ഇർഷാദ് കൊണ്ടുവന്ന 60 ലക്ഷത്തിന്റെ സ്വർണം ആരുടെ കൈയിൽ?
text_fieldsപേരാമ്പ്ര: സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇർഷാദ് ദുബൈയിൽനിന്ന് കൊണ്ടുവന്ന 60 ലക്ഷം രൂപയുടെ സ്വർണം കൈക്കലാക്കിയതാര്? ഇത് ഇർഷാദിന്റെ സുഹൃത്തുക്കളായ മൂന്നു പേരുടെ കൈവശമാണെന്ന് ബന്ധുക്കൾ ഉറപ്പിച്ചു പറയുന്നുണ്ടെങ്കിലും ഇവരെ അറസ്റ്റ് ചെയ്യാനാവശ്യമായ വ്യക്തമായ തെളിവ് പൊലീസിന് ഇനിയും ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കൽപറ്റ കോടതിയിൽ കീഴടങ്ങിയ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ ഇവരിലേക്ക് എത്തുമെന്നാണ് പൊലീസ് കരുതുന്നത്.
ഇർഷാദിന്റെ സുഹൃത്തുക്കളായ നിജാസും ഷമീറും കബീറും സ്വർണം ഇർഷാദിൽനിന്ന് തന്ത്രപൂർവം കൈക്കലാക്കുകയായിരുന്നത്രെ. മേയ് 13ന് രാത്രി കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ ഇർഷാദിനെ വിളിക്കാൻ നിജാസാണ് പോയത്. കെമിക്കൽ രൂപത്തിലാക്കി കൊണ്ടുവന്ന ഈ സ്വർണം വേർതിരിച്ചെടുത്തത് നാദാപുരം പാറക്കടവിലുള്ള സ്വർണപ്പണിക്കാരനാണെന്ന് സംസാരമുണ്ട്. ഇത് ഇവർ പാനൂരിലെ സ്വർണക്കടയിൽ നൽകി പണം വാങ്ങിയെന്ന സൂചനയും പൊലീസിനു ലഭിച്ചിട്ടുണ്ട്. സ്വാലിഹിന്റെ സംഘം തിരഞ്ഞുവരാതിരിക്കാൻ ഷമീർ വൈത്തിരിയുള്ള ലോഡ്ജിൽ ഇർഷാദിനെ താമസിപ്പിക്കുകയും ചെയ്തു. അവന്റെ ചെലവിന് ഷമീറും നിജാസും ഗൂഗ്ൾ പേ മുഖേന പണം 5000, 2000 വെച്ച് അയച്ചുകൊടുത്തതിന്റെ തെളിവുണ്ടെന്നും സഹോദരൻ പറഞ്ഞു. സ്വർണം വിറ്റ തുകയിൽനിന്ന് ഒരു പൈസയും ഇർഷാദിന് ലഭിച്ചിട്ടില്ല. ചെലവിന്റെ തുക അയച്ചുകൊടുത്തത് ഇതാണ് വ്യക്തമാക്കുന്നത്. ഒളിവിൽ താമസിപ്പിച്ചവർ തന്നെ ഇർഷാദിനെ സ്വാലിഹിന്റെ ക്വട്ടേഷൻ സംഘത്തിന് കാട്ടിക്കൊടുക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. ഇർഷാദ് ഇല്ലാതായാൽ സ്വർണം കൈക്കലാക്കിയവർ സുരക്ഷിതരാവുകയും ഇർഷാദിന് പങ്ക് കൊടുക്കുകയും വേണ്ടെന്ന ധാരണയിലാണ് കൊടുംചതി ചെയ്തതെന്ന് ബന്ധുക്കൾ പറയുന്നു. മൂന്നു വർഷത്തോളം കുവൈത്തിൽ ജോലി ചെയ്ത് നാട്ടിൽ തിരിച്ചെത്തിയ ഇർഷാദിന്റെ വിവാഹം കഴിയുന്നത് 2021 ജൂലൈ 26ന് ആണ്. കുവൈത്തിലുള്ളതിനെക്കാളും ശമ്പളം കിട്ടുന്ന പണി ലഭിക്കുമെന്നു കരുതിയാണ് ഇർഷാദ് സഹോദരൻ ഫർസാദും അമ്മാവൻ നൗഷാദും ജോലി ചെയ്യുന്ന ദുബൈയിലേക്ക് സന്ദർശക വിസയിൽ 2022 ഫെബ്രുവരി 14ന് പോകുന്നത്. അവിടെ ഒരു മാസം നൗഷാദിന്റെ കടയിൽ ജോലിചെയ്തു.
ഡ്രൈവിങ് അറിയുന്ന ഇർഷാദ് ജോബ് വിസക്ക് അപേക്ഷ നൽകിയിരുന്നു. അതിനിടക്കാണ് ഇർഷാദ് സ്വർണക്കടത്ത് സംഘത്തിന്റെ വലയിലാവുന്നത്. ഇർഷാദിന്റെ സുഹൃത്തായ നിജാസ് പരിചയപ്പെടുത്തിയ കണ്ണൂർ സ്വദേശി ജസീൽ ജലീൽ ആണ് ഇർഷാദിനെ സ്വർണക്കടത്തു സംഘത്തിന്റെ അരികിൽ എത്തിക്കുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. ജസീൽ കൊടുത്ത ഉറപ്പിലാണ് സ്വാലിഹ് സ്വർണം കൊടുത്തയക്കുന്നത്. ജസീൽ ഇർഷാദിന്റെ സഹോദരനാണെന്നും പറഞ്ഞ് ഇർഷാദിന്റെ സുഹൃത്തായ കബീറിന്റെ നമ്പറാണ് കൊടുത്തത്. സ്വാലിഹ് കബീറിനെ വിളിച്ചാണ് അനുജന്റെ കൈവശം സ്വർണം നൽകിയിട്ടുണ്ടെന്ന് അറിയിച്ചത്.
മേയ് 13ന് ദുബൈയിൽനിന്ന് ഇർഷാദ് നാട്ടിലെത്തിയെങ്കിലും വീട്ടിലെത്തിയില്ല. സ്വർണം ലക്ഷ്യസ്ഥാനത്ത് എത്താതിരുന്നതോടെ സഹോദരൻ ഫർസാദിനെ തേടി സ്വാലിഹ് എത്തിയപ്പോഴാണ് ഇർഷാദ് സ്വർണവുമായി പോയ വിവരം അയാൾ അറിയുന്നത്. വീട്ടിലും ഇർഷാദ് എത്തിയിട്ടില്ലെന്ന് അറിഞ്ഞതോടെ പിതാവിനോട് പരാതി കൊടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.
അങ്ങനെയാണ് കോഴിക്കുന്നുമ്മൽ നാസർ ഗൾഫിൽനിന്ന് വന്ന മകനെ കാണാനില്ലെന്നു പറഞ്ഞ് പെരുവണ്ണാമൂഴി പൊലീസിൽ ആദ്യം പരാതി നൽകുന്നത്. മകനെ ചതിച്ചവർ അവന്റെ ഉറ്റ ചങ്ങാതിമാരാണെന്നത് ഏറെ വേദനിപ്പിക്കുന്നതായി പിതാവ് നാസർ പറഞ്ഞു.
ഇർഷാദ് വധം: രണ്ടുപേർ കൂടി പൊലീസ് കസ്റ്റഡിയിൽ
പേരാമ്പ്ര: സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പന്തിരിക്കരയിലെ ഇര്‍ഷാദിന്റെ കൊലപാതക കേസില്‍ രണ്ടുപേർ കൂടി അറസ്റ്റില്‍.
ഇര്‍ഷാദിനെ വയനാട്ടിലെ ലോഡ്ജില്‍നിന്ന് തട്ടിക്കൊണ്ടുപോയ സംഘത്തിലെ അംഗങ്ങളായ വയനാട് മേപ്പാടി സ്വദേശികളായ മുബഷീര്‍ (28), ഹിബാസ് (30) എന്നിവരെയാണ് ചൊവ്വാഴ്ച പെരുവണ്ണാമൂഴി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കായുള്ള തിരച്ചിലിനിടയില്‍ ഇവരെ പെരുവണ്ണാമൂഴി സബ് ഇൻസ്പെക്ടര്‍ ആര്.സി. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം വയനാട്ടിൽവെച്ച് പിടികൂടുകയായിരുന്നു.
രണ്ടുപേർ കൂടി അറസ്റ്റിലായതോടെ നിലവിൽ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. വൈത്തിരി സ്വദേശി മിസ്ഹര് (48), റിപ്പണ്‍ സ്വദേശി ഷാനവാസ് (32), കൊടുവള്ളി സ്വദേശി താക്കോല്‍ ഇര്‍ഷാദ് എന്ന ഇര്‍ഷാദ് (37) എന്നിവരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പേരാമ്പ്ര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി -രണ്ട് റിമാൻഡ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.