വൈദ്യുതി ബോർഡിൽ 5215 ഒഴിവ്; നിയമന ആവശ്യം ശക്തമാക്കി ജീവനക്കാർ
text_fieldsകൊച്ചി: വൈദ്യുതി ബോർഡിൽ വിവിധ തസ്തികകളിലായി ഒഴിഞ്ഞുകിടക്കുന്നത് 5215 കസേരകൾ. ജോലിഭാരം വർധിച്ചതോടെ ഒഴിവുകളിൽ ഉടൻ നിയമനം നടത്തണമെന്ന ആവശ്യം ശക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ജീവനക്കാർ. സബ് എൻജിനീയർ- 552, സീനിയർ അസിസ്റ്റൻറ് -975, മീറ്റർ റീഡർ -129, ഇലക്ട്രിസിറ്റി വർക്കർ -1812, ഓവർസിയർ- 794, ലൈൻമാൻ- 779, സീനിയർ സൂപ്രണ്ട് -174 എന്നിങ്ങനെ ഒഴിവുകളാണുള്ളത്. വൈദ്യുതി ബോർഡിൽനിന്ന് ശേഖരിച്ച ഈ കണക്കുകൾ ജീവനക്കാരുടെ സംഘടനയായ കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷനാണ്(എ.ഐ.ടി.യു.സി) പുറത്തുവിട്ടത്.
സ്ഥാനക്കയറ്റത്തിലൂടെയും പി.എസ്.സി മുഖാന്തരവും നികത്തേണ്ട ഒഴിവുകളാണിവ. ചില ഒഴിവുകൾ സ്ഥാനക്കയറ്റത്തിലൂടെ മാത്രം നികത്തേണ്ടതാണ്. ജീവനക്കാരുടെ ക്ഷാമം സെക്ഷൻ ഓഫിസുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കാറ്റും മഴയുമൊക്കെയുള്ള സമയങ്ങളിൽ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നതെന്ന് ജീവനക്കാർ വ്യക്തമാക്കി. ഒരു സെക്ഷൻ ഓഫിസിൽ 12 ലൈൻമാൻമാരാണ് ആവശ്യമുള്ളത്. പലയിടത്തും ആവശ്യത്തിന് ആളുകളില്ല. ആറ് ഓവർസിയർ വേണ്ട സ്ഥാനത്ത് മൂന്നും നാലും ഉദ്യോഗസ്ഥരേയുള്ളു. സബ് എൻജിനീയർ തസ്തികയിൽ മൂന്നുപേരാണ് വേണ്ടത്. പലയിടത്തും രണ്ടുപേരാണുള്ളത്. കഴിഞ്ഞ മേയിൽ 884 പേരാണ് വിരമിച്ചത്. അടുത്തവർഷത്തോടെ വലിയതോതിൽ ആളുകൾ വിരമിക്കും. അടിയന്തരമായി നിയമനം നടത്തിയില്ലെങ്കിൽ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടാകുമെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. മറ്റ് തടസ്സങ്ങളൊന്നുമില്ലാത്തതിനാൽ ഉടൻ ഒഴിവുകൾ നികത്തണമെന്നാണ് ആവശ്യമെന്ന് ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി. മണി ‘മാധ്യമ’ത്തോട് പറഞ്ഞു.
-
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.