കണ്ണൂരിൽ 70 അധ്യാപക നിയമനങ്ങളും കുരുക്കിലേക്ക്
text_fieldsകണ്ണൂർ: ഡോ. ഗോപിനാഥ് രവീന്ദ്രൻ വി.സിയായി പുനർനിയമനം നേടിയ കാലയളവിൽ നടന്ന അധ്യാപക നിയമനങ്ങളും നിയമക്കുരുക്കിലേക്ക്. വി.സിയായുള്ള പുനർനിയമനം സുപ്രീംകോടതി റദ്ദാക്കിയ സ്ഥിതിക്ക് നിയമനങ്ങൾ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് നീക്കം. നിയമനങ്ങൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് അക്കാദമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി. ജോസ് പറഞ്ഞു. വി.സിയായി പുനർനിയമനം നേടിയശേഷം കണ്ണൂർ സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിലായി അസി. പ്രഫസർ മുതൽ പ്രഫസർ വരെയായി 70 നിയമനങ്ങളാണ് നടന്നത്.
ഇതിൽ പല നിയമനങ്ങൾക്കുമെതിരെ ക്രമക്കേട് ആരോപണം അതത് വേളയിൽതന്നെ ഉയർന്നുവന്നിരുന്നു. ചിലത് കോടതിയുടെ പരിഗണനയിലുമാണ്. രജിസ്ട്രാർ, പരീക്ഷ കൺട്രോളർ എന്നീ സ്റ്റാറ്റ്യൂട്ടറി തസ്തികകളിലെ നിയമനം നടന്നതും വി.സിയുടെ പുനർനിയമന സമയത്തുതന്നെയാണ്. സ്ഥാനമൊഴിഞ്ഞ വി.സിയുടെ പ്രത്യേക താൽപര്യപ്രകാരമാണ് നിലവിലെ രജിസ്ട്രാർ ഡോ. ജോബി കെ. ജോസിന് നേരത്തേ പ്രഫസറായി സ്ഥാനക്കയറ്റം നൽകിയതെന്ന ആരോപണവും ശക്തമാണ്.
സ്ഥാനക്കയറ്റത്തിന് മതിയായ യോഗ്യതകൾ ഇല്ലെന്നാണ് എ.പി.ഐ സ്കോർ സമിതി ആദ്യം വി.സിക്ക് നൽകിയ റിപ്പോർട്ട്. വി.സിയുടെ നിർദേശപ്രകാരം സമിതി വീണ്ടും യോഗം ചേർന്നെങ്കിലും പഴയ നിലപാട് തന്നെ ആവർത്തിച്ചു. ഇരു റിപ്പോർട്ടും അനുകൂലമല്ലെന്ന് കണ്ടതോടെ മുൻ വി.സി സിൻഡിക്കേറ്റ് സമിതിക്ക് രൂപം നൽകി. സമിതിയുടെ നിർദേശപ്രകാരം രൂപവത്കരിച്ച മറ്റൊരു സമിതിയാണ് പ്രഫസർ സ്ഥാനക്കയറ്റത്തിന് അനുകൂലമായ റിപ്പോർട്ട് നൽകിയത്.
യു.ജി.സി ചട്ടത്തിനു വിരുദ്ധമാണ് സ്ഥാനക്കയറ്റമെന്ന് സയൻസ് ഡീൻ നൽകിയ വിയോജനക്കുറിപ്പും പുറത്തായതോടെ സ്ഥാനക്കയറ്റത്തിൽ വി.സിയുടെ അമിതാവേശം പ്രകടമായി. അടുത്തിടെ നടന്ന ഫിസിക്സ് അസി. പ്രഫസർ നിയമനത്തിലും ക്രമക്കേട് ആരോപണമുണ്ട്. മുസ്ലിം സംവരണ ഒഴിവിൽ നടത്തിയ റാങ്ക്ലിസ്റ്റിലാണ് ക്രമക്കേട്. മെറിറ്റ് വിഭാഗം റാങ്ക്ലിസ്റ്റിൽ മുൻനിരയിലെത്തിയ മുസ്ലിം ഉദ്യോഗാർഥികൾ സംവരണ പട്ടികയിൽ പിന്നാക്കം പോയതാണ് വിവാദമായത്. ഇതുസംബന്ധിച്ച പരാതിയും ചാൻസലർക്കു മുന്നിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.