നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഒരാൾ കൂടി മരിച്ചു; മരണം ആറായി
text_fieldsകാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്ര കളിയാട്ടത്തിനിടെ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. നീലേശ്വരം തേർവയൽ സ്വദേശി പത്മനാഭൻ(75) ആണ് മരിച്ചത്. കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ മരിച്ചവരുടെ എണ്ണം ആറായി.
ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച് ഒക്ടോബർ 29ന് രാത്രി 12 മണിക്കാണ് അപകടം നടന്നത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് ചൈനീസ് പടക്കം പൊട്ടിക്കുന്നതിനിടെ കമ്പപ്പുരയ്ക്ക് മുകളിലേക്ക് തീപ്പൊരി വന്ന് പതിക്കുകയായിരുന്നു. അപകടത്തിൽ 150ലേറെ പേർക്കാണ് പരിക്കേറ്റത്.
കാസർകോട് കിണാവൂരിലെ രഞ്ജിത്ത് (28), ബിജു, രതീഷ്, സന്ദീപ്, തുരുത്തി ഓർക്കളത്തെ ശാബിൻ രാജ് (19) എന്നിവർ വിവിധ ദിവസങ്ങളിലായി മരണപ്പെട്ടിരുന്നു. കിണാവൂരിലെ മുണ്ടോട്ട് കുഞ്ഞിരാമൻ, ഉഷ ദമ്പതികളുടെ മകനാണ് മരിച്ച രജിത്ത്. ഗോപികയാണ് രജിത്തിന്റെ ഭാര്യ. ഒരു വയസുള്ള കുഞ്ഞുണ്ട്. സഹോദരൻ സജിൻ.
സംഘാടകരായ ഒമ്പതുപേർക്കെതിരെ വധശ്രമകുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. കേസിലെ എല്ലാ പ്രതികളുടെയും ജാമ്യം ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. 38 പേർ ഇനിയും വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ആറുപേർ അത്യാഹിത വിഭാഗത്തിലാണ്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.