മഞ്ഞപ്പിത്തവും ചിക്കൻപോക്സും ദഫിനോട് തോറ്റ കഥ
text_fieldsതിരുവനന്തപുരം: മഞ്ഞപ്പിത്തവും ചിക്കൻപോക്സും പണി തന്നതിനാൽ പത്തുപേരും ഒന്നിച്ച് പ്രാക്ടീസ് ചെയ്യാതെയാണ് അവർ ദഫ് മുട്ടാൻ കയറിയത്. ശാരീരിക അവശതകളെ പതറാത്ത താളം കൊണ്ട് കീഴടക്കി മാലാഖ കുഞ്ഞുങ്ങളെ പോലെ വെള്ള കുപ്പായക്കാർ കളി കഴിഞ്ഞിറങ്ങി. മലപ്പുറം വടക്കാങ്ങര ടി.എസ്.എസ്.എച്ച്.എസ്.എസിലെ ഹൈസ്കൂൾ ടീമാണ് രോഗ പീഢകളെ കൊട്ടിത്തോൽപ്പിച്ചത്.
ദഫ് തുടങ്ങുന്നതിന് മുമ്പ് തന്നെ മഞ്ഞപ്പിത്തവും ചിക്കൻപോക്സും തക്കാളിപ്പനിയും കളി തുടങ്ങിയിരുന്നു. മലപ്പുറം ജില്ല കലോത്സവത്തിന് പിന്നാലെ എട്ടു പേർക്ക് ചിക്കൻപോക്സ് പിടിപെട്ടു. ഒരാൾക്ക് തക്കാളിപ്പനിയും. ദഫ് സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കിയും മാസ്ക് ധരിച്ചും കഠിന പരിശീലനം.
അസുഖം ബാധിച്ചവർ വിഡിയോ കോളിൽ ചേർന്നു മുട്ടി. മധ്യത്തിൽ നിന്ന് മുട്ടേണ്ട അർഷദ് മഞ്ഞപ്പിത്തം ബാധിച്ച് തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലായി. തിരുവനന്തപുരത്ത് എത്തിയതോടെ സ്ഥിതി വഷളായി. പൊലീസ് ഡോർമെറ്ററിയിലായിരുന്നു താമസം.
ഞായറാഴ്ച രാത്രി ക്ഷീണം അനുഭവപ്പെട്ട് അർഷദ് ആശുപത്രിയിലായി. തിരിച്ച് മുറിയിലെത്തി വിശ്രമിച്ചെങ്കിലും കുഴഞ്ഞു വീണ് തിങ്കളാഴ്ച രാവിലെ വീണ്ടും ഫോർട്ട് താലൂക്ക് ആശുപത്രിയിൽ. ഇതോടെ ആദ്യ ക്ലസ്റ്ററിൽ മത്സരിക്കേണ്ടിയിരുന്ന ടീം സമർദ്ദത്തിലായി. ആശുപത്രിയിലേക്കും സംഘാടകരിലേക്കും മാറിമാറി ഫോൺ വിളികൾ. മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജറാക്കിയതോടെ മൂന്നാം ക്ലസ്റ്ററിലേക്ക് മാറ്റി നൽകാൻ തീരുമാനം.
മരുന്ന് നൽകി അൽപ്പനേരത്തെ നിരീക്ഷണത്തിനുശേഷം തിരിച്ച് ടാഗോർ തീയേറ്ററിലെ വേദിയിലേക്ക്. മത്സര വേഷമണിഞ്ഞ് കാത്തിരുന്ന കൂട്ടുകാർ അർഷദിനെ സ്വീകരിച്ചു. കൂട്ടായ്മയുടെ കരുത്തിൽ വേഷം മാറി വേദിയിലേക്ക്. പിഴക്കാതെ കയ്യടക്കത്തോടെ കൊട്ടി കയറിയപ്പോൾ മഞ്ഞപ്പിത്തവും ചിക്കൻപോക്സുമെല്ലാം തലസ്ഥാനം വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.