മലപ്പുറം ജില്ലയിൽ ഒരു വർഷത്തിനിടെ കാണാതായവർ 540
text_fieldsമലപ്പുറം: 2021 ആഗസ്റ്റ് 14നാണ് അരീക്കോട് വെറ്റിലപ്പാറ സ്വദേശിയായ 15കാരനെ കാണാതാവുന്നത്. വീട്ടിൽനിന്ന് അപ്രതീക്ഷിതമായി കാണാതായ ഭിന്നശേഷിക്കാരനായ കുട്ടിക്കായി ഒരു നാടു മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രണ്ട് വർഷമായിട്ട് പൊലീസിന് കേസിൽ ഒരു തുമ്പും കിട്ടിയിട്ടില്ല.
കുട്ടിയുടെ തിരിച്ചുവരവും കാത്ത് കുടുംബവും നാടും ഇന്നും കാത്തിരിപ്പ് തുടരുകയാണ്. ഇതുപോലെ പ്രായഭേദമന്യേ കാണാമറയത്തേക്ക് പോവുന്ന നിരവധി കേസുകളാണ് കേരളത്തിൽ ഒരോ ദിനവും രജിസ്റ്റർ ചെയ്യുന്നത്. ഇതിൽ സ്വമേധയാ നാടുവിടുന്നവയും തട്ടിക്കൊണ്ടുപോകുന്ന കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റിപ്പോർട്ട് ചെയ്യുന്ന മിസിങ് കേസുകളിൽ ഭൂരിഭാഗവും കണ്ടെത്തുന്നുണ്ടെങ്കിലും ഒരു വിവരവുമില്ലാത്ത കേസുകളും നിരവധിയാണ്.
ഈ വർഷം ജൂൺ വരയെുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 5878 മിസിങ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഓരോ ദിനവും ചുരുങ്ങിയത് മൂന്ന് പേരെയെങ്കിലും കേരളത്തിൽ കാണാതാവുന്നുണ്ട്.മാനസിക പ്രശ്നങ്ങൾക്ക് കൊണ്ട് വീട് വിട്ടിറങ്ങുന്നവരും പ്രണയത്തിന്റെ പേരിൽ നാട് വിടുന്നവരും അപ്രതീക്ഷിതമായി കാണാതാവുന്നവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്.
‘മാധ്യമ’ത്തിന് ലഭിച്ച വിവരാവകാശ രേഖകൾ പ്രകാരം മലപ്പുറം ജില്ലയിൽ ഒരു വർഷത്തിനിടെ 540 മിസിങ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇക്കാലയളവിൽ ജില്ലയിൽ 308 സ്ത്രീകളെയും (പെൺകുട്ടികൾ ഉൾപ്പെടെ) 232 പുരുഷന്മാരെയും (ആൺകുട്ടികൾ ഉൾപ്പെടെ) കാണാതായിട്ടുണ്ട്. 2021ൽ 576 മിസിങ് കേസുകളും 2020ൽ 502 കേസുകളും പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2012ന് ശേഷം കാണാതായ 148 പേരെ കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.കഴിഞ്ഞ 10 വർഷത്തിനിടെ 2019ലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. 2019ൽ 736 മിസിങ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.