മനുഷ്യ-വന്യജീവി സംഘർഷം തടയാൻ 645 കോടിയുടെ കർമപദ്ധതി
text_fieldsകൊച്ചി: സംസ്ഥാനത്ത് വന്യജീവികളും മനുഷ്യനും തമ്മിലെ സംഘർഷം തടയുന്നതിന് പുതിയ കർമപദ്ധതിയുമായി വനം-വന്യജീവി വകുപ്പ്. വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നത് തടയാൻ വ്യത്യസ്ത വകുപ്പുകളുടെയും ഏജൻസികളുടെയും സഹായത്തോടെ 645 കോടിയുടെ പ്രവർത്തനങ്ങൾക്കാണ് രൂപം നൽകിയിട്ടുള്ളത്. വിവിധ ജില്ലകളിൽ വനത്തിനോട് ചേർന്ന പ്രദേശങ്ങളിൽ വന്യജീവി ആക്രമണം അടിക്കടി ആവർത്തിക്കുന്ന സാഹചര്യത്തിലാണിത്.
വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ നിർദേശപ്രകാരം അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (എ.പി.സി.സി.എഫ്) തയാറാക്കി സമർപ്പിച്ച സമഗ്ര പദ്ധതിക്ക് സർക്കാർ തത്ത്വത്തിൽ അംഗീകാരം നൽകി. ആദ്യഘട്ടം എന്ന നിലയൽ കിഫ്ബി വഴി 110 കോടിയും നബാർഡ് വഴി 73.89 കോടിയും അനുവദിച്ചു.
മുമ്പ് ഇതേ ആവശ്യത്തിന് അഞ്ചുവർഷ കാലയളവിലേക്ക് 620 കോടിയുടെ പദ്ധതി നേരത്തേ കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു. എന്നാൽ, ഇതിന് അംഗീകാരം ലഭിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിൽ കൂടിയാണ് സ്വന്തം നിലക്ക് കൂടുതൽ പദ്ധതികൾ നടപ്പാക്കാൻ സംസ്ഥാനം ഒരുങ്ങുന്നത്.
നിലവിലെ പദ്ധതികൾ തുടരുന്നതിനൊപ്പമാണ് പുതിയവ ഏറ്റെടുത്ത് നടപ്പാക്കുകയെന്ന് അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജെ. ജസ്റ്റിൻ മോഹൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
സംസ്ഥാന പദ്ധതികൾ വഴി 77.31 കോടിയുടെയും റീബിൽഡ് കേരള വഴി 83 കോടിയുടെയും കൃഷി വകുപ്പ് വഴി 13.54 കോടിയുടെയും ദേശീയ തൊഴിലുറപ്പ് പദ്ധതി വഴി 11 കോടിയുടെയും പ്രവർത്തനങ്ങളാണ് പ്രധാനമായും നടപ്പാക്കുക. കിഫ്ബി വഴിയുള്ള 110 കോടിയുടെ പദ്ധതിയുടെ ഡി.പി.ആർ തയാറായി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ സഹായവും പ്രതീക്ഷിക്കുന്നതായും പരമാവധി മൂന്നുവർഷത്തിനകം പദ്ധതികൾ പൂർത്തിയാക്കുമെന്നും ജസ്റ്റിൻ മോഹൻ പറഞ്ഞു.
പ്രവർത്തനങ്ങൾ ഇവ
- വന്യജീവികൾക്ക് കാട്ടിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിന് പരിസ്ഥിതി സൗഹൃദ ചെക്ക് ഡാമുകളുടെ നിർമാണം
- തീറ്റ ലഭ്യമാക്കുന്നതിന് 12000 ഹെക്ടറിൽ മുളയും ഫലവൃങ്ങളും വെച്ചുപിടിപ്പിക്കൽ
- 658 കിലോമീറ്റർ നീളത്തിൽ സൗരോർജ വേലി സ്ഥാപിക്കൽ, 25 ദ്രുത പ്രതികരണ സേനകളുടെ (ആർ.ആർ.ടി) രൂപവത്കരണം
- 500 കിലോമീറ്റർ നീളത്തിൽ പട്രോളിങ് പാത ഒരുക്കൽ, ആയിരത്തോളം നിരീക്ഷണ കാമറകൾ സ്ഥാപിക്കൽ
- വനാതിർത്തിയിലെ ജനവാസ കേന്ദ്രങ്ങളിൽനിന്ന് മാറിത്താമസിക്കാൻ സന്നദ്ധതയുള്ളവരെ മാറ്റിപ്പാർപ്പിക്കൽ
- 1000 സൗരോർജ തെരുവുവിളക്ക് സ്ഥാപിക്കൽ, കടുവകൾക്കും ആനകൾക്കും റേഡിയോ കോളർ സ്ഥാപിക്കൽ
- ബോധവത്കരണ പരിപാടികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.