കുഞ്ഞുനക്ഷത്രങ്ങൾ പൊഴിഞ്ഞു; നടുക്കത്തിന് വഴിമാറി ആഘോഷം
text_fieldsചങ്ങരംകുളം: ക്രിസ്മസ് ആഘോഷങ്ങൾക്ക് ഒരുമിച്ച് കൂടിയവർ കാണാക്കയത്തിലേക്കും ഒരുമിച്ച് യാത്രയായി. ക്രിസ്മസ് അവധിയായതിനാൽ ആഘോഷിക്കാൻ ഒരുമിച്ച് കൂടിയതായിരുന്നു ഇവർ. സമീപത്ത് മീൻപിടിക്കാറുള്ള വേലായുധനെ കണ്ടപ്പോൾ തോണിയാത്ര നടത്തണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടു. ആദ്യം എതിർത്തെങ്കിലും കുട്ടികൾ ആവശ്യപ്പെട്ടതോടെ അദ്ദേഹം യാത്രക്കിറങ്ങി. വർഷങ്ങളോളം തോണി തുഴഞ്ഞ് തഴക്കമുള്ള ആളാണ് വേലായുധൻ. യാത്രക്കിടെ കുട്ടികൾ ഇളകിയതോടെയാണ് തോണി മറിഞ്ഞത്. തനിക്ക് രക്ഷപ്പെടാൻ കഴിഞ്ഞെങ്കിലും മരണക്കയത്തിൽനിന്ന് കുട്ടികളെ രക്ഷിക്കാനാവാതിരുന്നത് വേലായുധനെ ഏറെ തളർത്തി. അപകടം അറിഞ്ഞയുടനെ പ്രദേശവാസികൾ രക്ഷാപ്രവർത്തനത്തിയെങ്കിലും നരണിപ്പുഴ കൊഴപ്പുള്ളി കടക്കുഴികായലിന് ഒഴുക്കും ആഴവും കൂടുതലായതിനാൽ രക്ഷാപ്രവർത്തനം തടസ്സമായി. ഏറെ നേരത്തേ പരിശ്രമത്തിന് ശേഷമാണ് ഫയർഫോഴ്സും പൊലീസും അപകടത്തിൽപ്പെട്ടവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
ശിവഗിയും ഫാത്തിമയും രക്ഷപ്പെട്ടത് നീന്തൽവശമുള്ളതിനാൽ
തോണി മറിഞ്ഞപ്പോൾ ശിവഗിയും ഫാത്തിമയും രക്ഷപ്പെട്ടത് നീന്തല്‍ അറിയുന്നതിനാൽ മാത്രം. സ്കൂള്‍ അവധിക്ക് വിരുന്നുവന്ന, ബന്ധുവായ കുട്ടിയുമൊത്ത് വേലായുധനും ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്ന് കായല്‍യാത്ര ആസ്വദിക്കാനാണ് തോണിയെടുത്ത് ഇറങ്ങിയത്. രക്ഷാപ്രവര്‍ത്തനം ദുഷ്കരമായത് മരണനിരക്ക് കൂടാൻ കാരണമായി. അപകടവിവരം അറിയാന്‍ വൈകിയതും സംഭവസ്ഥലത്തേക്ക് എത്തിച്ചേരാന്‍ വൈകിയതും മരണസംഖ്യ ഉയര്‍ത്തി. സമീപത്തുള്ള ഒരു ബണ്ട് പൊട്ടിയത് കാണാനായിരുന്നു കുട്ടികൾ പോയത്. മരിച്ച കുട്ടികൾ നരണിപ്പുഴയിലും പനമ്പാടിയിലുമുള്ളവരാണ്.
നരണി കണ്ണീരാറ്
അവധിക്കാലത്തിെൻറ സന്തോഷം ആഘോഷിക്കവെ കുട്ടികൾ അപ്രതീക്ഷിതമായി മരണക്കയത്തിലേക്ക് ആണ്ടുപോയതിെൻറ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും ഇപ്പോഴും. ഒരു സാധാരണ സായാഹ്നം വളരെ പെട്ടെന്നാണ് ദുഃഖത്തിെൻറ കറുത്ത മൂടുപടമണിഞ്ഞത്. കണ്ടുനിന്ന ആരെയും കണ്ണീരണിയിക്കുന്നതായിരുന്നു നരണിപ്പുഴയിൽ അപകടം നടന്ന സ്ഥലത്തെയും ചങ്ങരംകുളത്തെ ആശുപത്രിയിലെയും കാഴ്ചകൾ.തോണി മറിഞ്ഞ വിവരമറിഞ്ഞയുടനെ നാട്ടുകാർ കൈമെയ് മറന്ന് രക്ഷാപ്രവർത്തനത്തിനിറങ്ങി. ആരൊക്കെയാണ് അപകടത്തിൽപ്പെട്ടിരിക്കുന്നതെന്നോ എത്രപേരുണ്ടെന്നോ എന്താണ് സംഭവിച്ചതെന്നോ തുടക്കത്തിൽ മനസ്സിലായില്ല.
കിട്ടിയവരെയും കൊണ്ട് കിട്ടിയ വാഹനങ്ങളിൽ അവർ ആശുപത്രിയിലേക്ക് കുതിച്ചു. പരിസരപ്രദേശങ്ങളിൽനിന്നും ആംബുലൻസുകൾ വിളിച്ചുവരുത്തി. പുറത്തെടുത്തവരെ ആശുപത്രിയിലെത്തിക്കാൻ പൊലീസ് വാഹനങ്ങളും ഉപയോഗിച്ചു. ഹോൺ മുഴക്കി വാഹനങ്ങൾ ചീറിപ്പാഞ്ഞു.അറഫ സൺറൈസ് ആശുപത്രിയിൽതന്നെ ആറുപേരുടെയും മരണം സ്ഥിരീകരിച്ചു. ഇവിടെയെത്തിയ ബന്ധുക്കളെ ആശ്വസിപ്പിക്കാനാവാതെ നാട്ടുകാർ തരിച്ചുനിന്നു. മരിച്ചവരിൽ പലരും ഒരേ കുടുംബത്തിൽപ്പെട്ടവരാണെന്നത് ആഘാതത്തിെൻറ ആഴം കൂട്ടി. നീന്തൽ അറിയാവുന്നതുകൊണ്ട് മാത്രമാണ് മൂന്നുപേരുടെ ജീവൻ ബാക്കിയായതെന്ന് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു. ഇവർ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ സമയമെടുക്കും.
നിർബന്ധിത നീന്തൽ പരിശീലനം ജലരേഖയായി
അരീക്കോട്/മലപ്പുറം: മൂർക്കനാട് തോണിദുരന്തത്തിന് ശേഷം എല്ലാ സ്കൂളുകളിലും വിദ്യാർഥികൾക്ക് നിർബന്ധമായും നീന്തൽ പരിശീലനം നൽകണമെന്ന് സർക്കാർ ഉത്തരവിറങ്ങിയെങ്കിലും ജലരേഖയായി മാറി. നീന്തലറിയാമെന്ന ഗ്രാമപഞ്ചായത്ത് പ്രസിഡൻറിെൻറ സാക്ഷ്യപത്രം നൽകിയാൽ ഹയർ സെക്കൻഡറി പ്രവേശനത്തിന് ഗ്രേസ് മാർക്ക് നൽകുന്നതും മൂർക്കനാട് അപകടത്തിന് ശേഷം നടപ്പാക്കിയതാണ്. എന്നാൽ, സാക്ഷ്യപത്രം ലഭിക്കുന്ന ഭൂരിപക്ഷം വിദ്യാർഥികൾക്കും നീന്തലറിയില്ലെന്നതാണ് വാസ്തവം. ചങ്ങരംകുളത്ത് നരണിപ്പുഴയിൽ ജീവൻ പൊലിഞ്ഞതിൽ അഞ്ച് പേരും 15 വയസ്സിൽ താഴെയുള്ളവരാണ്.
2015ൽ ‘ജലരക്ഷ പദ്ധതി’ നടപ്പാക്കാൻ അഗ്നിശമന സേനയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, വേനലിൽ ജലാശയങ്ങൾ വറ്റുന്നതും മഴക്കാലത്ത് വെള്ളം കൂടുതലുള്ളതുമാണ് പ്രധാന തടസ്സം. ഇവക്ക് രണ്ടിനും ഇടയിൽ സ്കൂൾ അവധികളും പരീക്ഷകളും വരുന്നു. സ്വിമ്മിങ് പൂൾ ഉള്ള ഇടങ്ങളിൽ മാത്രമാണ് ഇവ പ്രായോഗികം. മലപ്പുറം നഗരത്തിൽ എം.എസ്.പി സ്കൂൾ, കോട്ടപ്പടി ഗവ. ബോയ്സ് സ്കൂൾ എന്നിവിടങ്ങളിലെ 30 കുട്ടികൾക്ക് മാത്രമാണ് നീന്തൽ പരിശീലനം നൽകാനായത്. കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം അനിവാര്യമാണെന്ന കാര്യത്തില്‍ ഇപ്പോഴും രക്ഷിതാക്കള്‍ ബോധവാന്മാരല്ല. അതോടൊപ്പം കുട്ടികളെ വെള്ളത്തിലേക്ക് വിടാനുള്ള ഭയവും നിലനില്‍ക്കുന്നു. അതേസമയം, ജില്ലയിൽ ജലാശയ അപകടങ്ങൾ കുറവാണെന്ന് അഗ്നിശമനസേന മലപ്പുറം സ്റ്റേഷൻ ഒാഫിസർ ബാബുരാജ് പറഞ്ഞു.
മൂർക്കനാട് ദുരന്തത്തിെൻറ എട്ടാമാണ്ടിൽ വീണ്ടും കണ്ണീർപുഴ
അരീക്കോട്: നാടിനെ നടുക്കിയ മൂർക്കനാട്ടെ തോണിദുരന്തം സംഭവിച്ചിട്ട് എട്ടുവർഷം പിന്നിട്ട വേളയിൽ പുഴ വീണ്ടും കണ്ണീരണിഞ്ഞു. രണ്ടിടത്തും പുഴയുടെ ആഴങ്ങളിൽ ജീവൻ പൊലിഞ്ഞത് കുട്ടികൾക്കാണ്. 2009 നവംബർ നാലിനാണ് മൂർക്കനാട് സുബുലുസലാം ഹയർ സെക്കൻഡറി സ്കൂൾ വിട്ടുവരികയായിരുന്ന എട്ട് വിദ്യാർഥികളുടെ ജീവൻ കടത്തുതോണി മറിഞ്ഞ് ചാലിയാറിെൻറ ആഴങ്ങളിൽ പൊലിഞ്ഞത്. എം.സി. മുഹമ്മദ് മുഷ്ഫിഖ്, ഇ. തൗഫീഖ്, കെ. ഷിഹാബുദ്ദീൻ, കെ.സി. ഷമീം, ടി. സുഹൈൽ, എൻ.വി. സിറാജുദ്ദീൻ, എം.പി. ഷാഹിദലി, എം.പി. ത്വയിബ എന്നീ ഹയർ സെക്കൻഡറി വിദ്യാർഥികളാണ് നാടിെൻറ കണ്ണുനീരായത്. അമിതഭാരത്താൽ തോണി ചാഞ്ചാടിയപ്പോൾ കുട്ടികൾക്ക് സ്വയം നിയന്ത്രിക്കാൻ കഴിയാതെ വരികയും തോണി മറിയുകയുമായിരുന്നു. തോണിയില്‍ 30ഓളം കുട്ടികളുണ്ടായിരുന്നു. നിരവധി കുട്ടികള്‍ നീന്തി രക്ഷപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.