72 ലോൺ, ട്രേഡിങ് ആപ്പുകൾ നീക്കണം; ഗൂഗിളിന് നോട്ടീസ് നൽകി പൊലീസ്
text_fieldsതിരുവനന്തപുരം: ഓൺലൈൻ വായ്പ തട്ടിപ്പിനെതിരെ കർശന നടപടിയുമായി കേരള പൊലീസ്. ചൈന, മൗറീഷ്യസ്, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രമായി പ്രവർത്തിക്കുന്ന കൂൾ കാഷ്, സാലറി ഡേ, റാപ്പിഡ് റുപ്പീ, ഫൈബ്, റുപ്പീ പ്രോ, ക്രെഡിറ്റ് ബീ തുടങ്ങി 72 ലോൺ ആപ്പുകളും ട്രേഡിങ് ആപ്പുകളും നീക്കണമെന്നാവശ്യപ്പെട്ട് ഗൂഗിളിനും ഡൊമൈന്‍ രജിസ്ട്രാര്‍ക്കും സൈബര്‍ ഓപറേഷന് എസ്.പി ഹരിശങ്കർ നോട്ടീസ് നൽകി.
ലോണ്‍ ആപ് തട്ടിപ്പിനെക്കുറിച്ചുളള പരാതികളറിയിക്കാന്‍ പൊലീസ് വാട്സ്ആപ് നമ്പര്‍ ഒരുക്കിയിട്ടുണ്ട്. 9497980900 നമ്പറിലാണ് പരാതി നല്‍കേണ്ടത്. 24 മണിക്കൂറും പൊലീസിനെ വിവരങ്ങള്‍ അറിയിക്കാം. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. ടെക്സ്റ്റ്, ഫോട്ടോ, വിഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നല്കാന് കഴിയുക.
വളരെ എളുപ്പത്തില്‍ വായ്പ കിട്ടാനാണ് പലരും അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകളെ ആശ്രയിക്കുന്നത്. അംഗീകൃതമല്ലാത്ത ലോൺ ആപ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ നമ്മുടെ ഫോണിലെ കോണ്ടാക്ട് നമ്പറുകള്‍, ഫോട്ടോകള്‍, വിഡിയോകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഗാലറി മുതലായവ ലഭിക്കാൻ നാം അവര്‍ക്ക് അനുമതി നല്‍കുന്നതായി പൊലീസ് അറിയിച്ചു. ഈ കോണ്ടാക്റ്റ് നമ്പറുകളും ഫോട്ടോകളും ഒക്കെ തന്നെയാണ് നാം നല്കുന്ന ജാമ്യം. കോണ്ടാക്റ്റ് നമ്പറുകളുടെ എണ്ണം കൂടും തോറും നമുക്ക് ലഭിക്കാൻ സാധ്യതയുള്ള തുകയുടെ പരിധി കൂടുന്നു. വായ്പയായി കിട്ടിയ പണം അവര്‍ പറയുന്ന തുകയായി തിരിച്ചടച്ചില്ലെങ്കില്‍ ആദ്യം ഭീഷണിപ്പെടുത്തും. പിന്നെ നിങ്ങളുടെ ഫോണില്‍ നിന്നു ശേഖരിച്ച നിങ്ങളുടെ തന്നെ ചിത്രങ്ങള്‍ നഗ്നദൃശ്യങ്ങളുമായി കൂട്ടിച്ചേര്‍ത്ത് അയച്ചുനല്‍കും. ഇത്തരം ചിത്രങ്ങള്‍ കോണ്ടാക്റ്റ് ലിസ്റ്റിലുള്ള ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒക്കെ അയച്ചുനൽകി ബ്ലാക്ക് മെയിൽ ചെയ്യുകയാണ് പതിവ്. നിരവധി പരാതികളാണ് പൊലീസിന് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.