ലഹരിമരുന്ന് കൈവശം വെച്ച കേസിൽ 50 വർഷം കഠിന തടവും പിഴയും
text_fieldsവടകര: ലഹരിമരുന്നുകൾ കൈവശം വെച്ച കേസിൽ പ്രതിക്ക് 50 വർഷവും മൂന്നുമാസവും കഠിന തടവും അഞ്ചുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോഴിക്കോട് കല്ലായി ആനമാട് കദീജ മഹലിൽ ഷക്കീൽ ഹർഷാദിനെയാണ് (35) വടകര എൻ.ഡി.പി.എസ് കോടതി ജഡ്ജ് വി.പി.എം. സുരേഷ്ബാബു ശിക്ഷിച്ചത്.
2022 ആഗസ്റ്റ് 18നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് കസബ മാനുവൽ സൺസ് ഹോട്ടലിന് മുൻവശം വെച്ച് സ്കൂട്ടറിൽ കടത്തുകയായിരുന്ന 112 ഗ്രാം 60 മില്ലിഗ്രാം എം.ഡി. എം.എയുമായി പ്രതിയെ കസബ എസ്.ഐ. എസ് അഭിഷേക്, എസ്.സി.പി.ഒമാരായ രതീഷ്, രഞ്ജിഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
തുടർന്ന് സി.ഐ പ്രജീഷ് നന്ദാനം നടത്തിയ അന്വേഷണത്തിൽ പ്രതി വാടകക്ക് താമസിച്ച മലപ്പുറം കാക്കഞ്ചേരി പള്ളിക്കൽ ബസാറിലെ കെ.എം. അപ്പാർട്ട്മെന്റിൽ പൊലീസ് നടത്തിയ പരിശോധനയിൽ 99.98 ഗ്രാം മെത്തഫിറ്റമിൻ, 76.2 ഗ്രാം എം.ഡി.എം.എ എക്സ്റ്റസി പിൽസ്, 7.38 ഗ്രാം എൽ.എസ്.ഡി, 9.730 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയും പിടികൂടി.
എം.ഡി.എം.എ പിടികൂടിയ കേസിൽ 10 വർഷം കഠിന തടവും, ഒരുലക്ഷം രൂപ പിഴയും, മെത്തഫിറ്റമിൻ പിടികൂടിയ കേസിൽ 10 വർഷം കഠിന തടവും ഒരു ലക്ഷം പിഴയും, എം.ഡി.എം.എ എക്സ്റ്റസി പിൽസ് പിടികൂടിയ കേസിൽ 15 വർഷം കഠിന തടവും ഒന്നര ലക്ഷം പിഴയും, എൽ.എസ്.ഡി പിടികൂടിയ കേസിൽ 15 വർഷം കഠിന തടവും, ഒന്നര ലക്ഷം രൂപയും, ഹാഷിഷ് ഓയിൽ പിടികൂടിയ കേസിൽ മൂന്നു മാസം കഠിന തടവുമാണ് ശിക്ഷ.
പിഴ അടച്ചില്ലെങ്കിൽ ആറുമാസം വീതം ഹാഷിഷ് ഓയിൽ ഒഴിച്ചുള്ള ഓരോ വകുപ്പിലും ശിക്ഷ അനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. കേസിലെ രണ്ടാം പ്രതി മുഹമ്മദ് നാജി പൊലീസിന് പിടികൊടുക്കാതെ വിദേശത്തേക്ക് കടന്നിരുന്നു.
ഇയാൾക്ക് വേണ്ടി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. നാജിയുടെ കേസ് കോടതി പിന്നീട് പരിഗണിക്കും. സി.ഐ എൻ. പ്രജീഷ് നന്ദാനമാണ് കേസ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഇ.വി. ലിജീഷ്, കെ. ഷാജീവ് എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.