മനവും വയറും നിറച്ച് ഗജവീരന്മാർ: വടക്കുന്നാഥനിൽ ആനയൂട്ടിന് അണിനിരന്നത് 53 ആന
text_fieldsതൃശൂർ: കർക്കടക പുലരിയിൽ ശ്രീവടക്കുന്നാഥ ക്ഷേത്രത്തിൽ 53 ആനകൾ അണിനിരന്ന ആനയൂട്ട്. കോവിഡ് നിയന്ത്രണങ്ങളില്ലാതെ രണ്ടുവർഷത്തിനുശേഷം നടക്കുന്ന ആനയൂട്ടിൽ പങ്കെടുക്കാൻ വലിയ ജനക്കൂട്ടമാണ് എത്തിയത്. ആനകളെ ഊട്ടിയും അഷ്ടദ്രവ്യമഹാഗണപതി ഹോമം ദര്‍ശിച്ചും ഭക്തരുടെ മനം നിറഞ്ഞു. ആനക്കാരണവരായ കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ കൊമ്പൻ വടക്കുന്നാഥൻ ചന്ദ്രശേഖരനും നാട്ടാനകളിലെ ഉയരക്കാരിലെ കേമനും ആരാധകരുമുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും ആനയൂട്ടിനെത്തി.
പതിവിന് വ്യത്യസ്തമായി ഇളമുറക്കാരനുപകരം കാരണവർ വടക്കുന്നാഥൻ ചന്ദ്രശേഖരന് ആദ്യ ഉരുള നൽകിയാണ് ഊട്ടിന് തുടക്കമിട്ടത്. മേല്‍ശാന്തി പയ്യമ്പിള്ളി മാധവന്‍ നമ്പൂതിരിയാണ് ചന്ദ്രശേഖരന് ആദ്യ ഉരുള നല്‍കിയത്. പിന്നാലെ മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ. രാജൻ, പി. ബാലചന്ദ്രൻ എം.എൽ.എ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, അംഗം എം.ജി. നാരായണൻ, ജില്ല കലക്ടർ ഹരിത വി. കുമാർ, കൗൺസിലർ പൂർണിമ സുരേഷ്, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, കമീഷണർ ആർ. ആദിത്യ, എ.സി.പി വി.കെ. രാജു, നടി നൈല ഉഷ തുടങ്ങിയവരും ഭക്തരും ആനകൾക്ക് ഭക്ഷണവിഭവങ്ങൾ നൽകി.
ആനയൂട്ട് കാണാൻ പുലർച്ച മുതൽ ആളുകളെത്തി തുടങ്ങി. ഏതാണ്ട് പതിനായിരത്തോളം പേർ എത്തിയതായാണ് കണക്ക്. കർക്കടകം ഒന്ന് ഞായറാഴ്ചയായതിന് ഒപ്പം മഴയൊഴിഞ്ഞുനിന്നതും കൂടുതൽ പേർക്ക് സൗകര്യമായി. മുൻ വർഷങ്ങളേക്കാൾ ഇരട്ടിയിലധികം ആളുകളാണ് ഇക്കുറിയെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.