അട്ടപ്പാടിയിൽ ഭൂപരിഷ്കരണത്തിന് പുല്ലുവില; നിയമവിരുദ്ധമായി 575 ഏക്കർ വിറ്റു
text_fieldsകോഴിക്കോട്: ഭൂപരിഷ്കരണം അട്ടിമറിച്ച് അട്ടപ്പാടിയിൽ 575 ഏക്കർ ഭൂമി വിൽപന നടത്തിയെന്ന് രജിസ്ട്രേഷൻ വകുപ്പ്. കോട്ടത്തറ വില്ലേജ് ഓഫിസർ നൽകിയ സാക്ഷ്യ പത്രത്തിന്റെ പിൻബലത്തിലാണ് ഭൂമി വിൽപന നടത്തിയത്. കോട്ടത്തറ വില്ലേജിൽ 2023-2024 കാലത്താണ് ഇത്രയധികം ഭൂമി നിയമവിരുദ്ധമായി വിൽപന നടത്തിയതെന്നും ഡോ.എം.കെ. മുനീറിന്റെ ചോദ്യത്തിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിയമസഭയെ രേഖാമൂലം അറിയിച്ചു.
ഭൂപരിഷ്കരണ നിയമപ്രകാരം 1970 ജനുവരി ഒന്നിന് 15 ഏക്കർ ഭൂമിയിൽ അധികമുള്ളത് സർക്കാറിൽ നിക്ഷിപ്തമാകും. എന്നാൽ, മണ്ണാർക്കാട് മൂപ്പിൽ നായരുടെ കുടുംബം ബ്രിട്ടീഷ് കാലഘട്ടത്തിൽ ഉണ്ടായിരുന്ന നൂറുകണക്കിന് ഏക്കർ ഭൂമി നിയമവിരുദ്ധമായി നിലനിർത്തി. റവന്യൂ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് 575 ഏക്കർ ഭൂമി റവന്യൂ വകുപ്പിനെ നോക്കുകുത്തിയാക്കി വിൽപന നടത്തിയെന്നാണ് മന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നത്.
ഭൂപരിഷ്കരണ നിയമം നടപ്പാക്കിയശേഷം ഒരോ വ്യക്തിക്കും എത്ര ഏക്കർ ഭൂമി വീതം ഉണ്ടെന്നുള്ള വിവരം രജിസ്ട്രേഷൻ വകുപ്പിൽ ലഭ്യമല്ല. അതുപോലെ തണ്ടപ്പേർ അടിസ്ഥാനത്തിൽ ഭൂമിയുടെ വിൽപന സംബന്ധിച്ച വിവരവും രജിസ്ട്രേഷൻ വകുപ്പിൽ ലഭ്യമല്ല. എന്നാൽ, പേരുവെച്ച് തിരഞ്ഞതിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ജില്ല രജിസ്ട്രാർ (ജനറൽ) നൽകിയ റിപ്പോർട്ടിലെ വിവരപ്രകാരം 2023, 2024 വർഷങ്ങളിൽ ഒമ്പത് വിൽപനകളാണ് നടന്നത്.
കോട്ടത്തറ വില്ലേജ് ഓഫിസർ നൽകിയ കൈവശ സാക്ഷ്യപത്രങ്ങളുടെ അടിസ്ഥാനത്തിലുള്ള 575 (233.9187 ഹെക്ടർ) ഭൂമി 33 ഇടകലർന്ന ഓഹരി അവകാശങ്ങളാണ് വിൽപന നടത്തിയത്. വിവിധ ദിവസങ്ങളിൽ 183 ആധാരങ്ങളാണ് അഗളി സബ് രജിസ്ട്രാർ ഓഫിസിൽ രജിസ്റ്റർ ചെയ്തത്.
വിൽപന നടത്തിയവർ
- കെ.എം. ശശീന്ദ്രൻ ഉണ്ണി
- കെ.എം. ശ്രീകുമാരൻ ഉണ്ണി
- കെ.എം. ഭവദാസൻ ഉണ്ണി
- കെ.എം. രമേശൻ ഉണ്ണി
- -ഇന്ദിര നേത്യാർ (ഇന്ദിര മേനോൻ)
- പത്മിനി നേത്യാർ (പത്മിനി മേനോൻ)
- കെ.എം. മനോമോഹനൻ ഉണ്ണി
- ജയശ്രീ രാജ
- കെ.എം. മദൻമോഹൻ ഉണ്ണി
- കെ.എം. ലക്ഷ്മിദേവി
- അശ്വിൻ സി. മോഹന്‍
- സുശീല
- അഞ്ജലി സി. മോഹൻ
- ഗോവിന്ദൻ കുന്നത്താട്ട് നന്ദനൻ
- പൂർണിമ മോഹൻദാസ്
- വിനീത രാംകുമാർ
- കെ.ജി. കൃഷ്ണൻ
- പി.ജി. വത്സലകുമാർ
- സിന്ധു ബാലഗോപാൽ
- പുല്ലുപാടത്ത് ഗോവിന്ദനുണ്ണി സതീഷ്
പരാതിയും വന്നു
ഈ വിഷയത്തിൽ ആധാരം എഴുത്ത് അസോസിയേഷൻ 2024 നവംബർ 20ന് രജിസ്ട്രേഷൻ വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ രജിസ്ട്രേഷൻ ഉത്തര മധ്യമേഖല ഡെപ്യൂട്ടി രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറലിന് (തൃശൂർ) നിർദേശം നൽകി. ഇതിനെതിരെ കെ.എം. ശശീന്ദ്രനുണ്ണി എതിർ പരാതി സമർപ്പിച്ചു.
പരാതി അന്വേഷിക്കുന്നതിന് പാലക്കാട് ജില്ല രജിസ്ട്രാർക്ക് നിർദേശവും നൽകി കാത്തിരിക്കുകയാണ് മന്ത്രി. റവന്യൂ വകുപ്പ് ഇത് അറിഞ്ഞിട്ടുപോലുമില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.