എഫ്.ബി സൗഹൃദത്തിലൂടെ മൂന്ന് സ്ത്രീകളുടെ 60 ലക്ഷം നഷ്ടമായി; തട്ടിപ്പ് ഇങ്ങനെ
text_fieldsതൃശൂർ: സമൂഹമാധ്യമങ്ങളിലെ അതിരുവിട്ട സൗഹൃദത്തിൽ തൃശൂർ സ്വദേശികളായ മൂന്ന് സ്ത്രീകളിൽനിന്ന് തട്ടിയെടുത്തത് 60 ലക്ഷം. തൃശൂർ സൈബർ പൊലീസിലാണ് പരാതി ലഭിച്ചത്. ഓൺലൈനിലെ പുതിയതരം തട്ടിപ്പിൽ നിരവധി പേർ ഇരകളാകുന്നുവെന്നും ജാഗ്രത വേണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
വിവിധ ഘട്ടങ്ങളിലൂടെയുള്ള തട്ടിപ്പ് നടത്തുന്നത് ഇങ്ങനെ:
ഫേസ്ബുക്കിൽ സജീവമായവരുടെ പ്രൊഫൈലുകൾ നിരീക്ഷിച്ച്, ഫ്രൻഡ്ഷിപ് റിക്വസ്റ്റ് അയക്കുന്നു. യൂറോപ്യൻ ശൈലിയിലുള്ള പേരുകളും പ്രൊഫൈൽ ചിത്രങ്ങളുമുള്ള അക്കൗണ്ടിൽനിന്നാണ് റിക്വസ്റ്റ് വരുന്നത്. റിക്വസ്റ്റ് സ്വീകരിക്കുന്നതോടെ ആഴ്ചകളും മാസങ്ങളും നീളുന്ന നിരീക്ഷണത്തിലൂടെ വ്യക്തികളുടെ സ്വഭാവവും ഇഷ്ടങ്ങളും മനസ്സിലാക്കുന്നു. ഫേസ്ബുക്ക് മെസെഞ്ചർ ചാറ്റിങ്ങിലൂടെ സൗഹൃദം സ്ഥാപിച്ച് വാട്സ്ആപ് നമ്പർ കൈക്കലാക്കുന്നു.
യൂറോപ്പിലോ അമേരിക്കയിലോ ജോലിചെയ്യുന്ന ഡോക്ടർ, കോടീശ്വരൻ, സോഫ്റ്റ്വെയർ കമ്പനി മുതലാളി എന്നിങ്ങനെ വിവിധ മുഖംമൂടികളുമായാണ് തട്ടിപ്പുകാരുടെ വരവ്. നിരന്തരമായ വാട്സ്ആപ് ചാറ്റിങ്ങിലൂടെയും വിഡിയോ കാളിങ്ങിലൂടെയും ഇരകളുമായി വൈകാരിക വ്യക്തിബന്ധം സ്ഥാപിച്ചെടുക്കുന്നു.
പരിചയപ്പെടുന്ന ആളുടെ ജന്മദിനം, വിവാഹ വാർഷികം, കുട്ടികളുടെ ജന്മദിനം തുടങ്ങിയ അനുയോജ്യമായ ദിവസം മനസ്സിലാക്കി സർപ്രൈസ് സമ്മാനം അയക്കുന്നുണ്ടെന്ന് അറിയിക്കുന്നു. സമ്മാനം പാക്ക് ചെയ്തതിെൻറ ഫോട്ടോ അയക്കുന്നു. ഇര അത് വിശ്വസിക്കുകയും ആകാംക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നു. രണ്ടോ മൂന്നോ ദിവസത്തിനു ശേഷം ഡൽഹിയിലെ ഇന്ദിരാഗാന്ധി എയർപോർട്ടിൽനിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥ എന്ന് പരിചയപ്പെടുത്തി ഒരു സ്ത്രീ വിളിക്കുന്നു. നിങ്ങളുടെ പേരിൽ ഒരു പാർസൽ എത്തിയിട്ടുണ്ടെന്നും അതിന് പ്രോസസിങ് ഫീ ഇനത്തിൽ ചെറിയ ഒരു തുക അടക്കണമെന്നും നിർദേശിക്കുന്നു.
ഇക്കാര്യം ചാറ്റിങ്ങിലൂടെ ഇര അറിയിക്കുേമ്പാൾ 'യൂറോപ്പിലുള്ള സുഹൃത്ത്': ഇന്ത്യയിലേക്ക് പാർസൽ അയക്കുമ്പോൾ മാത്രമാണ് ഇങ്ങനെയുള്ള പ്രോസസിങ് ഫീസ് ഈടാക്കുന്നുള്ളൂ. തങ്ങളുടെ രാജ്യത്ത് ഇതുപോലുള്ള നൂലാമാലകൾ ഇല്ല. ഇഷ്ടത്തോടെ താൻ അയച്ച പാർസൽ നിരാകരിക്കരുത്.
'എയർപോർട്ട് അധികൃതരുടെ' നിർദേശപ്രകാരം താരതമ്യേന ചെറിയ തുക ഓൺലൈൻ മുഖേന ഇര കൈമാറുന്നു. രണ്ടോ മൂന്നോ ദിവസത്തിനുശേഷം 'എയർപോർട്ട് അധികൃതർ' വീണ്ടും വിളിക്കുന്നു: 'നിങ്ങളുടെ പേരിൽ വന്ന പാർസൽ ക്ലിയറിങ് സെക്ഷനിൽ സ്കാനിങ്ങിന് വിധേയമാക്കിയപ്പോൾ കുറേ സ്വർണാഭരണങ്ങൾ, വിലകൂടിയ റോളക്സ് വാച്ച്, ഐഫോൺ മൊബൈൽ, 50,000 ബ്രിട്ടീഷ് പൗണ്ട് തുടങ്ങിയവ കാണപ്പെട്ടു. ഇത് ഇന്ത്യൻ രൂപയുമായി താരതമ്യം ചെയ്യുമ്പോൾ കോടികളുടെ മൂല്യമുണ്ട്. പക്ഷേ, എയർപോർട്ട് ക്ലിയറിങ് നിയമമനുസരിച്ച്, പാർസൽ ബാഗുകളിൽ ഇത്തരം വിലകൂടിയ വസ്തുക്കൾ അയക്കുന്നത് തെറ്റാണ്. അതിനാൽ പാർസൽ ബാഗിലെ വസ്തുക്കളുടെ മൂല്യത്തിെൻറ ചെറിയൊരു ശതമാനം കസ്റ്റംസ് ഡ്യൂട്ടി അടക്കണം.
വിശ്വാസം വരുന്നതിനുവേണ്ടി പാർസൽ ബാഗിലെ വസ്തുക്കളുടെ സ്കാനിങ് ഫോട്ടോകൾ എന്ന രീതിയിൽ വിലകൂടിയ സ്വർണാഭരണങ്ങളുടെയും പണത്തിെൻറയും ചിത്രങ്ങൾ വാട്സ്ആപ്പിൽ അയച്ചു നൽകുന്നു.
'സുഹൃത്ത് യൂറോപ്പിൽനിന്ന്' വാട്സ്ആപ് ചാറ്റിങ് തുടരുന്നു. പാർസൽ ഇതുവരെ ലഭിച്ചില്ലെന്നും ഡ്യൂട്ടി അടക്കാൻ എയർപോർട്ട് അധികൃതർ നിർദേശിച്ചിട്ടുണ്ട് എന്നും പറയുമ്പോൾ 'യൂറോപ്യൻ സുഹൃത്ത്': ആ പാർസൽ ഒരിക്കലും നിരാകരിക്കരുത്. കടം വാങ്ങിയെങ്കിലും അവർ പറഞ്ഞ പണമടച്ച് പാർസൽ കൈപ്പറ്റണം. പാർസലിലെ സ്വർണാഭരണങ്ങളുടെയും പണത്തിെൻറയും മൂല്യം ഇന്ത്യൻ രൂപയിൽ താരതമ്യം ചെയ്യുമ്പോൾ കോടികൾ ഉണ്ടാകും.
ഇത്തരത്തിലാണ് ഇരകളിൽനിന്ന് പണം തട്ടിയെടുക്കുന്നത്. ഒരു പരാതിക്കാരിയിൽനിന്ന് പലതവണകളിലായി ചെറിയ ചെറിയ തുകകളായി 30 ലക്ഷത്തോളം തട്ടിയെടുത്ത ശേഷവും ഇരയുടെ വിശ്വാസം നിലനിർത്താൻ അവരുടെ മകെൻറ ജന്മദിനത്തിൽ 10,000 രൂപ വിലവരുന്ന ഒരു സൈക്കിൾ അയച്ചു കൊടുത്ത സംഭവവുമുണ്ടായി.
തട്ടിപ്പുകാർക്ക് നൽകാൻ കടം വാങ്ങി, ഭൂമിയും സ്വർണവും വിറ്റു
കടം വാങ്ങിയും സ്വർണവും ഭൂമിയും വിറ്റുമാണ് പലരും സൈബർ തട്ടിപ്പുകാരുടെ അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ചത്. പൊലീസുദ്യോഗസ്ഥൻ എന്ന് പരിചയപ്പെടുത്തിയും ഒരാൾ ഇരയുടെ ഫോണിലേക്ക് വിളിച്ചു. തങ്ങളുടെ പേരിൽ പാർസലായി അയച്ചിട്ടുള്ള ബാഗിനുള്ളിൽ സ്വർണവും പണവും കാണപ്പെട്ടത് ഗുരുതര കുറ്റമാണെന്നും അത് കസ്റ്റംസ് ഡ്യൂട്ടി നൽകി കൈപ്പറ്റിയില്ലെങ്കിൽ പൊലീസ് വന്ന് അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞ് അയാൾ ഭീഷണിപ്പെടുത്തി. കൈവശമുള്ള മുഴുവൻ പണവും നഷ്ടപ്പെടുകയും ഭൂമിയും സ്വർണാഭരണങ്ങളും പണയത്തിലാവുകയും ചെയ്തിട്ടും വാഗ്ദാനം ചെയ്ത പാർസൽ ബാഗ് ലഭിച്ചില്ല. തുടർന്ന് അറസ്റ്റ് ഭീഷണി വന്നപ്പോഴാണ് ഇരകൾ സൈബർ പൊലീസിൽ പരാതി നൽകിയത്. തൃശൂർ സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ അന്വേഷണം നടന്നുവരുകയാണ്.
പൊലീസിെൻറ മുന്നറിയിപ്പ്
ലോകത്തിെൻറ ഏതു ഭാഗത്തുനിന്നും സമൂഹമാധ്യമങ്ങളിലൂടെ സൈബർ കുറ്റവാളികൾക്ക് സംവദിക്കാൻ സാധിക്കും. സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി വരുന്ന ഫ്രൻഡ് റിക്വസ്റ്റുകളോട് സൂക്ഷ്മതയോടെ പെരുമാറുക. തീർത്തും അറിയപ്പെടാത്തവരെ നിരാകരിക്കുക. മോഹന വാഗ്ദാനങ്ങളിലും സൗജന്യ സമ്മാനങ്ങളിലും വിശ്വസിക്കാതിരിക്കുക.
ഓൺലൈനിലൂടെ പണം ആവശ്യപ്പെടുകയും വ്യക്തിഗത വിവരങ്ങൾ ചോദിക്കുകയും ചെയ്യുമ്പോൾ ആ വിവരം നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടുക. ഏതു അവസരത്തിലും രാത്രി-പകൽ ഭേദമന്യേ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് ടെലിഫോണിൽ വിളിച്ച് ചോദിക്കാവുന്നതാണ്.
പരിചയമില്ലാത്ത സൈബർ സുഹൃത്തിെൻറ വൈകാരിക മെസേജുകളിലും വിഡിയോ ചാറ്റിങ് നിർദേശങ്ങളിലും വീഴാതിരിക്കാൻ ജാഗ്രത പുലർത്തുക. എയർപോർട്ടുകളിൽനിന്നും കസ്റ്റംസ് ഓഫിസുകളിൽനിന്നും യഥാർഥ ഉദ്യോഗസ്ഥർ അവരുടെ മൊബൈൽ ഫോൺ നമ്പറിൽനിന്നും വിളിക്കില്ല. അവരോട് അവർ ജോലി ചെയ്യുന്ന ഓഫിസിലെ ലാൻഡ് ഫോൺ നമ്പർ ചോദിക്കുക. ഓഫിസ് വിലാസം ചോദിക്കുക. അറിവുള്ളവരുമായി വിവരങ്ങൾ പങ്കിടുക. എയർപോർട്ട്, കസ്റ്റംസ് തുടങ്ങിയ എല്ലാ ഒദ്യോഗിക സേവനങ്ങൾക്കും ഒഫീഷ്യൽ വെബ്സൈറ്റ് വിലാസം ഉണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.