പൊതുസ്ഥലങ്ങളിൽ മൂത്രമൊഴിച്ചാൽ 500 രൂപ പിഴ; ഉത്തരവുമായി തൃശൂർ കോർപറേഷൻ, പരിഹാസ്യമെന്ന് കോൺഗ്രസ്
text_fieldsതൃശൂർ: കോര്‍പറേഷന്‍ പരിധിയിലെ പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തിയാല്‍ 500 രൂപ പിഴ ഈടാക്കും. 2023 സീറോ വേസ്റ്റ് കോര്‍പറേഷന്‍ ആക്കുന്നതിന്‍റെ ഭാഗമായി കോര്‍പറേഷന്‍ പ്രദേശം വെളിയിട മലമൂത്ര വിസര്‍ജന നിരോധിത മേഖലയായി കഴിഞ്ഞ കൗണ്‍സിലില്‍ പ്രഖ്യാപിച്ചിരുന്നു. ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരില്‍നിന്ന് കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം 500 രൂപയാണ് പിഴ ഈടാക്കുക. സീറോ വേസ്റ്റ് കോര്‍പറേഷന്‍ ആക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളുമായി ജനങ്ങള്‍ സഹകരിക്കണമെന്ന് മേയര്‍ എം.കെ. വർഗീസ് അറിയിച്ചു.
ഉത്തരവ് പരിഹാസ്യമെന്ന് കോൺഗ്രസ്
തൃശൂർ: കോർപറേഷൻ പൊതുസ്ഥലങ്ങളിൽ മലമൂത്ര വിസര്‍ജനം നടത്തിയാല്‍ 500 രൂപ പിഴ ഈടാക്കുമെന്ന മേയറുടെ ഉത്തരവ് പരിഹാസ്യമെന്ന് കോർപറേഷൻ പ്രതിപക്ഷ കൗൺസിലറും നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജോൺ ഡാനിയൽ. ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ അതിന് അനുസരിച്ച ഭൗതിക സാഹചര്യങ്ങൾ പരിശോധിക്കുകയും സൗകര്യങ്ങൾ ഉറപ്പുവരുത്തുകയും വേണം.
ശക്തൻ നഗറിലെയും മത്സ്യ മാർക്കറ്റിലെയും ജയ്ഹിന്ദ് മാർക്കറ്റിലെയും ശൗചാലയങ്ങളിലേക്ക് കടക്കാൻ കഴിയില്ല. വടക്കേ സ്റ്റാൻഡിലും സ്റ്റേഡിയത്തിന് സമീപവുമുള്ള പൊതുശൗചാലയങ്ങൾ അടച്ചിട്ടിട്ട് വർഷങ്ങളായി. യു.ഡി.എഫ് ഭരണകാലത്ത് സ്ഥാപിച്ച ഇ-ടോയ് ലറ്റുകൾ ഏറെ ആശ്വാസകരമായിരുന്നു.
എന്നാൽ, പിന്നീട് പരിപാലനമില്ലാതെ നശിപ്പിച്ചുകളഞ്ഞു. കൈയടി നേടാൻ മാത്രമുള്ള വീമ്പ് പറച്ചിൽ മാത്രമാണ് മേയറുടേത്. കൗൺസിലിലും പുറത്തും ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്ന മുന്നറിയിപ്പുകൂടി മേയറെ അറിയിക്കുകയാണെന്നും ജോൺ ഡാനിയൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.