വാഹനങ്ങളുടെ ഓരോ രൂപമാറ്റത്തിനും 5000 രൂപ പിഴ; ഡ്രൈവർ കാബിനിലിരുന്ന് വിഡിയോ പകർത്തരുത്, കർശന നിർദേശവുമായി കോടതി
text_fieldsകൊച്ചി: വാഹനങ്ങൾ രൂപമാറ്റം വരുത്തുന്നതിൽ കർശന നിർദേശവുമായി ഹൈകോടതി. വാഹനത്തിൽ വരുത്തുന്ന ഓരോ രൂപമാറ്റത്തിന് 5000 രൂപ പിഴയിടാക്കാം. ഡ്രൈവർ കാബിനിലിരുന്ന് വിഡിയോ പകർത്തുന്നതും കുറ്റകരമാണെന്ന് ഹൈകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ വിഡിയോ പകർത്തുന്നത് ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കും എന്നതിനാലാണ് ഇത്. ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, ഹരിശങ്കർ വി.മേനോൻ എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് നിർദേശം.
യുട്യൂബിൽ അടക്കം ഇത്തരം വിഡിയോകൾ പോസ്റ്റ് ചെയ്യുന്ന വ്ലോഗർമാർക്കെതിരെ മോട്ടോർ വാഹന ചട്ട പ്രകാരം നടപടിയെടുക്കണമെന്നു കോടതി നിര്‍ദേശിച്ചു. വാഹനമോടിക്കുന്ന ആളിന്റെ ശ്രദ്ധ തെറ്റിക്കുന്നതാണ് ഇത്തരം നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. വാഹനങ്ങൾ രൂപമാറ്റം വരുത്തുകയും അധിക എൽ.ഇ.ഡി ലൈറ്റുകളും മറ്റും ഫിറ്റ് ചെയ്യുകയും ഈ വിഡിയോകൾ യുട്യൂബിലടക്കം പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്ന വ്ലോഗർമാർക്കെതിരെ നടപടി സ്വീകരിക്കാൻ കഴിഞ്ഞ ഒക്ടോബറിൽ തന്നെ കോടതി നിർദേശിച്ചിരുന്നു.
റോഡ് സുരക്ഷക്ക് ഭീഷണി ഉയർത്തുന്ന വിധം വാഹനങ്ങളിൽ രൂപമാറ്റം വരുത്തി നിയമലംഘനം നടത്തുന്നവരുടെ ലൈസൻസും വാഹനങ്ങളുടെ ആർ.സി ബുക്കും റദ്ദാക്കാനുള്ള വ്യവസ്ഥകൾ അധികൃതർ കർശനമായി പാലിക്കണമെന്നും വാഹനങ്ങൾ വലിയതോതിൽ രൂപമാറ്റം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് മോട്ടോർ വാഹന നിയമം 190 (2) വകുപ്പു പ്രകാരം സസ്പെൻഡ് ചെയ്യണമെന്നും ഹൈകോടതി പറഞ്ഞു.
കാറിൽ നീന്തൽക്കുളം ഒരുക്കി യുട്യൂബർ സഞ്ജു ടെക്കി യാത്ര ചെയ്ത സംഭവത്തിൽ മോട്ടോർ വാഹനവകുപ്പിൽ നിന്ന് ഹൈകോടതി റിപ്പോർട്ട് തേടിയിരുന്നു. തിങ്കളാഴ്ച ഇതുസംബന്ധിച്ച റിപ്പോർട്ട് ഹൈകോടതിയിൽ മോട്ടോർ വാഹന വകുപ്പ് സമർപ്പിക്കുകയും ചെയ്തു. ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് സഞ്ജു ടെക്കിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഐ.പി.സി 279, 336 വകുപ്പുകൾ ചുമത്തിയാണ് കേസ്.
മോട്ടോർ വാഹന വകുപ്പിന്റെ കുറ്റപത്രം ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയും അംഗീകരിച്ചു. കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോൾ മോട്ടോര്‍ വാഹന നിയമ ലംഘനത്തിന് കര്‍ശന നടപടികൾ സ്വീകരിക്കാൻ കോടതി നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.