ഒക്ടോബറിൽ 742 കോവിഡ് മരണം; ഇതുവരെയുണ്ടായ മരണങ്ങളിൽ പകുതി
text_fieldsകൊച്ചി: കോവിഡ് വ്യാപനം തീവ്രമായതോടെ സംസ്ഥാനത്ത് മരണസംഖ്യയും ഉയരുന്നു. ശനിയാഴ്ചവരെ 1484 കോവിഡ് മരണമാണ് സ്ഥിരീകരിച്ചത്.
അതേസമയം, കണക്കിൽപെടാതെ നിരവധി കോവിഡ് മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. മറ്റ് രോഗങ്ങളുണ്ടെങ്കിൽ അത് കോവിഡ് കണക്കിൽ ഉൾപ്പെടുത്താറില്ല. അതുകൂടി കൂട്ടിയാൽ മൂവായിരത്തിലധികം കോവിഡ് മരണം സംസ്ഥാനത്തുണ്ടായി. ഒാരോദിവസവും 20-30 പേരാണ് കോവിഡ് മൂലം കേരളത്തിൽ മരിക്കുന്നത്.
ഒക്ടോബറിലാണ് കോവിഡ് അതിവ്യാപനവും മരണങ്ങളും കൂടുതൽ സംഭവിച്ചത്. ഒരുമാസത്തിൽ 742 കോവിഡ് മരണങ്ങളുണ്ടായി. ഇതുവരെയുണ്ടായ മരണങ്ങളിൽ പകുതിയും ഒക്ടോബറിലാണ് റിപ്പോർട്ട് ചെയ്തത്. 2,36,999 പേർക്ക് കഴിഞ്ഞമാസം രോഗം ബാധിച്ചു.
വരും ദിവസങ്ങളിലും മരണനിരക്കും രോഗവ്യാപനവും ഉയരുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. കോവിഡ് മരണങ്ങളിൽ ഭൂരിഭാഗവും പ്രമേഹമോ ഉയർന്ന രക്തസമ്മർദമോ ഉള്ളവരാണെന്നും കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ ഹൃദ്രോഗികൾ, വൃക്കരോഗികൾ, ശ്വാസകോശ പ്രശ്നമുള്ളവർ, അർബുദബാധിതർ എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നു. മരിച്ചവരിൽ 24 ശതമാനം അതായത് 61 മരണം റിവേഴ്സ് ക്വാറൻറീൻ പരാജയം മൂലമാണ്. അതിനാൽ വരുംദിവസങ്ങളിൽ റിവേഴ്സ് ക്വാറൻറീൻ കർശനമാക്കാനാണ് തീരുമാനം.
പൊതുയിടങ്ങളിൽ ആൾക്കൂട്ടം വർധിക്കുന്നതിനാലാണ് ചെറുപ്പക്കാർ രോഗികളാകുന്നത്. ഇവർ മറ്റുള്ളവരിലേക്ക് അതിവേഗം രോഗംപടർത്തുകയാണ്. പരിശോധന കുറയുന്നതും അതിവ്യാപനത്തിനു വഴിതുറന്നിട്ടുണ്ട്.
ടെസ്റ്റ് പോസിറ്റിവിറ്റി മുൻആഴ്ചയിൽ 6.3 ശതമാനമായിരുന്നു രാജ്യശരാശരി. ഇത് ആറു ശതമാനമായി കുറഞ്ഞപ്പോൾ കേരളത്തിൽ 13.3 ശതമാനമാണ് ശനിയാഴ്ചത്തെ നിരക്ക്. എന്നാൽ, കഴിഞ്ഞയാഴ്ചയിൽ 16 ശതമാനംവരെ ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.