Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഞ്ചു വർഷത്തിനിടെ...

അഞ്ചു വർഷത്തിനിടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിയത് 64 അജ്ഞാത മൃതദേഹങ്ങൾ

text_fields
bookmark_border
dead body
cancel
Listen to this Article

തിരുവനന്തപുരം: അഞ്ചുവർഷത്തിനിടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയത് 64 അജ്ഞാത മൃതദേഹങ്ങൾ. അവയിൽ പുരുഷന്മാർ 55 പേരും സ്ത്രീകൾ ഒമ്പതുപേരുമാണ്. മൃതദേഹങ്ങളിൽ അംഗഭംഗവും മറ്റു പരിക്കുകളും ഇല്ലാത്തവ പഠനാവശ്യങ്ങൾക്കായി മാറ്റി.

പൊലീസ് അന്വേഷണങ്ങൾക്കും മറ്റു നടപടിക്രമങ്ങൾക്കും ശേഷം അവകാശികൾ ഇല്ലെന്ന് സ്ഥിരീകരിച്ച ശേഷമാണ് പഠനത്തിന് അനാട്ടമി വിഭാഗത്തിലേക്ക് മൃതദേഹങ്ങൾ മാറ്റുന്നത്. സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിൽ എത്തുന്ന അജ്ഞാത മൃതദേഹങ്ങളിൽ പഠനത്തിനാവശ്യമുള്ളവ അതത് മെഡിക്കൽ കോളജുകൾതന്നെ ഏറ്റെടുക്കുകയാണ് പതിവ്.

ബാക്കി ഉണ്ടെങ്കിൽ അപേക്ഷ അനുസരിച്ച് സ്വകാര്യ മെഡിക്കൽ കോജുകൾക്ക് വിൽക്കും. സർക്കാർ ഉത്തരവ് അനുസരിച്ച് 40,000 രൂപയാണ് പഠനാവശ്യത്തിനുള്ള ഒരു മൃതദേഹത്തിന്‍റെ വില. അഞ്ചുവർഷത്തിനിടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് സ്വകാര്യ മെഡിക്കൽ കോളജുകൾക്ക് വിറ്റത് 16 മൃതദേഹങ്ങളാണ്. 6,40,000 രൂപ ഈയിനത്തിൽ ലഭിച്ചതായി രാജു വാഴക്കാലക്ക് ലഭിച്ച വിവരാവകാശത്തിൽ പറയുന്നു.

എസ്.യു.ടി വട്ടപ്പാറ, ശ്രീ ശങ്കര ഡെന്‍റൽ കോളജ് വർക്കല, ഗോകുലം മെഡിക്കൽ കോളജ് വെഞ്ഞാറമൂട്, സി.എസ്.ഐ മെഡിക്കൽ കോളജ് കാരക്കോണം എന്നീ സ്ഥാപനങ്ങൾക്ക് രണ്ടു വീതം മൃതദേഹങ്ങൾ നൽകി. ശ്രീമൂകാംബിക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കുലശേഖരത്തിന് നാലെണ്ണവും മൗണ്ട് സിയോൺ മെഡിക്കൽ കോളജ് അടൂരിന് മൂന്നും അസീസിയ മെഡിക്കൽ കോളജിന് ഒരെണ്ണവും നൽകി.

അപേക്ഷ ലഭിച്ച് മൃതദേഹങ്ങളുടെ ലഭ്യതകൂടി നോക്കി ആറു മാസത്തിനകം മൃതദേഹം നൽകുകയാണ് ചെയ്യാറ്. ഒരു മൃതദേഹത്തിന് കിട്ടുന്ന 40,000 രൂപയിൽ 10,000 രൂപ മോർച്ചറി അറ്റകുറ്റപ്പണി, മോർച്ചറിക്ക് ആവശ്യമായ രാസവസ്തുക്കളും ഉപകരണങ്ങളും വാങ്ങൽ, മോർച്ചറി വൃത്തിയാക്കൽ, കോൾഡ് സ്റ്റോറേജ് സംവിധാനം ഒരുക്കൽ, മോർച്ചറി ജീവനക്കാർക്ക് പ്രതിഫലം എന്നീ ആവശ്യങ്ങൾക്ക് വിനിയോഗിക്കും.

ബാക്കി തുക എംബാം ചെയ്യുന്ന ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി, രാസവസ്തുക്കൽ വാങ്ങൽ, എംബാം ചെയ്യുന്ന ജീവനക്കാർക്കുള്ള പ്രതിഫലം എന്നിവക്കായി അനാട്ടമി വിഭാഗത്തിന് നൽകും. അപ്രകാരം എല്ലാ ചെലവും പോയിട്ട് അജ്ഞാത മൃതദേഹങ്ങൾ വിറ്റയിനത്തിൽ 9,44,877 രൂപ അക്കൗണ്ടിൽ ബാക്കിയുണ്ട്.

അജ്ഞാത മൃതദേഹങ്ങൾ ആർക്കും വേണ്ടാത്ത വെറും ശവശരീരങ്ങളല്ലെന്നും മരണാനന്തരം അവർ മറ്റുള്ളവർക്ക് വെളിച്ചവും അറിവും പകരുകയാണെന്നും മെഡിക്കൽ വിദ്യാർഥികളും പറയുന്നു. പഠനാവശ്യത്തിന് ദാനമായി ലഭിക്കുന്ന മൃതദേഹങ്ങൾ മറ്റ് മെഡിക്കൽ കോളജുകൾക്ക് കൈമാറില്ല. നടപടികൾ പൂർത്തിയാക്കിയ അജ്ഞാത മൃതദേഹങ്ങൾ മാത്രമാണ് വിൽക്കുന്നത്. സർക്കാർ മെഡിക്കൽ കോളജുകളിൽ പഠനാവശ്യങ്ങൾക്ക് ആവശ്യമായ മൃതദേഹങ്ങൾ അനാട്ടമി വിഭാഗത്തിന് ലഭിക്കുന്നുണ്ട്. എന്നാൽ, പല സ്വകാര്യ മെഡിക്കൽകോളജുകളിലും ആവശ്യത്തിന് മൃതദേഹങ്ങൾ കിട്ടാറില്ല.

പഠിതാക്കൾക്ക് അജ്ഞാത മൃതദേഹം അമൂല്യവസ്തു

തിരുവനന്തപുരം: ഒട്ടേറെ ശാസ്ത്രീയ നടപടികൾക്കു ശേഷമാണ് പഠനാവശ്യങ്ങൾക്കായി അജ്ഞാത മൃതദേഹം മാറ്റുന്നത്. മൃതദേഹങ്ങൾ ആദ്യം എംബാം ചെയ്യും. തുടർന്ന് അഴുകാതിരിക്കാനും ഘടനനിലനിർത്താനും ആറു മാസത്തോളം ഫോർമലിൻ ലായനിയിൽ മുക്കിവെക്കും.

പിന്നീടാകും മെഡിക്കൽ വിദ്യാർഥികളുടെ പഠനാവശ്യങ്ങൾക്കായി ഡിസക്ഷൻ ഹാളിലേക്ക് മാറ്റുക. ഡിസക്ഷൻ ഹാളിലേക്ക് മാറ്റിയാൽ പിന്നെ മെഡിക്കൽ വിദ്യാഭ്യാസത്തിന് അത് 'കെഡാവർ' ആണ്.

പഠനാവശ്യത്തിന് ഉപയോഗിക്കുന്ന ജീവനില്ലാത്ത മനുഷ്യശരീരത്തെയാണ് കെഡാവർ എന്ന് വിളിക്കുന്നത്. മെഡിക്കൽ വിദ്യാർഥികൾ മനുഷ്യശരീരം കണ്ട് ആദ്യമായി പഠിക്കുന്ന അമൂല്യവസ്തുവും ഇതാണ്. മനുഷ്യ ശരീരത്തിന്‍റെ അകവും പുറവും മനസ്സിലാക്കി ആധികാരികമായി പഠിക്കുന്നതും ഈ കെഡാവർ വഴിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dead bodytrivandrum medical college
News Summary - 64 unidentified bodies arrived at the medical college in five years
Next Story