റെഗുലേറ്ററി കമീഷന്റെ അംഗീകാരമില്ലാതെ കെ.എസ്.ഇ.ബി ജീവനക്കാരായത് 6367 പേർ
text_fieldsതൃശൂർ: പത്തു വർഷത്തിനിടെ വൈദ്യുതി റെഗുലേറ്ററി കമീഷന്റെ അംഗീകാരമില്ലാതെ കെ.എസ്.ഇ.ബി നിയമിച്ചത് 6367 പേരെ. 2008-09 മുതലുള്ള പത്തു വർഷ കണക്കുകൾ പരിശോധിച്ച് റെഗുലേറ്ററി കമീഷൻ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 2008-09 വർഷം ജീവനക്കാരുടെ എണ്ണം 27175 പേരാക്കി നിജപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് വൻ നിയമന നിര തന്നെ ബോർഡിലുണ്ടായി. ഇപ്പോൾ 33542 പേരാണ് ഉള്ളത്.
അധികമായി വന്ന ജീവനക്കാരെ കമീഷൻ അംഗീകരിച്ചിട്ടില്ലാത്തതിനാൽ അവരുടെ ശമ്പളം ബോർഡിന് വൻ ബാധ്യത ആയിരുന്നു. അധികമായി ബോർഡിലുണ്ടായിരുന്ന ജീവനക്കാരുടെ ശമ്പളം അംഗീകരിക്കണമെന്ന് കെ.എസ്.ഇ.ബി കമീഷനോട് ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും 3146 പേരുടെ നിയമനം മാത്രമേ അംഗീകരിച്ചുള്ളൂ.
ഇനിയും 3221 പേരുടേത് കൂടി അംഗീകരിക്കേണ്ടതുണ്ട്. കെ.എസ്.ഇ.ബിയുടെ ബാധ്യത ചൂണ്ടിക്കാട്ടി വൈദ്യുതി താരിഫ് കൂട്ടി പൊതുജനങ്ങളെ വലക്കുമ്പോഴും ഇവരുടെ ശമ്പളം ഇപ്പോഴും കെ.എസ്.ഇ.ബിയുടെ ബാധ്യതയിൽ മുഖ്യപങ്കായി തുടരുകയാണ്. ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്ന തുക മൊത്തം ചെലവിന്റെ 20 ശതമാനം വരുന്നെന്നും ഇത് കുറക്കേണ്ടതുണ്ടെന്നുമാണ് കമീഷന്റെ ആവശ്യം.
വൈദ്യുതി ബോർഡിൽ 30321 ജീവനക്കാർ മതിയെന്നാണ് വൈദ്യുതി റെഗുലേറ്ററി കമീഷൻ ഉത്തരവ്. ലൈൻമാൻ-2141 പേർ, വർക്കർ-1437, ഓവർസിയർ-2544, സബ് എൻജിനിയർ-1196, എ.ഇ (ഇലക്ട്രിക്കൽ)-248 എന്നിങ്ങനെ ജീവനക്കാരാണ് ഈ കാലയളവിൽ കൂടിയത്. 2008-09 മുതൽ 2017-18 വരെ മീറ്റർ റീഡർമാരുടെ എണ്ണം 1458ൽ നിന്ന് 410 ആയി ചുരുങ്ങുകയായിരുന്നെന്ന വെളിപ്പെടുത്തലും റിപ്പോർട്ടിലുണ്ട്.
1048 പേരുടെ കുറവ്. കാഷ്യർമാരുടെ എണ്ണവും 914ൽ നിന്ന് 803 ആയി ചുരുങ്ങി.
ഉപഭോക്താക്കൾക്ക് അധിക ബാധ്യതയുണ്ടാക്കി 6000 ജീവനക്കാരെ കൂടി അംഗീകരിക്കണമെന്ന ബോർഡിന്റെ അപേക്ഷ പരിഗണിക്കുന്നതിൽ നിന്ന് കമീഷനെ വിലക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈ ടെൻഷൻ ആൻഡ് എക്സ്ട്രാ ഹൈടെൻഷൻ ഇൻഡസ്ട്രിയൽ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്സ് അസോസിയേഷൻ ഹൈകോടതിയെ സമീപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.