75 ലക്ഷം ലോട്ടറിയടിച്ചു, ഇതരസംസ്ഥാന തൊഴിലാളി ഓടിക്കയറിയത് പൊലീസ് സ്റ്റേഷനിലേക്ക്
text_fieldsകൊച്ചി: തൊഴിൽ തേടി ബോംബയിലേക്ക് പോവുക, ലക്ഷപ്രഭുവായി സ്വന്തം നാട്ടിലേക്ക് തിരികെയെത്തുക, ആഹാ, ഒരുകാലത്ത് മലയാള സിനിമകളിലെ സ്ഥിരം കാഴ്ച. എന്നാൽ ഇനി പറയുന്നത് സിനിമ കഥയല്ല, കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവമാണ്.
റോഡ് ടാറിങ്ങ് ജോലിക്കായി ചോറ്റാനിക്കരയിലെത്തിയ കൊൽക്കത്ത സ്വദേശിയായ എസ്.കെ.ബദേസ് കേരളാ സർക്കാരിന്റെ സ്ത്രീശക്തി ലോട്ടറിയെടുത്തു. റിസൾട്ട് നോക്കിയപ്പോ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ അടിച്ചതാകട്ടെ ബദേസിന്. പിന്നെ പറയേണ്ടല്ലോ, ലക്ഷപ്രഭുവായതിന്‍റെ ഞെട്ടലിലായിരുന്നു ബദേസ്.
എന്നാൽ, ലക്ഷങ്ങൾ കിട്ടുമെന്നറിഞ്ഞ് പകച്ചുപോയ ബദേസ് മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലേക്കാണ് പിന്നീട് ഓടിക്കയറിയത്. കൊൽക്കത്തക്കാരനെ കേരളത്തിലെ ഭാഗ്യദേവത അനുഗ്രഹിച്ച വാർത്ത പുറംലോകം അറിയുന്നത് കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജിലൂടെയാണ്. സംഭവം പൊലീസ് തന്നെ ഫെയ്സ്ബുക് കുറിപ്പിലൂടെ പങ്കുവെക്കുകയായിരുന്നു.
കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
സ്ത്രീശക്തി ലോട്ടറിയുടെ 75 ലക്ഷം രൂപ ഒന്നാം സമ്മാനം അടിച്ച ഞെട്ടലിൽ അന്യസംസ്ഥാന തൊഴിലാളി ഓടിയെത്തിയത് മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലേക്ക്. കൊൽക്കത്ത സ്വദേശിയായ എസ്.കെ.ബദേസ് ആണ് ലോട്ടറി അടിച്ച പരിഭ്രാന്തിയിൽ പൊലീസിന്റെ സഹായം തേടിയെത്തിയത്.
ഒന്നാം സമ്മാനം അടിച്ച കാര്യം അറിഞ്ഞപ്പോൾ എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയ ബദേസ് നേരെ പൊലീസ് സ്റ്റേഷനിലെത്തി പൊലീസുദ്യോഗസ്ഥരോട് കാര്യം പറഞ്ഞു. ആരെങ്കിലും തന്റെ കൈയിൽ നിന്നും ലോട്ടറി തട്ടിയെടുക്കുമോ എന്ന ആശങ്കയിലായിരുന്ന ബദേസിനെ പൊലീസ് ഉദ്യോഗസ്ഥർ ആശ്വസിപ്പിക്കുകയും കൃത്യമായ മാർഗ നിർദേശങ്ങളും ഉപദേശങ്ങളും നൽകുകയും ചെയ്തു.
റോഡ് ടാറിങ് ജോലിക്കായി ചോറ്റാനിക്കരയിലെത്തിയപ്പോഴാണ് ഇയാൾ ലോട്ടറി എടുത്തത്. ഭാഗ്യമായി ലഭിച്ച പണവുമായി കൊൽക്കത്തയിലേക്ക് മടങ്ങാനായി കാത്തിരിക്കുകയാണ് ബദേസ്.75 ലക്ഷം ലോട്ടറിയടിച്ചു, അതിഥി തൊഴിലാളി ഓടിക്കയറിയത് പൊലീസ് സ്റ്റേഷനിലേക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.