5,409 ആരോഗ്യ ഉപകേന്ദ്രങ്ങളെ പി.എച്ച്.സിയാക്കി ഉയര്‍ത്തും; ഉണർവെന്ന് മുഖ്യമന്ത്രി
text_fieldsപിരപ്പൻകോട് (തിരുവനന്തപുരം): സംസ്ഥാനത്തെ 5,409 ആരോഗ്യ ഉപകേന്ദ്രങ്ങളെ ജനകീയാരോഗ്യ കേന്ദ്രങ്ങളാക്കി (പി.എച്ച്.സി) ഉയര്‍ത്തുന്ന പദ്ധതിയും 140 നിയോജകമണ്ഡലങ്ങളിൽ തയ്യാറായിട്ടുള്ള ജനകീയ ആരോഗ്യകേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലക്കാകെ ഉണര്‍വ് പകരുന്നതാണ് ജനകീയാരോഗ്യ കേന്ദ്രങ്ങളെന്ന് അദ്ദേഹം പറഞ്ഞു. സമഗ്രമായ പ്രാഥമികാരോഗ്യ പരിരക്ഷ താഴെത്തട്ടില്‍ വരെ എത്തിക്കുകയെന്നതാണ് ജനകീയ ആരോഗ്യകേന്ദ്രങ്ങളുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പിരപ്പന്‍കോട് ജനകീയ ആരോഗ്യ കേന്ദ്രത്തിലായിരുന്നു ചടങ്ങ്.
ആര്‍ദ്രം മിഷന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായ വാര്‍ഷിക പരിശോധന, മറ്റ് കാമ്പയിനുകള്‍, രോഗനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ എന്നിവ ജനകീയാരോഗ്യ കേന്ദ്രങ്ങളിലൂടെയാവും താഴെത്തട്ടില്‍ നടപ്പാക്കുക. ജനകീയാരോഗ്യ കേന്ദ്രങ്ങളെ ശക്തിപ്പെടുത്താൻ സബ്സെന്റര്‍ വെല്‍ഫെയര്‍ കമ്മിറ്റികൾ രൂപവത്കരിച്ചു.
ആഴ്ചയില്‍ ആറു ദിവസവും ഒമ്പതു മുതല്‍ നാലു വരെ സേവനം ലഭിക്കും. 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്ന പദ്ധതിയിൽ 630 എണ്ണം പൂര്‍ത്തീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ഡുകളിലെ ആരോഗ്യ കേന്ദ്രങ്ങളെ ശാക്തീകരിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
‘ആരോഗ്യപ്രവർത്തകർക്കെതിരായ അക്രമങ്ങളിൽ കടുത്ത നടപടി’
പിരപ്പൻകോട് (തിരുവനന്തപുരം): ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നത് അംഗീകരിക്കില്ലെന്നും അപായപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്താൻ ഓര്‍ഡിനന്‍സ് അംഗീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് ഡോ. വന്ദനയുടെ മരണം. കര്‍മനിരതയായ ആരോഗ്യപ്രവര്‍ത്തക ആക്രമിക്കപ്പെട്ടതും ജീവഹാനി സംഭവിച്ചതും ഞെട്ടലോടെയാണ് കേട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.