കടലയിൽ കേന്ദ്രത്തിന്റെ രാഷ്ട്രീയം; റേഷൻ കടകളിൽ കെട്ടിക്കിടക്കുന്നത് 5.96 ലക്ഷം കിലോ
text_fieldsതിരുവനന്തപുരം: കോവിഡ് കാലത്ത് സംസ്ഥാനത്തെ പാവങ്ങൾക്ക് കേന്ദ്രസർക്കാർ നൽകിയ കടല റേഷൻ കടകളിൽ കെട്ടിക്കിടന്ന് നശിക്കുന്നു. പ്രധാനമന്ത്രി ഗരീബി കല്യാൺ യോജന (പി.എം.ജി.കെ.വൈ) പ്രകാരം അന്ത്യോദയ അന്നയോജന വിഭാഗത്തിനും (മഞ്ഞകാർഡ്) മുൻഗണനവിഭാഗത്തിനും (പിങ്ക് കാർഡ്) അനുവദിച്ച 5.96 ലക്ഷം കിലോ കടലയാണ് കഴിഞ്ഞ അഞ്ച് മാസമായി കേന്ദ്രത്തിെൻറ അനുമതി ലഭിക്കാത്തതിനെതുടർന്ന് റേഷൻ കടകളിൽ പുഴുവരിച്ച് കിടക്കുന്നത്. ഏറ്റവും കൂടുതൽ തിരുവനന്തപുരം ജില്ലയിലാണ് -1,09,965 കിലോ, കുറവ് വയനാടും -7,889 കിലോ.
ലോക്ഡൗൺ കാലത്ത് പി.എം.ജി.കെ.വൈ പദ്ധതി പ്രകാരം മുൻഗണന വിഭാഗത്തിന് അഞ്ചുകിലോ അരിയും ഒരു കിലോ പയർ/ കടലയുമാണ് കേന്ദ്രസർക്കാർ അനുവദിച്ചത്. കേന്ദ്രത്തിൽനിന്ന് ലഭിച്ച പയറും കടലയും ഗോഡൗണുകളിൽ സൂക്ഷിക്കാതെ നേരിട്ട് റേഷൻ കടകളിലേക്ക് സപ്ലൈകോ എത്തിച്ചു. നവംബറോടെ സൗജന്യവിതരണം കേന്ദ്രം അവസാനിപ്പിച്ചു. എന്നാൽ, സംസ്ഥാനത്ത് ആയിരക്കണക്കിന് റേഷൻ കടകളിൽ ആവശ്യത്തിലേറെ കടല ബാക്കിയുണ്ടായിരുന്നു.
കെട്ടിക്കിടക്കുന്ന കടല ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ഭക്ഷ്യകിറ്റുകളിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. കടലച്ചാക്കുകൾ എൻ.എഫ്.എസ്.എ ഗോഡൗണുകളിലേക്ക് തിരിച്ചെടുത്തശേഷം കിറ്റിലെ 250 ഗ്രാം തുവരപ്പരിപ്പിന് പകരം 500 ഗ്രാം കടലയും 500 ഗ്രാം ഉഴുന്നിന് പകരം 750 ഗ്രാം കടലയും പകരമായി നൽകാനായിരുന്നു പദ്ധതി. എന്നാൽ 'കിറ്റിലെ രാഷ്ട്രീയം' അതിന് വിലങ്ങുതടിയാകുകയായിരുന്നു. മുൻഗണനാ വിഭാഗങ്ങൾക്കായി നൽകുന്ന കടല എല്ലാ കാർഡുകാർക്കും നൽകുന്ന സൗജന്യ ഭക്ഷ്യകിറ്റിലേക്ക് നൽകാൻ കേന്ദ്ര ഭക്ഷ്യമന്ത്രാലയം അനുമതി നൽകിയില്ല.
പലതവണ ഇതുസംബന്ധിച്ച് കേന്ദ്രത്തിന് കത്ത് നൽകിയെങ്കിലും തെരഞ്ഞെടുപ്പിനുശേഷം വിതരണം ചെയ്താൽ മതിയെന്ന മറുപടിയാണ് ലഭിച്ചതെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇതോടെയാണ് പാവങ്ങൾക്ക് ലഭിക്കേണ്ട കടല കടകളിൽ പുഴുവരിച്ച് നശിക്കുന്നത്.-
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.