കരുതൽ മേഖലയിൽ 70,582 നിര്‍മിതികള്‍
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ ദൂരപരിധിയില്‍ 70,582 നിര്‍മിതികളുണ്ടെന്ന് വിദഗ്ധസമിതി. കരുതൽ മേഖല സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ അധ്യക്ഷനായ വിദഗ്ധസമിതി സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം. ബുധനാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വയനാട് വന്യജീവി സങ്കേതം പരിധിയിലാണ് കൂടുതൽ നിർമിതികൾ -20,045. 8,507 നിർമിതികളുള്ള പെരിയാർ ടൈഗർ റിസർവാണ് തൊട്ടടുത്ത്. കുറവ് കരിമ്പുഴയും പാമ്പാടുംചോലയിലുമാണ്. 77, 79 എന്നിങ്ങനെയാണ് ഇവിടെ നിർമിതികൾ.
സംരക്ഷിത പ്രദേശങ്ങളുടെ പാരിസ്ഥിതിക സംവേദക മേഖലയിലെ (ഇക്കോ സെന്‍സിറ്റീവ് സോണില്‍) നിര്‍മിതികളുടെ വിശദാംശങ്ങള്‍ നൽകാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആൻഡ് എൻവയണ്‍മെന്റ് സെന്ററിനെ ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ കണക്കുകള്‍ ശേഖരിക്കാന്‍ സർക്കാർ ചുമതലപ്പെടുത്തി. ഉപഗ്രഹചിത്രങ്ങള്‍ ഉപയോഗിച്ച് നിര്‍മിതികളുടെ എണ്ണം രേഖപ്പെടുത്തുന്നതിലെ കൃത്യതയിൽ ആശങ്കയുയർന്നതിനെതുടര്‍ന്നാണ് ഫീൽഡുതല സര്‍വേ നടത്താൻ അഞ്ചംഗ സമിതിയെ നിയമിച്ചത്.
വിദഗ്ധസമിതി റിപ്പോര്‍ട്ടില്‍ രണ്ട് വാല്യങ്ങളാണുള്ളത്. വീടുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നിര്‍മിതികളുടെയും സര്‍വേ നമ്പരോടുകൂടിയുള്ള അനുബന്ധ ഉപഘടകങ്ങളുടെയും (ആട്രിബ്യൂട്ടുകൾ) വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജി.ഐ.എസ് പ്ലാറ്റ്ഫോമിലെ കഡസ്ട്രല്‍ മാപ്പുകളുടെയും ഉപഗ്രഹ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് വിവരശേഖരണം നടത്തിയത്. ലഭ്യമായ ഉയര്‍ന്ന റസല്യൂഷനിലുള്ള ഇന്ത്യന്‍ റിമോട്ട് സെന്‍സിങ് സാറ്റലൈറ്റ് ഡാറ്റ ഉപയോഗിച്ച് ഓരോ പ്രദേശത്തിന്റെയും അതിര്‍ത്തി, ആകൃതി, വിസ്തീര്‍ണം എന്നിവ നിര്‍ണയിച്ചു. അസറ്റ് മാപ്പര്‍ മുഖാന്തരം ശേഖരിച്ച വിവരങ്ങള്‍ കെ.എസ്.ആർ.ഇ.സി സെര്‍വറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
റിട്ട. ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ അധ്യക്ഷനായ വിദഗ്ധസമിതിയില്‍ അഡീ. ചീഫ് സെക്രട്ടറിമാരായ വി. വേണു, ശാരദ മുരളീധരന്‍, കെ.ആര്‍. ജ്യോതിലാല്‍, കെ.ജെ. വര്‍ഗീസ് എന്നിവർ അംഗങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.