റസ്റ്റ്ഹൗസ് ബുക്കിങ്: രണ്ടുമാസത്തിനിടെ ലഭിച്ചത് 65 ലക്ഷത്തിലേറെ വരുമാനം -മന്ത്രി റിയാസ്
text_fieldsതിരുവനന്തപുരം: സർക്കാർ റസ്റ്റ് ഹൗസുകളിലെ ബുക്കിങ് പൊതുജനങ്ങൾക്ക് കൂടുതൽ എളുപ്പമാക്കിയതോടെ രണ്ട് മാസത്തിനിടെ ലഭിച്ചത് 65 ലക്ഷത്തിലേറെ രൂപയുടെ വരുമാനമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. 2021 നവംബർ ഒന്ന് മുതൽ ഡിസംബർ 31 വരെ റസ്റ്റ്ഹൗസുകളിൽ നിന്ന് ലഭിച്ചത് 65,34,301 രൂപയാണ്. ഇതിൽ 52,57,368 രൂപയാണ് ഓൺലൈൻ ബുക്കിങ്ങിലൂടെ ലഭിച്ചത്. ഇക്കാലയളവിൽ 8,378 പേരാണ് ഓൺലൈനിൽ രജിസ്റ്റർ ചെയ്തതെന്ന് മന്ത്രി പറഞ്ഞു.
പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് പ്രവർത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി ജീവനക്കാര്‍ക്ക് കിറ്റ്സിൽ നൽകുന്ന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാർ റസ്റ്റ് ഹൗസിന്‍റെ ബ്രാൻഡ് അംബാസഡർമാരാണെന്ന് മന്ത്രി പറഞ്ഞു. അവരുടെ പെരുമാറ്റമാണ് റസ്റ്റ് ഹൗസുകളുടെ വികസനത്തെ വിജയിപ്പിക്കുക. അതിഥികളെ വീട്ടിൽ ഒരാൾ വന്നതുപോലെ സ്വീകരിക്കാനും പരിചരിക്കാനുമുള്ള പരിശീലനമാണ് നൽകുന്നത്.
റസ്റ്റ്ഹൗസുകളിൽ മാറ്റങ്ങൾ അനുഭവപ്പെടുന്നുണ്ട്. ശുചിത്വം, ഭക്ഷണം എന്നിവയുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നുണ്ട്. ചില ഒറ്റപ്പെട്ട സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പക്ഷേ, ഒറ്റപ്പെട്ട സംഭവങ്ങളോട് സർക്കാർ സന്ധി ചെയ്യില്ല. 140 മണ്ഡലങ്ങളിലും നിരീക്ഷക സംഘംത്തെ നിശ്ചയിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്‍റെ പൊതു പ്രവൃത്തികൾ മാത്രമല്ല, കെട്ടിട വിഭാഗത്തിന്‍റെ പ്രവർത്തനങ്ങളുടെ പുരോഗതിയും ഈ സംഘം നിരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.
ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ഹൗസ് കീപ്പിങ് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിലാണ് ജീവനക്കാർക്ക് പരിശീലനം നൽകുന്നത്.ആദ്യഘട്ടത്തിൽ 32 പേരെയാണ് അഞ്ച് ദിവസത്തെ പരിശീലനത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.