. കോഴിക്കാനം, പുല്ലുമേട് എന്നിവിടങ്ങളിൽ വനംവകുപ്പ് ഭക്തർക്കായി കഫറ്റേരിയ സേവനം നൽകും.
ബാരിക്കേഡ് നിർമാണം പൂർത്തിയാക്കി
പൊതുമരാമത്ത് വകുപ്പ് സുരക്ഷാ ബാരിക്കേഡ് നിർമാണം പൂർത്തിയാക്കി. അപകട സാധ്യതയേറിയ ഇടങ്ങളിൽ സുരക്ഷാ ബോർഡുകൾ സ്ഥാപിക്കും. ഉപ്പുപാറ, പുല്ലുമേട് എന്നിവിടങ്ങളിൽ കുടിവെള്ള ടാങ്കുകൾ സ്ഥാപിക്കുന്ന ജോലി വാട്ടർ അതോറിറ്റി പൂർത്തിയാക്കി. കോഴിക്കാനത്ത് 2000 ലിറ്റർ വെള്ളം ശേഖരിക്കാൻ കഴിയുന്ന ടാങ്കും മറ്റ് സ്ഥലങ്ങളിൽ ചെറിയ ടാങ്കുകളും ഒരുക്കും. കോഴിക്കാനം മുതൽ പുല്ലുമേട് വരെ 14 കിലോമീറ്ററിൽ വെളിച്ചവിതാനം സജ്ജീകരിച്ചു. ഭക്തർക്ക് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ അറിയിപ്പുകൾ നൽകും. പുല്ലുമേട് ടോപ്പിൽ മിന്നൽരക്ഷാ ചാലകം ഒരുക്കി. മകരവിളക്ക് ദിവസം ബി.എസ്.എൻ. എൽ പുല്ലുമേട്ടിൽ മൊബൈൽ സേവനം ഉറപ്പാക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശുചീകരണ തൊഴിലാളികളെ നിയോഗിച്ചു. കുടിവെള്ളം, താൽക്കാലി ശൗചാലയങ്ങൾ എന്നിവയൊരുക്കും. പുല്ലുമേട്, പരുന്തും പാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ മകരജ്യോതി ദർശനത്തിനായി എൽ.ഇ.ഡി വാൾ സജ്ജമാക്കുന്നതിന് അതത് പഞ്ചായത്തുകൾക്ക് നിർദേശം നൽകിയതായി. എൽ.എസ്.ജി.ഡി ജോയന്റ് ഡയറക്ടർ അറിയിച്ചു. കുമളിയിൽ നിന്ന് 50 കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തും. പത്തെണ്ണം കരുതലിന് നിർത്തും. മൊത്തം. 60 ബസാണ് മകരവിളക്കിന് സജ്ജമാക്കുക. .
കർപ്പൂരം കത്തിക്കുന്നതടക്കം പുല്ലുമേട്ടിൽ ഒഴിവാക്കണം
ശബരിമലയിൽനിന്ന് പുല്ലുമേട്ടിലേക്ക് മകര വിളക്ക് കാണാനെത്തുന്നവരെ ശേഷം ശബരിമലയിലേക്ക് തിരികെ പോകാൻ അനുവദിക്കില്ല. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന് കർപ്പൂരം കത്തിക്കുന്നതടക്കമുള്ളവ പുല്ലുമേട്ടിൽ ഒഴിവാക്കണമെന്ന് കലക്ടർ അഭ്യർഥിച്ചു.
പ്ലാസ്റ്റിക് , നിരോധിത വസ്തുക്കൾ തുടങ്ങിയവ അനുവദിക്കില്ല. വണ്ടിപ്പെരിയാർ പഞ്ചായത്ത് സ്റ്റേഡിയം ,വാളാൾഡി ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. തമിഴ്നാട്ടിൽനിന്ന് ശബരിമല ദർശനത്തിനായി എത്തുന്ന ഭക്തർ കുമളിയിൽ നിന്ന് കമ്പംമേട് ,കട്ടപ്പന,കുട്ടിക്കാനം വഴി യാത്രചെയ്യേണ്ടതാണ്.
ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ ഒരുക്കവുമായി ബന്ധപ്പെട്ട് കലക്ടറുടെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഓൺലൈനായി ചേർന്നു. ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് ,സബ് കലക്ടർ അനൂപ് ഗാർഗ് , പെരിയാർ കടുവ സങ്കേതം വെസ്റ്റ് വനംവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എസ് സന്ദീപ് മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.തിങ്കളാഴ്ച കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങൾ സന്ദർശിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.