65 ശതമാനം പേർ പണിമുടക്കിയെന്ന് സമരക്കാർ
text_fieldsപങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം നടപ്പാക്കി പഴയ പെൻഷൻ പുനഃസ്ഥാപിക്കുക, ക്ഷാമബത്ത-ശമ്പള പരിഷ്കരണ കുടിശ്ശിക പൂർണമായും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സർവിസ് സംഘടനകൾ നടത്തിയ പണിമുടക്കിന്റെ ഭാഗമായി ജോയന്റ് കൗൺസിലും (മുന്നിൽ) സെറ്റോയും (പിറകിൽ) നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് (ഫോട്ടോ: പി.ബി. ബിജു)
തിരുവനന്തപുരം: സി.പി.ഐ അനുകൂല സംഘടനകളും പ്രതിപക്ഷ സംഘടനകളും നടത്തിയ പണിമുടക്ക് സർക്കാർ ഓഫിസുകളെ ബാധിച്ചു. 65 ശതമാനത്തിലേറെ പേർ പണിമുടക്കിയെന്നാണ് ഭാരവാഹികളുടെ വിലയിരുത്തൽ.
ഭരണപക്ഷ സംഘടനകൾ രണ്ടു ചേരികളായി തിരിഞ്ഞ് പണിമുടക്കിനെ അനുകൂലിച്ചും എതിർത്തും രംഗത്തെത്തി. സെക്രട്ടേറിയറ്റിനു മുന്നിലും സിവിൽ സ്റ്റേഷനുകൾക്കു മുന്നിലും പ്രതിഷേധ ജാഥ നടത്തി.
സെക്രട്ടേറിയറ്റിൽ 44 ശതമാനം ജീവനക്കാർ പണിമുടക്കി. 2237 ജീവനക്കാരാണ് പണിമുടക്കിയത്. പൊതുഭരണ വകുപ്പിൽ 1504ഉം ധനകാര്യ വകുപ്പിൽ 426ഉം നിയമവകുപ്പിൽ 307ഉം ജീവനക്കാർ ജോലിക്കു ഹാജരായില്ല. സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പണിമുടക്കിയ ജീവനക്കാർ സെക്രട്ടേറിയറ്റ് അനക്സിന് മുന്നിൽ പട്ടിണിക്കഞ്ഞി തയാറാക്കി പ്രതിഷേധിച്ചു. സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് ഉദ്ഘാടനം ചെയ്തു.
ജില്ല-താലൂക്ക് ഭരണസ്ഥാപനങ്ങളിലും പ്രാദേശിക തലത്തില്‍ വില്ലേജ് ഓഫിസുകള്‍, കൃഷിഭവനുകള്‍, മൃഗസംരക്ഷണ ഓഫിസുകള്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസുകള്‍, എംപ്ലോയ്മെന്റ് ഓഫിസുകള്‍, രജിസ്ട്രേഷന് ഓഫിസുകള്‍, ജലസേചന വകുപ്പ്, ഗതാഗത വകുപ്പ് തുടങ്ങിയവയെ പണിമുടക്ക് ബാധിച്ചു. സെക്രട്ടേറിയറ്റ്, പി.എസ്.സി, നിയമസഭ തുടങ്ങിയ കേന്ദ്രങ്ങളില്‍ പ്രതീക്ഷിച്ചതിലേറെ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുത്തു. വിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചു. അനധികൃത അവധികൾ ഡയസ്നോണിൽ ഉൾപ്പെടുത്താനാണ് സർക്കാർ തീരുമാനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.