അങ്കമാലി പൊലീസ് വെടിവപ്പിന് ഇന്ന് 65 വർഷം
text_fieldsഅങ്കമാലി: ഏഴുപേരുടെ മരണത്തിനും 45 പേർക്ക് പരിക്കേൽക്കുന്നതിനും ഇടയാക്കിയ അങ്കമാലി പൊലീസ് വെടിവെപ്പിന് വ്യാഴാഴ്ച ആറര പതിറ്റാണ്ട് തികയുകയാണ്. 1959 ജൂൺ 13 രാത്രി 9.30നായിരുന്നു വെടിവെപ്പ്. 1957 ഏപ്രിൽ അഞ്ചിന് ലോകത്താദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരമേറ്റ ഇ.എം.എസ് സർക്കാറിന്റെ വികലമായ നയങ്ങൾക്കെതിരെയായിരുന്നു പ്രക്ഷോഭം. കള്ളുഷാപ്പുകൾക്കെതിരെ ആരംഭിച്ച പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് അങ്കമാലിയില്‍ പൊലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചത്. 2000ത്തോളം പേരടങ്ങുന്ന ജനക്കൂട്ടം സ്റ്റേഷൻ ആക്രമിക്കാൻ വരുകയാണെന്ന് അറിഞ്ഞതോടെയാണ് പൊലീസ് 32 റൗണ്ട് വെടിവെച്ചത്.
13 വയസ്സുകാരൻ അടക്കം അഞ്ചുപേർ സംഭവ സ്ഥലത്തും രണ്ടുപേർ ആശുപത്രിയിലും മരിച്ചു. 45 പേർക്ക് സാരമായ പരിക്കേറ്റു. ജൂലൈ മൂന്നിന് പുതിയ തുറയില്‍ വെടിവെപ്പില്‍ ഫ്ലോറി എന്ന ഗര്‍ഭിണിയും കൊല്ലപ്പെട്ടു. അതോടെ സമരം ആളിപ്പടര്‍ന്നു. മന്നത്ത് പത്മനാഭന്, പനമ്പള്ളി ഗോവിന്ദ മേനോന്, ഫാദര്‍ വടക്കന്‍ എന്നിവര്‍ അങ്കമാലിയിലെത്തി പ്രതിഷേധത്തിന് നേതൃത്വം നല്കി. ജൂണ്‍ 13 മുതല്‍ ജൂലൈ 31 വരെ കേരളമാകെ സമരാഗ്നി ആളിക്കത്തി. 51ാം ദിവസം ഇ.എം.എസ് സര്‍ക്കാറിനെ നെഹ്റു പിരിച്ചുവിടുകയായിരുന്നു. വെടിവെപ്പിൽ മരിച്ചവരുടെ മൃതദേഹങ്ങൾ അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിലെ കല്ലറയിലാണ് അടക്കിയിട്ടുള്ളത്. സമരത്തിൽ സജീവമായി പങ്കെടുത്തവരിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന വ്യക്തി കോൺഗ്രസ് നേതാവും, മുൻ നഗരസഭ ചെയർമാനുമായ അഡ്വ.ഗർവാസീസ് അരീയ്ക്കലാണ്.
എല്ലാവർഷവും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ കല്ലറയിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കാറുണ്ട്. വ്യാഴാഴ്ച രാവിലെ ഏഴിന് പ്രതികരണവേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണം സംഘടിപ്പിക്കുമെന്ന് വേദി ചെയർമാൻ ഷൈബി പാപ്പച്ചനും, കൺവീനർ പി.ഐ നാദിർഷയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.