6250 കിലോ സ്‌ഫോടകവസ്തു ശേഖരം പിടിച്ച കേസ്: എൻ.ഐ.എ മണ്ണാർക്കാടെത്തി
text_fieldsമണ്ണാർക്കാട്: പച്ചക്കറിലോറിയിൽ കടത്തുകയായിരുന്ന 6250 കിലോ സ്‌ഫോടക വസ്തുക്കൾ പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. എൻ.ഐ.എ ഉൾപ്പെടെ വിവിധ കേന്ദ്ര ഏജൻസികൾ ശനിയാഴ്ച അന്വേഷണത്തിനായി മണ്ണാർക്കാടെത്തി. സംഭവത്തിൽ അറസ്റ്റിലായ ലോറി ജീവനക്കാരായ ഇളവരശൻ, ശരവണൻ എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഒരു പെട്ടിയിൽ 200 ജലാറ്റിൻ സ്റ്റിക്കുകൾ വീതം 250 പെട്ടികളിലായി ആറേകാൽ ടൺ ജലാറ്റിൻ സ്റ്റിക്കുകളാണുണ്ടായിരുന്നത്. ഇതിന് ഒന്നരക്കോടിയിലേറെ വിലമതിക്കും. കോയമ്പത്തൂരിൽ നിന്ന് മത്തനും കാബേജുമായി വന്ന പച്ചക്കറി ലോറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. വെള്ളിയാഴ്ച രാത്രിയാണ് മണ്ണാർക്കാട് നൊട്ടമലയിൽ എക്സൈസിന്‍റെ വാഹന പരിശോധനയിലാണ് പിടികൂടിയത്.
അറസ്റ്റിലായ ഇളവരശനും കാർത്തിയും തമിഴ്നാട് സേലം ആത്തൂർ സ്വദേശികളാണ്. ക്വാറി ആവശ്യത്തിനാണ് സ്ഫോടകവസ്തുക്കൾ കൊണ്ടുവന്നതെന്ന് പിടിയിലായവർ പറയുന്നതെങ്കിലും മറ്റ് സാധ്യതകളും അന്വേഷിക്കുന്നുണ്ട്. ഇവ സ്റ്റേഷൻ വളപ്പിൽതന്നെ സൂക്ഷിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ ജലാറ്റിൻ സ്റ്റിക്കുകൾ അടക്കമുള്ള നിരവധി സ്‌ഫോടക വസ്തുക്കളുമായി തമിഴ്നാട് സ്വദേശിനി രമണി അറസ്റ്റിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.