Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരേതരായ ദമ്പതികളുടെ...

പരേതരായ ദമ്പതികളുടെ വിവാഹത്തിന് 53 വർഷത്തിനുശേഷം രജിസ്‌ട്രേഷൻ

text_fields
bookmark_border
പരേതരായ ദമ്പതികളുടെ വിവാഹത്തിന് 53 വർഷത്തിനുശേഷം രജിസ്‌ട്രേഷൻ
cancel
Listen to this Article

തിരുവനന്തപുരം: പാലക്കാട് ശേഖരിപുരം സ്വദേശികളായ പരേതരായ സി. ഭാസ്‌കരൻ നായരുടെയും ടി. കമലത്തിന്റെയും വിവാഹം 53 വർഷത്തിനുശേഷം രജിസ്റ്റർ ചെയ്യാൻ അനുവാദം നൽകിയതായി മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. കല്യാണം കഴിഞ്ഞ് 53 വർഷത്തിനുശേഷം, പരേതരായ രണ്ടുപേരുടെ വിവാഹം രജിസ്റ്റർ ചെയ്ത് നൽകുന്നത് രാജ്യത്തുതന്നെ അപൂർവമാണ്. പാലക്കാട് ശേഖരിപുരം സ്വദേശികളായ ഇരുവരും 1969ലാണ് വിവാഹിതരായത്.

മാനസിക വെല്ലുവിളി നേരിടുന്ന ഏകമകൻ ടി. ഗോപകുമാർ നൽകിയ അപേക്ഷ പരിഗണിച്ചാണ് മനുഷ്യത്വപരമായ നടപടിയെന്ന് മന്ത്രി അറിയിച്ചു. സൈനികനായിരുന്ന പിതാവിന്റെ കുടുംബ പെൻഷൻ ലഭിക്കുന്നതിനാണ്​ മകൻ ഇത്തരത്തിൽ അപേക്ഷ നൽകിയത്.

1969 ജൂൺ നാലിന് കൊടുമ്പ് സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലായിരുന്നു വിവാഹം നടന്നത്​. അന്നത്തെ കാലത്ത് വിവാഹ രജിസ്‌ട്രേഷൻ നിർബന്ധമല്ലാതിരുന്നു. 1998ൽ കമലവും 2015ൽ ഭാസ്‌കരൻ നായരും മരിച്ചു. സൈനിക റെക്കോഡുകളിൽ ഭാസ്‌കരൻ നായരുടെ കുടുംബവിവരങ്ങൾ ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി പെൻഷൻ മുടങ്ങി.

വിവാഹിതരിൽ ഒരാൾ മരിച്ചാലും എങ്ങനെ രജിസ്‌ട്രേഷൻ നടത്താമെന്ന് 2008ലെ കേരള വിവാഹങ്ങൾ രജിസ്‌ട്രേഷൻ (പൊതു) ചട്ടങ്ങളിൽ പരാമർശിക്കുന്നുണ്ട്. പക്ഷേ, ദമ്പതികൾ രണ്ടുപേരും മരിച്ചാൽ വിവാഹം എങ്ങനെ രജിസ്റ്റർ ചെയ്യണമെന്ന് നിലവിലുള്ള നിയമങ്ങളിലോ ചട്ടങ്ങളിലോ പരാമർശിക്കുന്നില്ല. വിഷയത്തിൽ നിയമവകുപ്പിന്റെ പ്രത്യേക അഭിപ്രായം തേടിയശേഷമാണ് മന്ത്രിയുടെ ഇടപെടൽ. 2008ലെ ചട്ടങ്ങളിൽ ഇത് സംബന്ധിച്ച് വ്യവസ്ഥകൾ നിലവിലില്ലാത്തതും വിവാഹം നടന്ന കാലത്ത് രജിസ്‌ട്രേഷൻ നിർബന്ധമല്ലെന്ന വസ്തുതയും പരിഗണിച്ചാണ് തീരുമാനം. മകന്റെ സംരക്ഷണവും ഉപജീവനവും ഉറപ്പാക്കാൻ കുടുംബ പെൻഷൻ അനിവാര്യമാണെന്ന് കണ്ടാണ് പ്രത്യേക ഇടപെടൽ.

കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ഇന്ത്യക്ക്​​ പുറത്ത് താമസിക്കുന്ന ദമ്പതികൾക്ക് നേരിൽ ഹാജരാകാതെതന്നെ വിവാഹം രജിസ്റ്റർ ചെയ്യാൻ പ്രത്യേക അനുമതി നൽകിയിരുന്നു. ഈ സൗകര്യം ഇപ്പോഴും തുടരുന്നുണ്ട്. ആധുനിക വിവരസാങ്കേതികവിദ്യയുടെ കാലത്ത് നേരിൽ ഹാജരാകാതെ വിവാഹം രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം സ്ഥിരമായി ലഭ്യമാക്കുന്നതിന് ചട്ടഭേദഗതി നടത്താൻ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. വിവാഹമോചനം നേടുന്നവരുടെ വിവരങ്ങൾ വിവാഹരജിസ്റ്ററിൽ ചേർക്കപ്പെടുന്നില്ലെന്ന ഗൗരവമായ വിഷയവും ഉയർന്നുവന്നിട്ടുണ്ട്. ഇത് പരിഗണിച്ച് വിവാഹമോചനവും യഥാവിധി രേഖപ്പെടുത്തുന്നതിന് നിയമനിർമാണം നടത്തുന്നതിനുള്ള നടപടിയും ആരംഭിച്ചെന്നും മന്ത്രി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Marriage Registration
News Summary - 53 years after the marriage of the deceased couple
Next Story