വെള്ളത്തിലായ കോടികൾ; 6200 കോടി നഷ്ടത്തിൽ മുങ്ങി ജല അതോറിറ്റി
text_fieldsകൊച്ചി: ഗാർഹിക ഉപഭോക്താക്കൾ മുതൽ സർക്കാർ സ്ഥാപനങ്ങൾ വരെ കോടികൾ കുടിശ്ശികയാക്കിയ വാട്ടർ ചാർജ് തുക പിരിച്ചെടുക്കാൻ കഠിനശ്രമവുമായി ജല അതോറിറ്റി. 6223.76 കോടിയുടെ നഷ്ടമാണ് ജല അതോറിറ്റിയിൽ കണക്കാക്കിയിട്ടുള്ളത്. സെക്ഷൻ ഓഫിസ് തലം വരെയുള്ള ജീവനക്കാരെ ഏകോപിപ്പിച്ച് ഊർജിതമായ കുടിശ്ശിക നിർമാർജന പ്രവർത്തനം നടത്തിവരുകയാണ് അധികൃതർ.
വിവിധ സർക്കാർ വകുപ്പുകളിലെ 25,153 കണക്ഷനുകളിൽ നിന്നായി 103.13 കോടി, പൊതുമേഖല സ്ഥാപനങ്ങളിലെ 2041 കണക്ഷനുകളിൽനിന്ന് 7.71 കോടി, സ്വകാര്യ ഗാർഹികേതര കണക്ഷനുകളിൽനിന്ന് 3.55 കോടി എന്നിങ്ങനെ ലഭിക്കാനുണ്ട്. 10 ലക്ഷം രൂപയിലധികം കുടിശ്ശികയുള്ള ഗാർഹിക ഉപഭോക്താക്കളിൽ നിന്നുമാത്രം 26.63 കോടി രൂപ കിട്ടാനുണ്ട്. മെഡിക്കൽ കോളജ് ആൻഡ് ഹെൽത്ത് ഡിപ്പാർട്മെന്റ് 19.5 കോടി, പി.ഡബ്ല്യു.ഡി 27.51 കോടി, വിദ്യാഭ്യാസ വകുപ്പ് 4.19 കോടി, പൊലീസ് 5.25 കോടി, എൽ.എസ്.ജി.ഡി 3.87 കോടി, അംഗൻവാടി 0.81 കോടി, ടൂറിസം 3.11 കോടി, സെക്രട്ടറിയേറ്റ് 2.48 കോടി എന്നിങ്ങനെ നീളുന്നു സർക്കാർ വകുപ്പുകളുടെ കുടിശ്ശിക തുക.
കൃത്യമായി ബില്ല് അടക്കാത്തവർക്ക് കണക്ഷൻ വിച്ഛേദിക്കുന്നതിനുള്ള നോട്ടീസ് നൽകി തുടർനടപടികൾ സ്വീകരിക്കുന്നുണ്ട്. ഉപഭോക്താവ് ആവശ്യപ്പെടുന്ന മുറക്ക് തവണകളായി കുടിശ്ശിക നിവാരണത്തിനും ക്രമീകരണവും ഏർപ്പെടുത്തുന്നു. ബില്ല് നൽകിയിട്ടും തുകയടക്കാത്തവരുടെ കണക്ഷനുകൾ വിച്ഛേദിച്ച് റവന്യൂ റിക്കവറി നടപടികളും സ്വീകരിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകാനുള്ള കുടിശ്ശിക അവരുടെ പ്ലാൻ ഫണ്ടിൽ നിന്ന് കുറവ് ചെയ്ത് നൽകണമെന്ന് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.