സഹകരണ ബാങ്കുകളുടെ പ്രതിസന്ധി തരണം ചെയ്യാൻ 500 കോടിയുടെ സഞ്ചിതനിധി
text_fieldsതിരുവനന്തപുരം: സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാൻ പ്രത്യേക സഞ്ചിതനിധി രൂപവത്കരിക്കാൻ സർക്കാർ തീരുമാനിച്ചു. കുറഞ്ഞത് 500 കോടി രൂപ നിധിയിലേക്ക് സംഭരിക്കുന്ന തരത്തിലാണ് പദ്ധതിയെന്ന് മന്ത്രി വി.എൻ. വാസവൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളുടെ മിച്ചധനവും, കരുതല്‍ ധനവും പൊതുധാരണയുടെ അടിസ്ഥാനത്തില്‍ സ്വരൂപിച്ചാണ് നിധി രൂപവത്കരിക്കുക. ഇതിനായി സഹകരണ ചട്ടത്തില്‍ ഭേദഗതി വരുത്തും. നിധിയിലേക്ക് ലഭ്യമാകുന്ന തുകയ്ക്ക് സംഘങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്ന പലിശ വരുമാനം ഉറപ്പുവരുത്തും. നിധിയിലേക്ക് മുതല്‍കൂട്ടുന്ന തുക ഒരു നിശ്ചിത കാലപരിധിക്ക് ശേഷമോ സംഘങ്ങള്‍ക്ക് അടിയന്തര സാഹചര്യം ഉണ്ടാകുമ്പോഴോ പലിശയടക്കം തിരികെ നല്‍കാനും വ്യവസ്ഥ ചെയ്യും. പ്രതിസന്ധിയിലാകുന്ന പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളുടെയും ബാങ്കുകളുടെയും പ്രതിസന്ധി ഉടനടി പരിഹരിക്കാനും പ്രവര്‍ത്തനക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് കൃത്യമായ വ്യവസ്ഥകളോടെ പദ്ധതി തയാറാക്കിയതെന്ന് മന്ത്രി പറഞ്ഞു.
ആദ്യത്തെ വർഷം മൊറട്ടോറിയവും പിന്നീട് തുക തിരിച്ചുനൽകലും ആരംഭിക്കുന്ന രീതിയിലാണ് പദ്ധതി. അനഭിലഷണീയ പ്രവണതകള്‍ ശ്രദ്ധയിൽപെട്ടാല്‍ നടപടി സ്വീകരിക്കും. ഇതിനാവശ്യമായ നിയമഭേദഗതികള്‍ സമഗ്ര നിയമത്തില്‍ ഉള്‍പ്പെടുത്തും. നിധിയില്‍നിന്ന് വിനിയോഗിക്കുന്ന തുകയുടെ വിനിയോഗവും തിരിച്ചടവും ഉറപ്പുവരുത്തുന്നതിന് സംഘം തലത്തിലും ജില്ല തലത്തിലും സംസ്ഥാന തലത്തിലും മോണിറ്ററിങ് കമ്മിറ്റികള്‍ രൂപവത്കരിക്കും.
ഈ കമ്മിറ്റികളില്‍ സഹകാരികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, കേരള ബാങ്ക് ഉദ്യോഗസ്ഥര്‍, സര്‍ക്കിള്‍ സഹകരണ യൂനിയന്‍ പ്രതിനിധി, സംസ്ഥാന സഹകരണ യൂനിയന്‍ പ്രിതിനിധി, സാങ്കേതിക വിദഗ്ദ്ധര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തും. സഞ്ചിതനിധി പദ്ധതിക്കൊപ്പം നിലവിലുള്ള നിക്ഷേപ ഗാരന്‍റി ബോര്‍ഡിന്‍റെ വ്യവസ്ഥകളില്‍ മാറ്റംവരുത്തി പ്രതിസന്ധിയിൽപെട്ട സഹകരണ ബാങ്കുകളെ സഹായിക്കുകയും ചെയ്യും.
നിലവില്‍ നിക്ഷേപകര്‍ക്ക് രണ്ട് ലക്ഷം രൂപ വരെയുള്ള പരിരക്ഷയാണ് നിക്ഷേപ ഗാരന്‍റി ബോർഡ് ലഭ്യമാക്കുന്നത്. സംഘം ലിക്വിഡേറ്റ് ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ തുക നല്‍കുന്നതിന് വ്യവസ്ഥയുള്ളത്. ഈ വ്യവസ്ഥയില്‍ മാറ്റംവരുത്തി പ്രതിസന്ധി ഘട്ടങ്ങളില്‍ അഞ്ച് ലക്ഷം രൂപവരെയുള്ള നിക്ഷേപം നിക്ഷേപകര്‍ക്ക് തിരികെ ലഭ്യമാക്കുന്ന തരത്തില്‍ നിക്ഷേപ ഗാരന്‍റി ബോര്‍ഡിന്‍റെ വ്യവസ്ഥകളില്‍ മാറ്റംവരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.