ചുരത്തിൽ കാർ തടഞ്ഞ് 68 ലക്ഷവും കാറും കവർന്ന സംഭവം: രണ്ടുപേർ പിടിയിൽ
text_fieldsതാമരശ്ശേരി: ചുരത്തിൽ കാർ തടഞ്ഞുനിർത്തി 68 ലക്ഷം രൂപയും കാറും കവർന്ന സംഘത്തിലെ രണ്ടുപേരെ താമരശ്ശേരി പൊലീസ് അറസ്റ്റ്ചെയ്തു. എറണാകുളം കുഞ്ഞിക്കൈകളത്തിൽ തൊമ്മൻ എന്ന തോമസ് (40), തൃശൂർ കൊടുങ്ങല്ലൂർ പുല്ലൂറ്റ് അലങ്കാരത്തുപറമ്പിൽ ഷാമോൻ (23) എന്നിവരാണ് ഞായറാഴ്ച പുലർച്ചെ ഇടപ്പള്ളിയിൽ പിടിയിലായത്.
ഡിസംബർ 13ന് രാവിലെ എട്ടോടെയാണ് ചുരം ഒമ്പതാം വളവിനും എട്ടാം വളവിനും ഇടയിൽ മൈസൂരുവിൽനിന്ന് സ്വർണം വാങ്ങാൻ കൊടുവള്ളിയിലേക്ക് കാറിൽ വരുകയായിരുന്ന മഹാരാഷ്ട്ര സ്വദേശിയും മൈസൂരിൽ താമസക്കാരനുമായ വിശാൽ ഭഗത് മട്‌കരിയെ രണ്ടു കാറുകളിലായി വന്ന കവർച്ചസംഘം മർദിച്ചശേഷം പണവും കാറും കവർന്ന് രക്ഷപ്പെട്ടത്.
നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് തൃശൂർ കേന്ദ്രീകരിച്ചുള്ള കുഴൽപണ കവർച്ചസംഘത്തിലെ ചിലരാണ് പിടിച്ചുപറി ആസൂത്രണം ചെയ്തതെന്ന് കണ്ടെത്തുകയായിരുന്നു. ഷാമോൻ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിലുള്ളയാളാണെന്ന് ഡിവൈ.എസ്.പി ഇൻ ചാർജ് പി. പ്രമോദ് പറഞ്ഞു.
കവർച്ചക്ക് ഉപയോഗിച്ച കെ.എൽ 45 ടി 3049 സ്വിഫ്റ്റ് കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു. താമരശ്ശേരി ഡിവൈ.എസ്.പി ഇൻ ചാർജ് പി. പ്രമോദിന്റെ നേതൃത്വത്തിൽ താമരശ്ശേരി ഇൻസ്‌പെക്ടർ എ. സായൂജ്കുമാർ, എസ്.ഐ കെ.എസ്. ജിതേഷ്, സ്പെഷൽ സ്‌ക്വാഡ് എസ്.ഐമാരായ രാജീവ് ബാബു, ബിജു പൂക്കോട്ട്, എ.എസ്.ഐ അഷ്‌റഫ്, സീനിയർ സി.പി.ഒമാരായ ജയരാജൻ പനങ്ങാട്, ജിനീഷ് ബാലുശ്ശേരി, സി.പി.ഒ എം. മുജീബ്, കെ. ജിതിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.