ശബരിമലയിൽ ഒരാഴ്ചക്കിടെ 575 എക്‌സൈസ് കേസുകൾ
text_fieldsശബരിമല: ഒരാഴ്ചക്കിടെ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ 575 കേസുകൾ രജിസ്റ്റർ ചെയ്തു. സന്നിധാനത്തും പരിസരത്തുമായി 404 ഉം പമ്പയിലും പരിസരത്തുമായി 171 കേസുമാണ് രജിസ്റ്റർ ചെയ്തത്.നിരോധിത പുകയില ഉൽപന്നങ്ങൾ, സിഗരറ്റ് എന്നിവ വിറ്റതിനും പൊതുസ്ഥലത്ത് പുകവലിച്ചതിനുമാണ് കേസുകൾ. ഇവിടങ്ങളിൽനിന്ന് 1,15,000 രൂപ പിഴയീടാക്കി.
സന്നിധാനത്ത് 18വരെ നടത്തിയ പരിശോധനയിൽ 20 കിലോ നിരോധിത പുകയിലയാണ് പിടികൂടിയത്. വിൽപനക്ക് കൊണ്ടുവന്ന അഞ്ചുകിലോ നിരോധിത പുകയില ഉൽപന്നങ്ങൾ, 112 പാക്കറ്റ് സിഗരറ്റ്, 210 പാക്കറ്റ് ബീഡി എന്നിവ പമ്പയിൽനിന്ന് പിടികൂടി. 15 മുതൽ 21വരെ നടത്തിയ പരിശോധനയിലാണ് നടപടി.
സന്നിധാനത്ത് 80,800 രൂപയും പമ്പയിൽനിന്ന് 34,200 രൂപയുമാണ് പിഴയീടാക്കിയത്. ശബരിമലയും പരിസരവും മദ്യം, പുകയില, മറ്റ് ലഹരി വസ്തുക്കൾ എന്നിവയുടെ നിരോധിതമേഖലയായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് പമ്പ, നിലക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ താൽക്കാലിക എക്‌സൈസ് റേഞ്ച് ഓഫിസുകളും സ്ഥാപിച്ചിട്ടുണ്ട്. പരാതികൾ പമ്പ പൊലീസ് കൺട്രോൾ റൂമിന് എതിർവശം ദേവസ്വം ബോർഡ് മരാമത്ത് കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന താൽക്കാലിക എക്‌സൈസ് റേഞ്ച് ഓഫിസിൽ അറിയിക്കാം. എക്‌സൈസ് കൺട്രോൾ റൂം: 0473 5203332.
രണ്ടുഹോട്ടലിന് 20,000 രൂപ പിഴ
ശബരിമല: നിലക്കൽ ബേസ് ക്യാമ്പ് പരിസരങ്ങളിലെ ഹോട്ടലുകളിലും വ്യാപാരസ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ 20,000 രൂപ പിഴയീടാക്കി.നിലക്കൽ ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലായിരുന്നു സ്ക്വാഡ് പരിശോധന. ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം നൽകിയതിനാണ് രണ്ടുഹോട്ടലിൽനിന്ന് പിഴയീടാക്കിയത്.
ഒരു ഹോട്ടൽ താൽക്കാലികമായി അടപ്പിച്ചു.വൃത്തിഹീന സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്നത് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഡ്യൂട്ടി മജിസ്ട്രേറ്റ് അറിയിച്ചു. അനധികൃത കച്ചവടം നടത്തിയ പൊരി, ലോട്ടറി വിൽപനക്കാരെയും ഒഴിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.