എട്ട് മാസത്തിനിടെ കരിപ്പൂരിൽ 52 സ്വർണക്കടത്ത് കേസ്
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളം കേന്ദ്രീകരിച്ച് എട്ടു മാസത്തിനിടെ പൊലീസ് രജിസ്റ്റർ ചെയ്തത് 52 സ്വർണക്കടത്ത് കേസുകൾ. 23 കോടിയോളം രൂപയുടെ സ്വർണമാണ് പൊലീസ് മാത്രം കരിപ്പൂർ പരിസരത്തുനിന്ന് പിടിച്ചത്. കഴിഞ്ഞ ഡിസംബറിൽ വിമാനത്താവള ടെർമിനലിൽ സഹായകേന്ദ്രം തുറന്നതിന് ശേഷമാണ് പൊലീസ് നടപടികൾ ഊർജിതമായത്. 42 കിലോയിലധികം സ്വർണമാണ് ഈ കാലയളവിൽ പിടിച്ചെടുത്തത്.
വിമാനത്താവളം കേന്ദ്രീകരിച്ച് തട്ടിക്കൊണ്ടുപോകലും അക്രമങ്ങളും വർധിച്ചതോടെയാണ് സഹായകേന്ദ്രം തുറന്നത്. ടെർമിനലിന് പുറത്തും പാർക്കിങ് ഭാഗങ്ങളിലും നിരീക്ഷണം കർശനമാക്കി സംശയമുള്ളവരെ പരിശോധിച്ചാണ് തുടക്കത്തിൽ സ്വർണം പിടികൂടിയിരുന്നത്. ഇപ്പോൾ പൊലീസിനും സ്വർണക്കടത്ത് സംബന്ധിച്ച് രഹസ്യ വിവരങ്ങൾ ലഭിക്കുന്നുണ്ട്.
കസ്റ്റംസ് ഉദ്യോഗസ്ഥനെതിരെ വീണ്ടും നടപടി
കരിപ്പൂർ: സ്വർണക്കടത്തിന് സഹായം ചെയ്തതിന്‍റെ പേരിൽ ഈ മാസം കോഴിക്കോട് വിമാനത്താവളത്തിൽ നടപടിക്ക് വിധേയരായത് മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ. രണ്ട് സംഭവത്തിലായാണ് മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ ആഗസ്റ്റിൽ മാത്രം നടപടിയുണ്ടായത്. രണ്ടുപേർക്ക് സസ്പെൻഷനാണെങ്കിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
രണ്ട് കേസിലും പൊലീസ് ഇടപെടലിനെത്തുടർന്നാണ് നടപടി എന്നതും ശ്രദ്ധേയമാണ്. പിടികൂടിയ കള്ളക്കടത്ത് സ്വർണം റിപ്പോർട്ട് ചെയ്യാത്തതിന് രണ്ടുപേരെ ഈ മാസം നാലിന് സസ്പെൻഡ് ചെയ്തിരുന്നു. ഈ വിഷയം പൊലീസായിരുന്നു കസ്റ്റംസിൽ റിപ്പോർട്ട് ചെയ്തത്.
തുടർന്ന് പ്രിവന്‍റിവ് വിഭാഗം നടത്തിയ അന്വേഷണത്തിൽ കരിപ്പൂരിലെത്തിയ യാത്രികനെ പരിശോധനക്ക് കസ്റ്റംസ് ഉദ്യോഗസ്ഥർ സി.സി ടി.വി ഇല്ലാത്ത ഭാഗത്തേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു. തുടർന്ന് സൂപ്രണ്ട് പ്രമോദ് കുമാർ സവിത, ഹവിൽദാർ സനിത് കുമാർ എന്നിവരെ കസ്റ്റംസ് കമീഷണർ സസ്പെൻഡ് ചെയ്യുകയായിരുന്നു.
ഇതിന് പിറകെയാണ് വ്യാഴാഴ്ച മുനിയപ്പയെയും സ്വർണവുമായി എത്തിയ രണ്ട് യാത്രികരെയും പൊലീസ് അറസ്റ്റ് ചെയ്തത്. മുനിയപ്പയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണക്കിൽപെടാത്ത നാല് ലക്ഷത്തോളം രൂപയും വിദേശകറൻസിയും നാല് പാസ്പോർട്ടും കണ്ടെടുത്തിട്ടുണ്ട്. യാത്രക്കാരന്‍റെ പാസ്പോർട്ട് കസ്റ്റംസ് ഉദ്യോഗസ്ഥൻ വീട്ടിലേക്ക് കൊണ്ടുപോയത് എന്തിനാണെന്ന ചോദ്യം ഉയർന്നിട്ടുണ്ട്. ഈ വിഷയത്തിൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.
ഉദ്യോഗസ്ഥരുടെ കുറവിനിടെ കസ്റ്റംസിന് തലവേദനയായി അറസ്റ്റും സസ്പെൻഷനും
കരിപ്പൂർ: ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാതെ വലയുന്നതിനിടെ കസ്റ്റംസിന് തലവേദനയായി സസ്പെൻഷനും അറസ്റ്റും. കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ചുള്ള തസ്തികകളോ സംവിധാനങ്ങളോ ഇല്ല. കഴിഞ്ഞ ദിവസം ചേർന്ന വിമാനത്താവള ഉപദേശക സമിതി യോഗത്തിലും വിഷയം ചർച്ചയായിരുന്നു.
ഉദ്യോഗസ്ഥർ കുറവായതിനാൽ യാത്രക്കാർക്ക് ബാഗേജ് ലഭിക്കാൻ വൈകുന്നത് അംഗങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. ഉദ്യോഗസ്ഥ ക്ഷാമമുള്ളതിനാൽ അഞ്ച് കൺവെയർ ബെൽറ്റുകളിൽ ഒന്ന് മാത്രമാണ് പ്രവർത്തിക്കുന്നത്. ഇതിനിടയിലാണ് ഈ മാസം രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ ലഭിക്കുന്നത്. വ്യാഴാഴ്ച ഒരു സൂപ്രണ്ട് അറസ്റ്റിലാകുകയും ചെയ്തു.
150ഓളം ഉദ്യോഗസ്ഥർ ആവശ്യമുള്ളിടത്തേക്ക് അനുവദിച്ച തസ്തിക 100ൽ താഴെ. ഇപ്പോഴുള്ള ഉദ്യോഗസ്ഥരുടെ എണ്ണം 50ൽ താഴെയും. ബാഗേജ് ക്ലിയറൻസിൽ മാത്രമാണ് നിലവിൽ ഉദ്യോഗസ്ഥരുള്ളത്. ഇവരെത്തന്നെയാണ് ഇന്‍റലിജന്‍സ് യൂനിറ്റിലേക്കും നിയോഗിക്കുന്നത്. കോവിഡിനു മുമ്പ് ഇവിടെ 80ഓളം ഉദ്യോഗസ്ഥരുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.