ഗാർഹിക വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു; അർധരാത്രി മുതൽ പ്രാബല്യത്തിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത വർഷത്തേക്കുള്ള വൈദ്യുതി നിരക്ക് വർധിപ്പിച്ചു. ശരാശരി 32 പൈസയുടെ (6.6 ശതമാനം) വർധനയാണ് വരുത്തിയത്. 98 പൈസ വർധന (18 ശതമാനം) വേണമെന്നായിരുന്നു കെ.എസ്.ഇ.ബി ആവശ്യം. നിരക്ക് വർധനയിലൂടെ 1000 കോടിയുടെ അധിക വരുമാനമാണ് കെ.എസ്.ഇ.ബി പ്രതീക്ഷിക്കുന്നത്. മാസം 150 യൂനിറ്റുവരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് യൂണിറ്റിന് 25 പൈസയിൽ താഴെയാണ് വർധന. ഇവർ 47.50 രൂപ അധികം നൽകേണ്ടിവരും.
100 യൂനിറ്റുവരെ 22.5 രൂപയും 200 യൂനിറ്റുവരെ 72.5 രൂപയും 250 യൂനിറ്റ് വരെ 92.5 രൂപയുമാകും വർധന. 250 മുതൽ 300 വരെ യൂനിറ്റിന് 6.20 രൂപ വെച്ചാകും വർധന. 350 വരെ ഏഴുരൂപയും 400 വരെ 7.35 രൂപയും 500 വരെ 7.60 രൂപയും അതിനു മുകളിൽ 8.50 രൂപയും യൂനിറ്റിന് നൽകണം. വിതരണ ഏജന്‍സികളുടെ പ്രവര്‍ത്തനം വിലയിരുത്തിയാകും തൊട്ടടുത്ത വര്‍ഷത്തെ താരിഫ് പ്രഖ്യാപിക്കുകയെന്ന് റെഗുലേറ്ററി കമീഷൻ ചെയർമാൻ പ്രേമൻ ദിൻരാജ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. വർധന ശനിയാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തിലായി.
1000 വാട്ടുവരെ കണക്ടഡ് ലോഡും പ്രതിമാസം 40 യൂനിറ്റ് ഉപഭോഗവുമുള്ള ദാരിദ്ര്യരേഖക്ക് താഴെയുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് വർധനയില്ല. പ്രതിമാസം 50 യൂനിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കും വർധന ബാധകമാവില്ല. സംസ്ഥാനത്ത് 25 ലക്ഷം ഉപഭോക്താക്കളാണ് ഈ വിഭാഗത്തിലുള്ളത്. അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, അംഗന്‍വാടികള്‍ എന്നിവക്കും താരിഫ് വര്‍ധനയില്ല. 35,200 ഉപഭോക്താക്കളാണ് ഈ വിഭാഗത്തിലുള്ളത്.
ദാരിദ്ര്യരേഖക്ക് താഴെയുള്ള 1000 വാട്ട് വരെ കണക്ടഡ് ലോഡുള്ള കുടുംബങ്ങളില്‍ അർബുദ രോഗികളോ സ്ഥിരമായി അംഗവൈകല്യം ബാധിച്ചവരോ ഉണ്ടെങ്കില്‍ താരിഫ് വര്‍ധനയില്ല. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സൗജന്യ നിരക്കും നിലനിര്‍ത്തി. ചെറിയ പെട്ടിക്കടകള്‍, ബങ്കുകള്‍, തട്ടുകടകള്‍ തുടങ്ങിയവക്ക് കുറഞ്ഞ നിരക്കിലുള്ള താരിഫിന്റെ ആനുകൂല്യം 1000 വാട്ടില്‍നിന്ന് 2000 വാട്ടായി വര്‍ധിപ്പിച്ചു. 5.5 ലക്ഷം ഉപഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭിക്കും. കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് ചാര്‍ജ് വര്‍ധിപ്പിച്ചിട്ടില്ല. 4.76 ലക്ഷം ഉപഭോക്താക്കള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.10 കിലോവാട്ട് വരെ കണക്ടഡ് ലോഡുള്ള അരി പൊടിക്കുന്ന മില്ലുകള്‍, തയ്യല്‍ സ്ഥാപനങ്ങൾ തുടങ്ങിയ ചെറുകിട സംരംഭകര്‍ക്ക് നിരക്കിലെ ആനുകൂല്യം തുടരും. ഈ വിഭാഗത്തിൽ 10 മുതൽ 20 കിലോവാട്ടുവരെ അഞ്ചുരൂപ കൂട്ടി. നിലവിൽ 75 രൂപയാണ് നിരക്ക്. 20 കിലോവാട്ടിന് മുകളിൽ 15 രൂപയും കൂട്ടി. നിലവിൽ 170 രൂപയാണ് നിരക്ക്. യൂനിറ്റിന് ശരാശരി 15 പൈസയുടെ താരിഫ് വര്‍ധിക്കും.
കാര്‍ഷിക മേഖലയില്‍ ഫിക്‌സഡ് ചാര്‍ജ് 10ല്‍നിന്ന് 15 രൂപയായി ഉയര്‍ത്തി. എന്നാല്‍, നിരക്ക് വർധനയില്ല. വൈദ്യുതി വാഹന ചാര്‍ജിങ്ങിന് യൂനിറ്റിന് 50 പൈസ അധികം ഈടാക്കും. സിനിമ തിയറ്ററുകള്‍ക്കുള്ള വൈദ്യുതി നിരക്കിലും മാറ്റമുണ്ട്.
വർധന 25 പൈസ മുതൽ 60 പൈസ വരെ
തിരുവനന്തപുരം: ഗാര്‍ഹിക വൈദ്യുതിക്ക് വിവിധ സ്ലാബുകളില്‍ 25 പൈസമുതല്‍ 60 പൈസവരെയാണ് നിരക്കുവര്‍ധന. പ്രതിമാസം 51 യൂനിറ്റ് മുതല്‍ 100 യൂനിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കളുടെ നിരക്ക് യൂനിറ്റ് ഒന്നിന് 3.70 രൂപയില്‍നിന്ന് 3.95 രൂപയായി വര്‍ധിപ്പിച്ചു. 101 മുതല്‍ 150 യൂനിറ്റ് വരെ 4.80 രൂപ എന്നത് അഞ്ചു രൂപയായും 151 മുതല്‍ 200 യൂനിറ്റ് വരെ 6.40 രൂപയില്‍നിന്ന് 6.80 രൂപയായും 201 മുതല്‍ 250 യൂനിറ്റ് വരെ 7.60 രൂപയില്‍നിന്ന് എട്ട് രൂപയായും വര്‍ധിപ്പിച്ചു. ഈ വിഭാഗത്തില്‍ ടെലിസ്‌കോപിക് (സ്ലാബിനനുസരിച്ച് നിരക്കുകള്‍ മാറുന്ന രീതി) നിരക്കുകളായിരിക്കും ബാധകമാകുക.
ഈ വിഭാഗത്തില്‍ ഫിക്‌സഡ് ചാര്‍ജ് സിംഗിള്‍ ഫേസിന് വിവിധ സ്ലാബുകളില്‍ 10 രൂപമുതല്‍ 40 രൂപവരെ വര്‍ധിപ്പിച്ചു. 51 യൂനിറ്റ് മുതല്‍ നൂറ് യൂനിറ്റ് വരെയുള്ള ഉപയോക്താക്കളുടെ ഫിക്‌സഡ് ചാര്‍ജ് 45 രൂപയില്‍നിന്ന് 55 രൂപയായി വര്‍ധിപ്പിച്ചു. 101 യൂനിറ്റ് മുതല്‍ 150 വരെയുള്ളവര്‍ക്ക് 55 രൂപയില്‍നിന്ന് 70 രൂപയായും 151 യൂനിറ്റ് മുതല്‍ 200 വരെ ഫിക്‌സഡ് ചാര്‍ജ് 70 ല്‍നിന്ന് 100 രൂപയായും 201 മുതല്‍ 250 യൂനിറ്റ് വരെയുള്ളവര്‍ക്ക് 80 രൂപയില്‍നിന്ന് 110 രൂപയായും വര്‍ധിപ്പിച്ചു.
ടെലിസ്‌കോപിക് വിഭാഗത്തിലെ ത്രീ ഫേസ് ഉപയോക്താക്കളുടെ ഫിക്‌സഡ് ചാര്‍ജിലും വര്‍ധന വരുത്തി. 51 യൂനിറ്റ് വരെ 100 യൂനിറ്റ് വരെ ഫിക്‌സഡ് ചാര്‍ജ് 90 രൂപയില്‍നിന്ന് 120 രൂപയായും 101 മുതല്‍ 150 യൂനിറ്റ് വരെ 100 രൂപയില്‍നിന്ന് 150 രൂപയായും 151 മുതല്‍ 200 യൂനിറ്റ് വരെ 100 രൂപയില്‍നിന്ന് 160 ആയും 201 മുതല്‍ 250 യൂനിറ്റ് വരെ 100 രൂപയില്‍നിന്ന് 175 രൂപയായും വര്‍ധിപ്പിച്ചു. 250 യൂനിറ്റില്‍ കൂടുതല്‍ പ്രതിമാസ ഉപയോഗമുള്ള ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കുന്ന മുഴുവന്‍ യൂനിറ്റിനും ഒരേനിരക്ക് ഈടാക്കുന്ന നോണ്‍ ടെലിസ്‌കോപിക് നിരക്കുകള്‍ അനുസരിച്ചാണ് വര്‍ധന വരുത്തിയത്.
ത്രീ ഫേസിന് 400 യൂനിറ്റ് വരെയുള്ളവര്‍ക്ക് ഫിക്‌സഡ് ചാര്‍ജ് 175 രൂപയായും 500 യൂനിറ്റ് വരെയുള്ളവര്‍ക്ക് 200 രൂപയായും ഉയര്‍ത്തി. 500 യൂനിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്കെല്ലാം ഫിക്‌സഡ് ചാര്‍ജ് 225 രൂപയായി ഉയര്‍ത്തി. നേരത്തേ ഇത് 150 രൂപയായിരുന്നു.
നിരക്ക് വർധന: ഗാർഹിക വിഭാഗം
(പ്രതിമാസ ഉപഭോഗം, നിലവിലെ നിരക്ക്, പുതിയ നിരക്ക് ക്രമത്തിൽ)
0–40 1.50 1.50
0–50 3.15 3.15
51–100 3.70 3.95
101–150 4.80 5.00
151–200 6.40 6.80
201–250 7.60 8.00
0 -300 5.80 6.20
0 -350 6.60 7.00
0 -400 6.90 7.35
0-500 7.10 7.60
500ന് മുകളിൽ 7.90 8.50
- 1000 വാട്ട് വരെ കണക്ടഡ് ലോഡും പ്രതിമാസം 40 യൂനിറ്റ് വരെ ഉപഭോഗമുള്ളവരുമായ ദാരിദ്ര്യ രേഖക്ക് താഴെയുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് താരിഫ് വര്‍ധനയില്ല.
- പ്രതിമാസം 50 യൂനിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് താരിഫ് വര്‍ധനയില്ല.
- കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധനയില്ല.
- ദാരിദ്ര്യരേഖക്ക് താഴെയുള്ള 1000 വാട്ട് വരെ കണക്ടഡ് ലോഡുള്ള കുടുംബങ്ങളില്‍ കാന്‍സര്‍ രോഗികളോ സ്ഥിരമായി അംഗവൈകല്യം ബാധിച്ചവരോ ഉണ്ടെങ്കില്‍ താരിഫ് വര്‍ധനവില്ല.
- എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സൗജന്യ നിരക്ക് നിലനിര്‍ത്തി.
- അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, അംഗന്‍വാടികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് താരിഫ് വര്‍ധനയില്ല.
- ചെറിയ പെട്ടിക്കടകള്‍, ബങ്കുകള്‍, തട്ടുകടകള്‍ തുടങ്ങിയ വിഭാഗത്തിനുള്ള കുറഞ്ഞ നിരക്കിലുള്ള താരിഫിന്റെ ആനുകൂല്യം 1000 വാട്ടില്‍നിന്ന് 2000 വാട്ടായി വര്‍ധിപ്പിച്ചു.
- 10 കിലോവാട്ട് വരെ കണക്ടഡ് ലോഡും ചെറുകിട വ്യവസായങ്ങളായ അരി പൊടിക്കുന്ന മില്ലുകള്‍, തയ്യല്‍ ജോലി ചെയ്യുന്നവര്‍, തുണിയേച്ചു കൊടുക്കുന്നവര്‍ തുടങ്ങിയ ചെറുകിട സംരംഭകര്‍ക്കുള്ള ആനുകൂല്യം തുടരും. ഈവിഭാഗങ്ങള്‍ക്ക് ശരാശരി യൂനിറ്റിന് 15 പൈസയുടെ താരിഫ് വര്‍ധനവുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.