എം.എൽ.എ ആയിരിക്കെ വിടചൊല്ലുന്ന 52ാമൻ
text_fieldsതിരുവനന്തപുരം: നിയമസഭാംഗമായിരിക്കെ അന്തരിച്ച 52ാമനാണ് പി.ടി. തോമസ്. 15ാം നിയമസഭാംഗമായിരിക്കെ, മരിക്കുന്ന ആദ്യ അംഗമാണ്. നാലു തവണയാണ് പി.ടി. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം നിയമസഭയിലാണ് ആദ്യ നിയമസഭ സാമാജികെൻറ മരണം. 1960 ഒക്ടോബർ ഒമ്പതിന് മരിച്ച പറളി അംഗം എ.ആർ. മേനോനാണ് ഈ ഗണത്തിൽ ആദ്യ അംഗം.
രണ്ടാം സഭയുടെ സ്പീക്കറായിരുന്ന കെ.എം. സീതി സാഹിബാണ് (കുറ്റിപ്പുറം -1961 ഏപ്രിൽ 17) അംഗമായിരിക്കെ മരിക്കുന്ന രണ്ടാമത്തെ അംഗം. ഇതെ സഭയിൽ തന്നെ അംഗവും മന്ത്രിയുമായിരുന്ന വി.കെ. വേലപ്പൻ (വാഴൂർ -1962 ആഗസ്റ്റ് 26), ആദ്യ പ്രതിപക്ഷ നേതാവും പിന്നീട്, ആഭ്യന്തര മന്ത്രിയുമായ പി.ടി. ചാക്കോ (മീനച്ചില്‍ -1964 ജൂലൈ 31), സി.കെ. ഹരിചന്ദ്രന് നായര്‍, പത്തനംതിട്ട (1962 മേയ് 24) എന്നിവർ ഉൾപ്പെടെ രണ്ടാം സഭയിൽ കാലാവധി പൂർത്തിയാക്കാനാകാതെ വിടവാങ്ങിയവരാണ്.
മൂന്നാം സഭയിലെ നിലമ്പൂർ അംഗം കെ. കുഞ്ഞാലി (1969 ജൂലൈ 28) വെടിയേറ്റാണ് മരിച്ചത്. സി.എച്ച്. മുഹമ്മദ് കോയ, കെ.എം ജോർജ്, മത്തായി മാഞ്ഞൂരാൻ, പാട്യം ഗോപാലന്, പി. സീതിഹാജി, ഇ.കെ. ഇമ്പിച്ചി ബാവ, ടി.എം. ജേക്കബ്, ജി. കാർത്തികേയൻ, പി.ആർ. കുറുപ്പ്, കെ.എം. മാണി, സി.എഫ്. തോമസ് തുടങ്ങിയ പ്രമുഖരും സഭാംഗമായിരിക്കെ മരിച്ചവരാണ്.
വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം
എം.എൽ.എ ആയിരിക്കെ വിടചൊല്ലുന്ന 52ാമൻപദവികളുള്ളപ്പോഴും ഇല്ലാത്തപ്പോഴും സ്വന്തം നിലപാടുകളിൽ അടിയുറച്ചുനിന്ന അപൂർവം നേതാക്കളിലൊരാളായിരുന്നു പി.ടി. തോമസ്. തെറ്റുകണ്ടാല്‍ രാഷ്ട്രീയ എതിരാളികൾക്കെതിരെ മാത്രമല്ല സ്വന്തം പാർട്ടി നേതാവായാലും സമുദായമായാലും എതിര്ത്തുനില്ക്കാനും മടിച്ചിരുന്നില്ല. വിട്ടുവീഴ്ചയില്ലാത്ത നിലപാട് മറ്റുള്ളവരിൽനിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കിയതിനൊപ്പം എതിരാളികളെയും നേടിക്കൊടുത്തു. പി.ടി. തോമസിെൻറ അസാന്നിധ്യം സംഘടനതലത്തിലും നിയമസഭക്കുള്ളിലും കോൺഗ്രസിനും യു.ഡി.എഫിനും കനത്ത നഷ്ടമാകും.
യു.ഡി.എഫിെൻറ നിയമസഭയിലെ ശക്തനായ പോരാളിയായിരുന്നു പി.ടി. സഭക്കുള്ളിലും പുറത്തും പിണറായി വിജയനെ വ്യക്തിപരമായും സി.പി.എമ്മിനെ രാഷ്ട്രീയമായും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിൽ മടികാട്ടാത്ത നേതാവ്. പി.ടിയെപ്പോലെ മറ്റൊരാളും പിണറായിയെ ഇങ്ങനെ മുഖാമുഖംനിന്ന് ആക്രമിച്ചിരിക്കില്ല. ലാവലിന്‍ കേസ് സജീവമായ സമയത്ത് പിണറായിയെ കടന്നാക്രമിക്കുന്ന ശൈലിയാണ് അദ്ദേഹം സ്വീകരിച്ചത്. സ്പ്രിംഗ്ളർ ഇടപാട്, നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് വിഷയങ്ങളിൽ മുഖ്യമന്ത്രി പിണറായിയെയും കുടുംബത്തെയും പ്രതിക്കൂട്ടിൽ നിർത്തി കടന്നാക്രമിക്കുന്നതിൽ അദ്ദേഹം വിട്ടുവീഴ്ച ചെയ്തില്ല.
ആരോപണങ്ങള്‍ പലപ്പോഴും വ്യക്തിപരമായി പോകുന്നുവെന്ന പരാതി ഉയര്‍ന്നപ്പോഴും പി.ടി. പിൻമാറിയില്ല. രണ്ടാം പിണറായി ഭരണത്തിലും നിയമസഭയില്‍ അദ്ദേഹത്തെ നേരിട്ട് എതിര്‍ത്ത പ്രമുഖനായിരുന്നു പി.ടി. രണ്ടുപേരും തമ്മിലുള്ള വാദപ്രതിവാദം അപ്രതീക്ഷിതമായ പല രംഗങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാറിെൻറ ആദ്യ നിയമസഭ സമ്മേളനത്തില്‍ കത്തിനിന്ന മുട്ടില്‍ മരംമുറി വിഷയത്തിലും കരിപ്പൂർ സ്വർണക്കടത്ത് വിഷയത്തിലും പിണറായിയും പി.ടിയും നേർക്കുനേർ ഏറ്റുമുട്ടി. കിറ്റെക്സിെൻറ ജലമലിനീകരണം ഉന്നയിച്ചപ്പോഴും പിണറായിയെ ബന്ധപ്പെടുത്തി കടുത്ത ആക്രമണമാണ് അദ്ദേഹം നടത്തിയത്.
മുഖ്യമന്ത്രിയിരുന്നപ്പോൾ ഉമ്മന്‍ ചാണ്ടി ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടിനെതിരെ സ്വീകരിച്ച നിലപാടിനെ പരസ്യമായി എതിർക്കാൻ പി.ടി. തോമസ് മടികാട്ടിയില്ല. കത്തോലിക്ക സഭ തള്ളിപ്പറഞ്ഞിട്ടും നിലപാടില്‍ വെള്ളംചേർത്തില്ല. ഉറപ്പായ ഇടുക്കി ലോക്സഭ സീറ്റ് തനിക്ക് നഷ്ടപ്പെടുമെന്ന സാഹചര്യം വന്നിട്ടും നിലപാടിൽ മാറ്റംവരുത്തിയില്ല.
സഭയുടെ നേതൃത്വത്തില്‍ പി.ടിക്കെതിരെ ശവമഞ്ച ഘോഷയാത്ര നടത്തിയിട്ടും നിലപാടില്‍ നിന്ന് പിന്നോട്ട്പോകാതെ പരിസ്ഥിതി സംരക്ഷണത്തിൽ പാറപോലെ ഉറച്ചുനിന്നു. ഈ നിലപാടിനെ സ്വന്തം പാര്ട്ടിക്കാര് പോലും തള്ളിയെങ്കിലും പിന്നീട് കേരളം അഭിമുഖീകരിച്ച പല ദുരന്തഘട്ടത്തിലും പി.ടിയായിരുന്നു ശരിയെന്ന് ബോധ്യപ്പെട്ടു.
കോണ്‍ഗ്രസ് ഗ്രൂപ് പ്രവര്‍ത്തനങ്ങളില്‍ 'എ' പക്ഷത്തിന് വേണ്ടി വീറോടെ പൊരുതി. അന്ന് പാർട്ടിയിലെ പ്രതാപി കെ. കരുണാകരനെ കടന്നാക്രമിക്കുന്നതിലും മടികാട്ടിയില്ല. കെ. മുരളീധരനെ രാഷ്ട്രീയത്തിലേക്ക് ഉയർത്തിക്കൊണ്ടുവന്നതിനെ പരിഹസിച്ച് 'ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പോള്‍' എന്ന പി.ടിയുടെ പരിഹാസം ഇന്നും സംസ്ഥാന രാഷ്ട്രീയത്തില്‍ നിറഞ്ഞുനിൽക്കുന്നുണ്ട്.
ഗ്രൂപ് രാഷ്ട്രീയത്തിൽ നിന്ന് കാലക്രമേണ അകന്നതോടെ പാര്‍ട്ടി പദവികളിലൊന്നും പരിഗണിക്കപ്പെടാതെ പോയി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തുടർച്ചയായ രണ്ടാംതോൽവി രുചിച്ചതോടെ, പാര്‍ട്ടി കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തോടെ സംഘടന സംവിധാനം അഴിച്ചുപണിഞ്ഞപ്പോഴാണ്, പാര്‍ട്ടിയില്‍ അർഹമായ പദവി ലഭിച്ചത്. വർക്കിങ് പ്രസിഡെൻറന്ന നിലയിൽ സജീവമായതിനിടെയാണ് മരണം.
വെല്ലൂരിൽ പരിചരിച്ചത് മലയാളി ഡോക്ടർമാർ
ചെന്നൈ: വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞത് ഒരുകൂട്ടം മലയാളി ഡോക്ടർമാരുടെ പരിചരണത്തിൽ. എറണാകുളം മഹാരാജാസ് കോളജിലെ പൂർവ വിദ്യാർഥിയായിരുന്ന ഡോ. ടൈറ്റസാണ് ചികിത്സക്ക് നേതൃത്വം നൽകിയത്.
ഡോ. സുകേശ്, ഡോ. അനൂപ് തുടങ്ങിയവരും പ്രത്യേകം ശ്രദ്ധ പുലർത്തുകയും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്തിരുന്നു. അമേരിക്കയിലെ പ്രശസ്തരായ മലയാളി ഡോക്ടർമാരുടെ ഉപദേശവും തേടിയിരുന്നു. അമേരിക്കയിൽനിന്ന് പ്രത്യേക മരുന്നും എത്തിച്ചിരുന്നു. അടുത്തഘട്ട ചികിത്സ സംബന്ധിച്ച് രാജ്യത്തെ പ്രഗല്ഭ ഡോക്ടർമാർ തമ്മിൽ വിഡിയോ കോൺഫറൻസിങ്ങിലൂടെ സംസാരിക്കവെയായിരുന്നു രാവിലെ പത്തോടെ മരണം.
മരണസമയത്ത് ഭാര്യ ഉമ, മക്കളായ വിഷ്ണു, വിവേക് എന്നിവരുൾപ്പെടെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ആശുപത്രിയിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.