Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രവാസി...

പ്രവാസി സംരംഭങ്ങൾക്കായി നോര്‍ക്ക റൂട്ട്‌സ് അനുവദിച്ചത് 6010 വായ്പകള്‍

text_fields
bookmark_border
Norka Roots
cancel

കോവിഡ് മഹാമാരിക്കു ശേഷം പ്രവാസി മലയാളി സമൂഹം നാട്ടില്‍ സംരംഭകമേഖലയില്‍ കൂടുതല്‍ സജീവമാവുന്നതായി നോര്‍ക്ക റൂട്ട്‌സ്. കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികള്‍ക്കായി ആവിഷ്‌കരിച്ച സംരംഭക സഹായ പദ്ധതികളില്‍ നൂറു ശതമാനം ധനവിനിയോഗമാണ് ഉണ്ടായതെന്ന് നോര്‍ക്ക റൂട്ട്‌സ് പറയുന്നു.

വ്യത്യസ്ത തലങ്ങളിലെ സ്വയംസംരംഭകരെ സഹായിക്കുന്നതിന് 2021-22 വര്‍ഷത്തില്‍ നടപ്പാക്കിയ പ്രവാസി ഭദ്രത പദ്ധതികള്‍ പ്രവാസികള്‍ പൂര്‍ണമായി ഏറ്റെടുത്തതായി നോര്‍ക്ക റൂട്ട്‌സ് ചൂണ്ടിക്കാട്ടുന്നു. പ്രവാസി ഭദ്രത-പേള്‍, പ്രവാസി ഭദ്രത-മൈക്രോ, പ്രവാസി ഭദ്രത-മെഗാ എന്നീ പദ്ധതികളിലൂടെ 5010 സംരംഭവായ്പകളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിതരണം ചെയ്തത്. നിലവിലുണ്ടായിരുന്ന എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിക്ക് കീഴില്‍ 1000 സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്.

പ്രവാസി ഭദ്രത പേള്‍ പദ്ധതി കുടുംബശ്രീ മുഖേനെയാണ് നടപ്പാക്കുന്നത്. സൂക്ഷ്മ സംരംഭങ്ങള്‍ക്കായി രണ്ടു ലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്‍കുന്ന ഈ പദ്ധതിയില്‍ 3081 വായ്പകള്‍ അനുവദിച്ചു. 44 കോടി രൂപ പലിശരഹിത വായ്പ വിതരണം ചെയ്തു.

അഞ്ചു ലക്ഷം വരെയുള്ള സ്വയംതൊഴില്‍ വായ്പകള്‍ അനുവദിക്കുന്ന പ്രവാസി ഭദ്രത -മൈക്രോ പദ്ധതി വഴി 1927 വായ്പകള്‍ അനുവദിച്ചു. കെ.എസ്.എഫ്.ഇ വഴി 1921 വായ്പകളും കേരളാ ബാങ്ക് വഴി ആറ് വായ്പകളുമായി നല്‍കിയത്. 90.41 കോടി രൂപ വായ്പ ഇനത്തില്‍ നല്‍കി. ഇതിനുള്ള മൂലധന സബ്‌സിഡിയും പലിശസബ്‌സിഡിയും നോര്‍ക്ക നല്‍കുന്നു. പദ്ധതി തുകയുടെ 25 ശതമാനം പരമാവധി ഒരു ലക്ഷം രൂപ വരെ ഈ പദ്ധതിയില്‍ സബ്‌സിഡിയായി ലഭിക്കും. ആദ്യ നാലു വര്‍ഷം കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് മൂന്നുശതമാനം പലിശ സബ്‌സിഡിയും ലഭിക്കും. വിവിധ സഹകരണ സ്ഥാപനങ്ങള്‍, പ്രവാസി കോഓപ്പറേറ്റീവ് സൊസൈറ്റികള്‍, മറ്റ് നാഷണലൈസ്ഡ് ബാങ്കുകള്‍ തുടങ്ങിയ ധനകാര്യസ്ഥാപനങ്ങള്‍ വഴി നടപ്പു സാമ്പത്തിക വര്‍ഷം ഈ വായ്പാവിതരണം വിപുലമാക്കാനാണ് വിഭാന ചെയ്തിരിക്കുന്നത്.

പ്രവാസി ഭദ്രത പേള്‍ വായ്പക്ക് കുടുംബശ്രീ സി.ഡി.എസ്സുകള്‍ വഴിയും മൈക്രോ വായ്പയ്ക്ക് കെ.എസ്.എഫ്.ഇ/കേരളാ ബാങ്ക് ശാഖ വഴിയും അപേക്ഷിക്കാവുന്നതാണ്. ഇതിനു പുറമെ നോര്‍ക്ക റൂട്ട്‌സിന്റെ നിലവിലുള്ള പ്രധാന സംരംഭക സഹായ പദ്ധതിയായ എന്‍.ഡി.പി.ആര്‍ഇ.എമ്മിലും (നോര്‍ക്ക ഡിപ്പാര്‍ട്ടുമെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ്) കഴിഞ്ഞ വര്‍ഷം അഭൂതപൂര്‍വമായ മുന്നേറ്റമുണ്ടായി. 1000 സംരംഭക വായ്പകളാണ് ഈ പദ്ധതിയിലൂടെ 2021-22 വര്‍ഷം വിതരണം ചെയ്തത്. 81.65 കോടി രൂപ എന്‍.ഡി.പി.ആര്‍.ഇ.എം വായ്പകള്‍ക്കും 19 കോടി രൂപ സബ്‌സിഡികള്‍ക്കുമായി ചെലവഴിച്ചു. മുന്‍വര്‍ഷം 782 സംരംഭങ്ങള്‍ക്കാണ് ഈ പദ്ധതി വഴി വായ്പ അനുവദിച്ചിരുന്നത്. www.norkaroots.org എന്ന നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റ് വഴി ഈ വായ്പയ്ക്ക്അപേക്ഷിക്കാം.

നേരത്തേ ആകെ 16 ധനകാര്യസ്ഥാപനങ്ങള്‍ വഴിയാണ് എന്‍.ഡി.പി.ആര്‍.ഇ.എം വായ്പകള്‍ നല്‍കി വന്നിരുന്നതെങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ധനലക്ഷ്മി ബാങ്കുകൂടി നോര്‍ക്കുമായി ധാരണാപത്രം ഒപ്പുവച്ചതോടെ സ്ഥാപനങ്ങളുടെ എണ്ണം 18 ആയി ഉയര്‍ന്നു. രണ്ടു കോടി രൂപ വരെയുള്ള വായ്പകള്‍ അനുവദിക്കുന്ന പ്രവാസി ഭദ്രത-മെഗാ വഴി രണ്ടു വായ്പകളാണ് ഇക്കാലയളവില്‍ അനുവദിച്ചത്. 1.98 കോടി രൂപ ലഭ്യമാക്കി.

കെ.എസ്.ഐ.ഡി.സി വഴിയാണ് മെഗാ വായ്പ അനുവദിക്കുന്നത്. 8.25 മുതല്‍ 8.75 വരെയാണ് കെ.എസ്.ഐ.ഡി.സിയുടെ സാധാരണ വായ്പകളുടെ പലിശ നിരക്ക്. ഇതില്‍ 3.25 ശതമാനം മുതല്‍ 3.75 ശതമാനം വരെ നോര്‍ക്ക റൂട്ട്സ് സബ്സിഡി അനുവദിച്ചുകൊണ്ടാണ് പ്രവാസി ഭദ്രത -മെഗാ വായ്പ അനുവദിക്കുന്നത്. സംരംഭകര്‍ക്ക് ഫലത്തില്‍ അഞ്ചു ശതമാനം പലിശയ്ക്ക് വായ്പ ലഭ്യമാവുമെന്നതാണ് സവിശേഷത. കെ.എസ്.ഐ.ഡി.സി ഓഫിസുകള്‍ വഴിയാണ് പ്രവാസി ഭദ്രത മെഗാ പദ്ധതിക്ക് അപേക്ഷിക്കേണ്ടത്.

ഇക്കൊല്ലം വനിതാ വികസന കോര്‍പ്പറേഷനും എന്‍.ഡി.പി.ഇ.ആര്‍.എം പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്. വനിതകള്‍ക്കായി നോര്‍ക്ക വനിതാമിത്രം സംരംഭകവായ്പയാണ് നോര്‍ക്കയും വനിതാ വികസന കോര്‍പ്പറേഷനും ചേര്‍ന്ന് ആവിഷ്‌കരിച്ചിരിക്കുന്നത്. മൂന്നു ശതമാനം പലിശ നിരക്കില്‍ 15 ശതമാനം മൂലധന സബ്‌സിഡിയോടെയുള്ള ഈ വായ്പ വിദേശത്തു നിന്നും തിരിച്ചെത്തിയ വനിതകള്‍ക്കുള്ള മികച്ച സംരംഭക പദ്ധതിയാണ്. രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്ത ശേഷം സ്ഥിരതാമസത്തിനായി നാട്ടില്‍ തിരിച്ചെത്തിയ വനിതകള്‍ക്കാണ് വായ്പ ലഭിക്കുക.

വായ്പയെ കുറിച്ചുള്ള വിശദാംശങ്ങള്‍ക്ക് വനിതാ വികസന കോര്‍പ്പറേഷന്റെ 0471 2454585, 2454570, 9496015016 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുകയോ നോര്‍ക്ക റൂട്ട്സിന്റെ തിരുവനന്തപുരം ഹെഡ്ഓഫിസിലെ 0471 2770511 എന്ന ഫോണ്‍ നമ്പരിലോ 18004253939 എന്ന ടോള്‍ ഫ്രീ നമ്പരിലോ ബന്ധപ്പെടാവുന്നതുമാണ്. 0091 880 20 12345 എന്ന നമ്പരില്‍ വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനവും ലഭ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Norka Root
News Summary - 6010 loans sanctioned by NORKA Routes for expat ventures
Next Story