പാലക്കാട്ട് പോളിങ് 70.51 ശതമാനം
text_fieldsപാലക്കാട്: മുന്നണികളുടെ ചങ്കിടിപ്പേറ്റി പാലക്കാട് ഉപതെരഞ്ഞെടുപ്പ് പര്യവസാനിച്ചപ്പോൾ പോളിങ് ശതമാനം 70.51. ഇത് മൂന്നു മുന്നണികളെയും ആശങ്കയിലാക്കി. കഴിഞ്ഞ ലോക്സഭ, 2021 നിയമസഭ തെരഞ്ഞെടുപ്പുകളേക്കാൾ ശതമാനത്തിലുണ്ടായ കുറവാണ് മുന്നണികളുടെ ആശങ്കയേറ്റുന്നത്. ആകെ 1,94,706 വോട്ടര്‍മാരിൽ 1,37,302 പേരാണ് വോട്ട് ചെയ്തത്. 66,596 പുരുഷന്മാരും (70.53 ശതമാനം) 70,702 സ്ത്രീകളും (70.49) നാല് ട്രാൻസ്ജെൻഡർമാരുമാണ് (100 ശതമാനം) സമ്മതിദാനാവകാശം വിനിയോഗിച്ചത്.
ആർക്കും പിടികൊടുക്കാതെ നിന്നിരുന്ന മണ്ഡലത്തിൽ വോട്ടിങ് ശതമാനത്തിലുണ്ടായ കുറവും നഗരപ്രദേശങ്ങളിലെ വോട്ടിങ്ങിലെ പിന്നോട്ടുപോക്കുമാണ് മുന്നണികളെ പരിഭ്രാന്തിയിലാക്കുന്നത്. ഗ്രാമപ്രദേശങ്ങളിൽ രാവിലെ മുതൽ നീണ്ട നിരയായിരുന്നു. ഗ്രാമങ്ങളിലെ വോട്ടിങ്ങിലുണ്ടായ തിരക്ക് യു.ഡി.എഫ്, എൽ.ഡി.എഫ് ക്യാമ്പുകളിൽ പ്രതീക്ഷയേറ്റുമ്പോൾ ബി.ജെ.പി മുൻതൂക്കം പ്രതീക്ഷിക്കുന്ന പാലക്കാട് നഗരസഭയിലെ പോളിങ്ങിലെ പിന്നോട്ടുപോക്ക് ബി.ജെ.പി പാളയങ്ങളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭ മണ്ഡലത്തിൽ 73.57 ശതമാനമാണ് പോളിങ്. ഷാഫി പറമ്പിൽ തെരഞ്ഞെടുക്കപ്പെട്ട 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 75.44 ശതമാനമായിരുന്നു. ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി പതിനായിരത്തോളം വോട്ടർമാർ മണ്ഡലത്തിൽ വർധിച്ചിട്ടും വോട്ടിങ്ങിൽ പിന്നോട്ടുപോക്കുണ്ടായി.
ബൂത്തിൽ കയറി വോട്ട് ചോദിച്ചെന്ന് ആരോപിച്ച് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെ ബി.ജെ.പി പ്രവർത്തകർ തടഞ്ഞതിനെ തുടർന്ന് സംഘർഷമുണ്ടായി. വെണ്ണക്കര ഹൈസ്കൂളിലെ പോളിങ് ബൂത്തിലാണ് സംഭവം.
ബൂത്ത് സന്ദർശനത്തിനിടെ വെണ്ണക്കരയിലെത്തിയ രാഹുൽ ആളുകളോട് വോട്ട് ചോദിച്ചെന്ന് ആരോപിച്ചാണ് ബി.ജെ.പി പ്രവർത്തകർ തടഞ്ഞത്.
യു.ഡി.എഫ്, ബി.ജെ.പി പ്രവർത്തകർ തമ്മിൽ വാക്കുതർക്കമായതോടെ പിന്നാലെ എൽ.ഡി.എഫ് പ്രവർത്തകരും സ്ഥലത്തെത്തി. വാക്കുതർക്കം ഉന്തിലും തള്ളിലും കൈയാങ്കളിയിലുമെത്തി. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുണ്ടായിരുന്ന പൊലീസ് പ്രവർത്തകരെ ബൂത്തിന് വെളിയിലേക്ക് പിരിച്ചുവിട്ടു. ഗേറ്റിന് പുറത്തും പ്രവർത്തകർ തമ്മിൽ ഉന്തുംതള്ളുമുണ്ടായി.
വോട്ടെടുപ്പിന്റെ സമയം കഴിഞ്ഞിട്ടും വരിനിൽക്കേണ്ടിവന്നതിൽ പിരായിരിയിൽ വോട്ടർമാർ പ്രതിഷേധിച്ചു. ആറിനുശേഷം വരിയിലുള്ള എല്ലാവർക്കും സ്ലിപ് നൽകിയെങ്കിലും മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവന്നതിലാണ് സ്ത്രീകളടക്കമുള്ള വോട്ടർമാർ പ്രതിഷേധിച്ചത്.
ഇരട്ട വോട്ട് ആരോപണത്തില്‍ കുടുങ്ങിയ ബി.ജെ.പി ജില്ല പ്രസിഡന്റ് കെ.എം. ഹരിദാസ് വോട്ട് ചെയ്യാനെത്തിയില്ല. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് വോട്ട് ചെയ്യേണ്ടതില്ലെന്ന നിലപാട് ഹരിദാസ് സ്വീകരിച്ചത്.
രാവിലെ ചില ബൂത്തുകളിൽ യന്ത്രത്തകരാർ കാരണം പോളിങ് കുറച്ച് നേരത്തേക്ക് തടസ്സപ്പെട്ടെങ്കിലും പിന്നീട് അവ പരിഹരിച്ച് പോളിങ് തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.